ഡല്‍ഹി സംഘര്‍ഷം: പൊലീസുകാരന്‍ ഉള്‍പ്പെടെ നാലുപേര്‍ മരിച്ചു; വാഹനങ്ങളും വീടുകളും കത്തിച്ചു, കൂടുതല്‍ സേനയെ വിന്യസിച്ചു

പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ചും പ്രതികൂലിച്ചും ഇരുവിഭാഗങ്ങള്‍ തമ്മില്‍ നടന്ന ഏറ്റുമുട്ടലില്‍ മരിച്ചവരുടെ എണ്ണം നാലായി
ഡല്‍ഹി സംഘര്‍ഷം: പൊലീസുകാരന്‍ ഉള്‍പ്പെടെ നാലുപേര്‍ മരിച്ചു; വാഹനങ്ങളും വീടുകളും കത്തിച്ചു, കൂടുതല്‍ സേനയെ വിന്യസിച്ചു

ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ചും പ്രതികൂലിച്ചും ഇരുവിഭാഗങ്ങള്‍ തമ്മില്‍ നടന്ന ഏറ്റുമുട്ടലില്‍ മരിച്ചവരുടെ എണ്ണം നാലായി. പൊലീസുകാരന്‍ ഉള്‍പ്പെടെ നാലുപേര്‍ മരിച്ചതായി ടൈംസ് നൗ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതില്‍ രണ്ടുപേര്‍ സാധാരണക്കാരാണ്. മൂന്നാമത്തെ ആള്‍ എങ്ങനെയാണ് മരിച്ചതെന്ന കാര്യം വ്യക്തമായിട്ടില്ല. ക്രമസമാധാനപാലനം സാധ്യമാക്കാന്‍ ഡല്‍ഹി പൊലീസിനെ പിന്തുണച്ച് എല്ലാവരും രംഗത്തുവരണമെന്ന് സ്‌പെഷ്യല്‍ കമ്മീഷണര്‍ സതീഷ് ഗോല്‍ച്ച അഭ്യര്‍ത്ഥിച്ചു. സംഭവത്തില്‍ ഉത്തരവാദികളായവര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം മുന്നറിയിപ്പ് നല്‍കി.

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഇന്ത്യന്‍ സന്ദര്‍ശനവേളയിലാണ് സംഘര്‍ഷം ഉടലെടുത്തത്. വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ മൗജ്പൂര്‍, ജാഫ്രാബാദ് , ഭജന്‍പുര എന്നിവിടങ്ങളിലാണ് പൗരത്വ നിയമ ഭേദഗതിയെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും തമ്മില്‍ വീണ്ടും ഏറ്റുമുട്ടിയത്. ഇന്നലത്തേതില്‍ നിന്ന് വ്യത്യസ്തമായി ഇരുവിഭാഗങ്ങളും തമ്മിലുളള ഏറ്റുമുട്ടല്‍ ഇന്ന് അക്രമാസക്തമാകുകയായിരുന്നു.

സംഘര്‍ഷത്തിനിടെ കല്ലേറില്‍ പരിക്കേറ്റാണ് പൊലീസുകാരന്‍ മരിച്ചത്. ഹെഡ്‌കോണ്‍സ്റ്റബിള്‍ രത്തന്‍ലാലാണ് മരിച്ചത്. മറ്റൊരു പൊലീസ് ഉദ്യോഗസ്ഥന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. കല്ലേറില്‍ പരിക്കേറ്റാണ് രണ്ടു സാധാരണക്കാര്‍ മരിച്ചത്. പ്രതിഷേധം വ്യാപകമായതിന് പിന്നാലെ വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ പത്തിടങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.നിരവധി വാഹനങ്ങളും വീടുകളും അഗ്നിക്കിരയാക്കി. സ്ഥിതിഗതികള്‍ നിയന്ത്രിക്കുന്നതിനായി ഡല്‍ഹി പൊലീസ് കണ്ണീര്‍ വാതക ഷെല്ലുകള്‍ പ്രയോഗിച്ചു. അക്രമം വര്‍ധിച്ചതിനെ തുടര്‍ന്ന് സമാധാനം പുനഃസ്ഥാപിക്കാന്‍ അര്‍ധസൈനികരെ വിളിപ്പിച്ചു.

സംഭവത്തില്‍ ഉത്തരവാദികളായവര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കാന്‍ ഡല്‍ഹി പൊലീസിനോട് ആവശ്യപ്പെട്ടതായി കേന്ദ്ര ആഭ്യന്തര സഹമന്ത്രി ജി കിഷന്‍ റെഡ്ഡി അറിയിച്ചു. കേന്ദ്രആഭ്യന്തര മന്ത്രാലയം സ്ഥിതിഗതികള്‍ നിരീക്ഷിച്ചു വരികയാണ്. അമേരിക്കന്‍ പ്രസിഡന്റിന്റെ ഇന്ത്യന്‍ സന്ദര്‍ശനവേളയില്‍ നടന്ന ആക്രമണം ആസൂത്രിതമാണ്. ഇതിനെ അപലപിക്കുന്നു. അക്രമസംഭവങ്ങളെ കേന്ദ്രസര്‍ക്കാര്‍ വച്ചുപൊറുപ്പിക്കില്ല. ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com