ട്രംപ് - മോദി കൂടിക്കാഴ്ച ഇന്ന് ഡൽഹിയിൽ ; കരാറുകളിലും ധാരണാപത്രങ്ങളിലും ഒപ്പുവെക്കും 

രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഒരുക്കുന്ന അത്താഴ വിരുന്നിലും ട്രംപ് ഇന്ന് പങ്കെടുക്കും
ട്രംപ് - മോദി കൂടിക്കാഴ്ച ഇന്ന് ഡൽഹിയിൽ ; കരാറുകളിലും ധാരണാപത്രങ്ങളിലും ഒപ്പുവെക്കും 

ന്യൂഡല്‍ഹി: രണ്ടുദിവസത്തെ  ഇന്ത്യാസന്ദര്‍ശനത്തിന് എത്തിയ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇന്ന് ഹൈദരാബാദ് ഹൗസില്‍ മോദിയുമായി കൂടിക്കാഴ്ച നടത്തും. ഇന്ന് രാവിലെ പത്തുമണിക്ക് രാഷ്ട്രപതി ഭവനില്‍ ട്രംപിന് സ്വീകരണം നല്‍കും. ഉച്ചയ്ക്ക് ശേഷമാണ് ഹൈദരാബാദ് ഹൗസില്‍ പ്രധാനമന്ത്രി മോദിയും ട്രംപും തമ്മിലുള്ള കൂടിക്കാഴ്ച. 

രാവിലെ രാഷ്ട്രപതി ഭവനിലെ സ്വീകരണ പരിപാടികൾക്ക് ശേഷം ട്രംപ് രാജ്ഘട്ടിലെത്തി മഹാത്മാഗാന്ധിക്ക് ആദരാഞ്ജലി അര്‍പ്പിക്കും. ഉച്ചകഴിഞ്ഞുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ഇരുരാജ്യങ്ങളും വിവിധ കരാറുകളിലും ധാരണാപത്രങ്ങളിലും ഒപ്പുവെക്കും.

രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഒരുക്കുന്ന അത്താഴ വിരുന്നിലും ട്രംപ് ഇന്ന് പങ്കെടുക്കും. എന്നാൽ കോൺ​ഗ്രസ് നേതാക്കൾ അത്താഴവിരുന്നിൽ പങ്കെടുക്കില്ലെന്നാണ് വിവരം. കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവും പാര്‍ട്ടി അധ്യക്ഷയുമായ സോണിയാഗാന്ധിയെ അത്താഴ വിരുന്നിന് ക്ഷണിക്കാത്തതാണ് നേതാക്കള്‍ പങ്കെടുക്കാത്തതിന് കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം രാഷ്ട്രപതിയുടെ അത്താഴവിരുന്നില്‍ മുഖ്യ പ്രതിപക്ഷ പാര്‍ട്ടിയുടെ അധ്യക്ഷനെ ക്ഷണിക്കുന്ന പതിവില്ലെന്നാണ് ഔദ്യോഗിക വൃത്തങ്ങള്‍ പറയുന്നത്. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്, രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് ഗുലാംനബി ആസാദ്, ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി എന്നിവരാണ് വിരുന്നിൽ നിന്ന് വിട്ടുനിൽക്കുന്നത്. 

ലോക്‌സഭയിലെയും രാജ്യസഭയിലെയും പ്രതിപക്ഷ നേതാക്കള്‍ അടക്കമുള്ളവരെയാണ് രാഷ്ട്രപതിയുടെ അത്താഴ വിരുന്നിലേക്ക് ക്ഷണിച്ചിരിക്കുന്നത്. എന്നാല്‍, പ്രതിപക്ഷത്തെ നേതാക്കളുമായി കൂടിക്കാഴ്ച നടത്തുന്നകാര്യം ട്രംപിന്റെ സന്ദര്‍ശന പരിപാടിയില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. ട്രംപിന്റെ രണ്ടു ദിവസത്തെ സന്ദര്‍ശന പരിപാടികളിലേക്കൊന്നും കോണ്‍ഗ്രസ് നേതാക്കളെ ക്ഷണിച്ചിട്ടില്ലെന്ന് പാര്‍ട്ടി വ്യക്തമാക്കിയിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com