വിദ്വേഷപ്രസംഗങ്ങള്‍ ബിജെപിക്ക് തിരിച്ചടിയായി, ഇത്തരക്കാരെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കണം :മനോജ് തിവാരി

ഏത് സാഹചര്യത്തിലായാലും വിവാദപ്രസ്താവനകള്‍ പൊതുസമൂഹത്തിന് മുന്നില്‍ പാര്‍ട്ടിയുടെ മുഖം നഷ്ടപ്പെടുത്തുകയാണ് ചെയ്തത്
വിദ്വേഷപ്രസംഗങ്ങള്‍ ബിജെപിക്ക് തിരിച്ചടിയായി, ഇത്തരക്കാരെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കണം :മനോജ് തിവാരി

ന്യൂഡല്‍ഹി : ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് കനത്ത തിരിച്ചടി നേരിട്ടതില്‍ നേതാക്കളുടെ വിദ്വേഷ പ്രസംഗവും കാരണമായതായി പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ മനോജ് തിവാരി. വിവാദപ്രസംഗങ്ങള്‍ നടത്തിയ മുതിര്‍ന്ന പാര്‍ട്ടി നേതാക്കള്‍ക്കെതിരെ രൂക്ഷമായ ഭാഷയിലാണ് തിവാരി വിമര്‍ശനം ഉന്നയിച്ചത്. ഇത്തരത്തില്‍ വിദ്വേഷപ്രസംഗം നടത്തുന്ന നേതാക്കന്മാരെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പൗരത്വ നിയമത്തിനെതിരെ പ്രതിഷേധിച്ചവര്‍ രാജ്യദ്രോഹികളാണെന്നും, അവരെ വെടിവെച്ച് കൊല്ലണമെന്നുമാണ് ബിജെപി നേതാവ് കപില്‍ മിശ്ര ആവശ്യപ്പെട്ടത്. ബിജെപി എംപി പര്‍വേഷ് വര്‍മ്മ മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിനെ തീവ്രവാദി എന്നു വിളിച്ചു. കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍ അതിനെ പിന്തുണച്ച് രംഗത്തുവരികയും ചെയ്തു.

ഏത് സാഹചര്യത്തിലായാലും ഇത്തരം വിവാദപ്രസ്താവനകള്‍ പൊതുസമൂഹത്തിന് മുന്നില്‍ പാര്‍ട്ടിയുടെ മുഖം നഷ്ടപ്പെടുത്തുകയാണ് ചെയ്തത്. ഇത്തരം വിദ്വേഷപ്രസംഗം നടത്തുന്നവരെ പാര്‍ട്ടിയില്‍ നിന്നും എന്നന്നേക്കുമായി ഒഴിവാക്കുകയാണ് വേണ്ടത്. ഇത്തരത്തില്‍ വിദ്വേഷപ്രസംഗം നടത്തുന്നവര്‍ക്ക് നിയമപരമായ ഒരു സഹായവും കിട്ടാത്ത തരത്തില്‍ പുതിയൊരു സിസ്റ്റം ആരംഭിക്കണം. വ്യക്തിപരമായി താനതിനെ പിന്തുണയ്ക്കുന്നുവെന്നും മനോജ് തിവാരി പറഞ്ഞു.

അരവിന്ദ് കെജരിവാളിനെതിരെ ബിജെപിക്ക് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ഉണ്ടാകാതിരുന്നതും പാര്‍ട്ടിയുടെ പരാജയത്തിന് കാരണമായി. ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പില്‍ 70 അംഗ നിയമസഭയില്‍ ബിജെപിക്ക് എട്ടു സീറ്റുകള്‍ മാത്രമാണ് ലഭിച്ചത്. 70 ല്‍ 62 സീറ്റുകളും കരസ്ഥമാക്കി, മൃഗീയഭൂരിപക്ഷത്തോടെയാണ് ആംആദ്മി പാര്‍ട്ടി ഡല്‍ഹിയില്‍ അധികാരം നിലനിര്‍ത്തിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com