ആരും നിയമത്തിന് അതീതരല്ല; വിദ്വേഷ പ്രസംഗങ്ങളില്‍ നടപടി വേണം; പൊലീസിന് ഹൈക്കോടതി നിര്‍ദേശം

വിദ്വേഷ പ്രസംഗം നടത്തിയതിന് കേസെടുക്കാതിരുന്നാല്‍ ഉണ്ടാവുന്ന പ്രത്യാഘാതങ്ങള്‍ ഗൗരവത്തോടെ കാണണമെന്ന് ജസ്റ്റിസ് എസ് മുരളീധര്‍
ആരും നിയമത്തിന് അതീതരല്ല; വിദ്വേഷ പ്രസംഗങ്ങളില്‍ നടപടി വേണം; പൊലീസിന് ഹൈക്കോടതി നിര്‍ദേശം

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വിദ്വേഷ പ്രസംഗങ്ങള്‍ നടത്തിയ ബിജെപി നേതാക്കള്‍ക്കെതിരെ കേസെടുക്കുന്നതില്‍ നാളെയ്ക്കകം തീരുമാനമെടുക്കാന്‍ ഹൈക്കോടതി നിര്‍ദേശം. കപില്‍ മിശ്ര, അനുരാഗ് ഠാക്കൂര്‍, പര്‍വേശ് വര്‍മ, അഭയ് വര്‍മ എന്നിവരുടെ പ്രസംഗങ്ങള്‍ പരിശോധിച്ച് നടപടിയെടുക്കാനാണ് ജസ്റ്റിസ് എസ് മുരളീധര്‍ പൊലീസിനു നിര്‍ദേശം നല്‍കിയത്. കേസ് വീണ്ടും നാളെ പരിഗണിക്കും.

ആരും നിയമത്തിന് അതീതരല്ലെന്നു ചൂണ്ടിക്കാട്ടിയ കോടതി ലളിതകുമാരി കേസിലെ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കാന്‍ പൊലീസിനു നിര്‍ദേശം നല്‍കി. നാളെത്തന്നെ വിഡിയോകള്‍ പരിശോധിച്ച് കമ്മിഷണര്‍ തുടര്‍ നടപടിയെടുക്കണമെന്ന് കോടതി നിര്‍ദേശിച്ചു. വിദ്വേഷ പ്രസംഗം നടത്തിയതിന് കേസെടുക്കാതിരുന്നാല്‍ ഉണ്ടാവുന്ന പ്രത്യാഘാതങ്ങള്‍ ഗൗരവത്തോടെ കാണണമെന്ന് ജസ്റ്റിസ് എസ് മുരളീധര്‍ പറഞ്ഞു. 

നഗരം കത്തുമ്പോഴും നടപടിയെടുക്കാതിരുന്ന പൊലീസിനെ കോടതി രൂക്ഷമായി വിമര്‍ശിച്ചു. ഡല്‍ഹി ലഫ്. ജനറലിനു വേണ്ടി ഹാജരായ സോളിസിറ്റര്‍ തുഷാര്‍ മേത്തയും കോടതിയുടെ വിമര്‍ശനത്തിന് ഇരയായി. 

ഡല്‍ഹിയില്‍ സ്ഥിതിഗതികള്‍ അങ്ങേയറ്റം മോശമാണെന്ന് ജസ്റ്റിസ് എസ് മുരളീധര്‍ നിരീക്ഷിച്ചു. ബിജെപി നേതാവ് കപില്‍ മിശ്ര നടത്തിയ വിദ്വേഷ പ്രസംഗം കേട്ടില്ലെന്നു പറഞ്ഞ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയ്ക്കായി തുറന്ന കോടതിയില്‍ പ്രസംഗം കേള്‍പ്പിച്ചു.

ബിജെപി നേതാക്കളുടെ വിദ്വേഷപ്രസംഗങ്ങളെക്കുറിച്ച് അറിയില്ലേയെന്നു കോടതി ചോദിച്ചു. പ്രസംഗം കണ്ടിട്ടില്ലെന്നായിരുന്നു തുഷാര്‍ മേത്തയുടെ മറുപടി. ആയിരങ്ങള്‍ കണ്ടു, ജനങ്ങള്‍ ഇപ്പോഴും കണ്ടുകൊണ്ടിരിക്കുന്നു, എന്നിട്ടും നിങ്ങള്‍ കണ്ടില്ലേയെന്നു ചോദിച്ച ജസ്റ്റിസ് എസ് മുരളീധരന്‍ തുറന്ന കോടതിയില്‍ വിഡിയോ പ്ലേ ചെയ്യാന്‍ ആവശ്യപ്പെട്ടു. 

ഹര്‍ജികള്‍ക്ക് അടിയന്തരപ്രാധാന്യം ഇല്ലെന്ന സോളിസിറ്റര്‍ ജനറലിന്റെ വാദം കോടതി തള്ളി. കുറ്റവാളികള്‍ക്കെതിരെ കേസെടുക്കണം എന്നത് അടിയന്തരവിഷയമല്ലേയെന്ന് കോടതി ചോദിച്ചു. സോളിസിറ്റര്‍ ജനറല്‍ നിയമ ഉദ്യോഗസ്ഥനായി പെരുമാണമെന്ന് ജസ്റ്റിസ് എസ് മുരളീധര്‍ പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com