എല്ലാവര്‍ക്കും ഇഷ്ടം, എങ്കിലും മോദി കടുപ്പക്കാരന്‍; പ്രശംസയില്‍ മൂടി ട്രംപ് (വിഡിയോ)

അമേരിക്ക ഇന്ത്യയെ സ്‌നഹേിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നു. ഇന്ത്യന്‍ ജനതയ്ക്ക് അമേരിക്ക എക്കാലത്തും വിശ്വാസ്യതയുള്ള സുഹൃത്തായിരിക്കും
എല്ലാവര്‍ക്കും ഇഷ്ടം, എങ്കിലും മോദി കടുപ്പക്കാരന്‍; പ്രശംസയില്‍ മൂടി ട്രംപ് (വിഡിയോ)

അഹമ്മദാബാദ്: മൊട്ടേര സ്റ്റേഡിയത്തില്‍ ഒരു ലക്ഷത്തോളം പേരെ സാക്ഷി നിര്‍ത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസ കൊണ്ടു മൂടി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. കഠിനാധ്വാനത്തിന്റെയും സമര്‍പ്പണത്തിന്റെയും ജീവിക്കുന്ന തെളിവാണ് മോദിയെന്ന് ട്രംപ് പറഞ്ഞു. എല്ലാവരാലും സ്‌നേഹിക്കപ്പെടുന്നുണ്ടെങ്കിലും ശരിക്കും കടുപ്പക്കാരനാണ് മോദിയെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.

നമസ്‌തേ ട്രംപ് പരിപാടിയില്‍ നമസ്‌തേ പറഞ്ഞുകൊണ്ടായിരുന്നു ട്രംപ് പ്രസംഗം ആരംഭിച്ചത്. ''അഞ്ചു മാസം മുമ്പ് നിങ്ങളുടെ മഹാനായ പ്രധാനമന്ത്രിയെ ടെക്‌സസിലെ ഫുട്‌ബോള്‍ സ്‌റ്റേഡിയത്തില്‍ അമേരിക്ക സ്വാഗതം ചെയ്തു. ഇന്ന് ലോകത്തെ ഏറ്റവും വലിയ ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ നിങ്ങള്‍ ഞങ്ങളെ സ്വാഗതം ചെയ്യുന്നു. ഈ ആതിഥ്യ മര്യാദ ഞങ്ങള്‍ എന്നും ഓര്‍ക്കും. ഇന്ത്യ ഇന്നു ഞങ്ങളുടെ ഹൃദയത്തില്‍ പ്രത്യേക ഇടം പിടിച്ചിരിക്കുന്നു.'' -ട്രംപ് പറഞ്ഞു. 

അമേരിക്ക ഇന്ത്യയെ സ്‌നഹേിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നു. ഇന്ത്യന്‍ ജനതയ്ക്ക് അമേരിക്ക എക്കാലത്തും വിശ്വാസ്യതയുള്ള സുഹൃത്തായിരിക്കും. 

പ്രധാനമന്ത്രി മോദി ഒരു ചായ് വാല ആയാണ് ജീവിതം തുടങ്ങിയത്. അദ്ദേഹം ചായക്കാരനായി ജോലി ചെയ്തു. ഇന്ന് എല്ലാവരും അദ്ദേഹത്തെ സ്‌നേഹിക്കുന്നു. എന്നാല്‍ ഞാന്‍ ഒന്നു പറയാം, അദ്ദേഹം ശരിക്കും കടുപ്പക്കാരനാണ്.

''മോദി ഗുജറാത്തിന്റെ മാത്രം അഭിമാനമല്ല. കഠിനാധ്വാനം, സമര്‍പ്പണം എന്നിവയുടെ ജീവിക്കുന്ന തെളിവാണ് താങ്കള്‍. ഇന്ത്യക്കാര്‍ക്ക് എന്തും, ആഗ്രഹിക്കുന്ന എന്തും നേടിയെടുക്കാനാവും. പ്രധാനമന്ത്രി അവിശ്വസനീയമായ ഒരു ഉയര്‍ച്ചയുടെ ചലിക്കുന്ന കഥയാണ്.'' - ട്രംപ് പറഞ്ഞു.

യുഎസും ഇന്ത്യയും ഭീകരവാദികള്‍ക്കെതിരായ പോരാട്ടത്തില്‍ ഒന്നിച്ചുനില്‍ക്കാന്‍ പ്രതിജ്ഞാബദ്ധരാണ്. ഭീകരരെ അമര്‍ച്ചചെയ്യുന്നതിന് പാകിസ്ഥാനെ പ്രേരിപ്പിക്കാന്‍ യുഎസ് ഭരണകൂടം നിരന്തര ശ്രമം നടത്തുന്നുണ്ടെന്ന് ട്രംപ് പറഞ്ഞു. പാകിസ്ഥാനുമായി അമേരിക്കയ്ക്ക് നല്ല ബന്ധമാണുള്ളത്. അവര്‍ ഈ ലക്ഷ്യത്തിലേക്കു നീങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് യുഎസ് പ്രസിഡന്റ് പ്രതീക്ഷ പ്രകടിപ്പിച്ചു. 

ഒരു ലക്ഷത്തിലേറെ പേര്‍ തിങ്ങി നിറഞ്ഞ സ്റ്റേഡിയത്തിലാണ് നമസ്‌തേ ട്രംപ് പരിപാടി നടന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com