ഇനി ഒരു 1984 അനുവദിക്കാനാവില്ല, നമ്മള്‍ ജാഗ്രത പുലര്‍ത്തണം; ഡല്‍ഹി ഹൈക്കോടതി

1984 ലെ സിഖ് കലാപത്തിന് സമാനമായ സാഹചര്യം ഉണ്ടാവാന്‍ അനുവദിക്കരുതെന്ന് രാജ്യതലസ്ഥാനത്ത് അരങ്ങേറിയ കലാപം സൂചിപ്പിച്ച് ഡല്‍ഹി ഹൈക്കോടതി
ഇനി ഒരു 1984 അനുവദിക്കാനാവില്ല, നമ്മള്‍ ജാഗ്രത പുലര്‍ത്തണം; ഡല്‍ഹി ഹൈക്കോടതി

ന്യൂഡല്‍ഹി: 1984 ലെ സിഖ് കലാപത്തിന് സമാനമായ സാഹചര്യം ഉണ്ടാവാന്‍ അനുവദിക്കരുതെന്ന് രാജ്യതലസ്ഥാനത്ത് അരങ്ങേറിയ കലാപം സൂചിപ്പിച്ച് ഡല്‍ഹി ഹൈക്കോടതി. ഇക്കാര്യത്തില്‍ നമ്മള്‍ ജാഗ്രത പുലര്‍ത്തണമെന്നും കോടതി മുന്നറിയിപ്പ് നല്‍കി. ജനങ്ങളുടെ പുനരധിവാസം ഉള്‍പ്പെടെയുളള പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് അഭിഭാഷക സുബൈദ ബീഗത്തെ അമിക്കസ് ക്യൂറിയായും കോടതി നിയോഗിച്ചു. ഡല്‍ഹിയില്‍ ഇരുവിഭാഗങ്ങള്‍ തമ്മിലുളള സംഘര്‍ഷത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങളെയും ഇരകളെയും നേരിട്ട് കാണാന്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളില്‍ ഭരണഘടന പദവി വഹിക്കുന്നവരോട് കോടതി നിര്‍ദേശിച്ചു. നാട്ടില്‍ നിയമം നിലനില്‍ക്കുന്നുണ്ട് എന്ന് ജനത്തെ ബോധ്യപ്പെടുത്താന്‍ ഇത് അനിവാര്യമാണെന്നും കോടതി നിരീക്ഷിച്ചു.

കലാപങ്ങളില്‍ പരിക്കേല്‍ക്കുന്നവര്‍ക്ക് ചികിത്സ കിട്ടാന്‍ ഒരു വഴിയുമില്ലെന്നും അടിയന്തരമായി ഇടപെടണമെന്നും ആവശ്യപ്പെട്ടുളള ഹര്‍ജിയിലാണ് കോടതിയുടെ ഇടക്കാല ഉത്തരവ്. അര്‍ദ്ധരാത്രി അടിയന്തരമായി പരിഗണിച്ച ഹര്‍ജിയില്‍ ഇന്ന് ഉച്ചയ്ക്ക് ശേഷവും വീണ്ടും കോടതി വാദം കേള്‍ക്കുകയായിരുന്നു. തുടര്‍ന്ന് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ച കോടതി കൂടുതല്‍ വാദം കേള്‍ക്കുന്നതിനായി ഹര്‍ജി ഫെബ്രുവരി 28ലേക്ക് മാറ്റി. ജസ്റ്റിസ് എസ് മുരളീധര്‍, അനുപ് ജെ ഭാംഭാനി എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.

കലാപത്തില്‍ ഇരകളായവര്‍ക്ക് അടിയന്തരമായി ചികിത്സ ഉറപ്പാക്കണമെന്നും ഉച്ചയോടെ തത്സമയവിവര റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും അര്‍ദ്ധരാത്രി വസതിയില്‍ വച്ച് വാദം കേട്ട ജസ്റ്റിസ് എസ് മുരളീധര്‍ നിര്‍ദേശിച്ചിരുന്നു. ഇതനുസരിച്ച് പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത് ഉള്‍പ്പെടെയുളള നടപടികള്‍ സ്വീകരിച്ച ഡല്‍ഹി പൊലീസിന്റെ നടപടിയെ ഹൈക്കോടതി പ്രകീര്‍ത്തിച്ചു. അതേസമയം കലാപത്തിനിടെ ഐബി ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടത് ഭൗര്‍ഭാഗ്യകരമെന്നും കോടതി നിരീക്ഷിച്ചു.

വാദത്തിനിടെ, സംഘര്‍ഷത്തില്‍ മരിച്ചവരുടെ ശവസംസ്‌കാരച്ചടങ്ങുകള്‍ക്ക് സുരക്ഷ ഉറപ്പുവരുത്തണമെന്നും  കോടതി പറഞ്ഞു. വീടുകള്‍ നഷ്ടപ്പെട്ടവരുടെ പുനരധിവാസം ഉറപ്പുവരുത്താന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണം. പുതപ്പ്, കുടിവെളളം, ആരോഗ്യപരിപാലനം എന്നിവ ഉറപ്പുവരുത്താന്‍ വേണ്ട നടപടികള്‍ അധികൃതര്‍ സ്വീകരിക്കണമെന്നും കോടതി ഉത്തരവിട്ടു.അടിയന്തര സഹായം വേണ്ട ഘട്ടങ്ങളില്‍ വാദം കേള്‍ക്കാന്‍ രാത്രിയില്‍ ഒരു മജിസ്‌ട്രേറ്റിന്റെ സേവനം അനുവദിക്കുന്ന കാര്യം പരിഗണിച്ചുവരികയാണെന്നും കോടതി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com