ഒടുവില്‍ കോണ്‍ഗ്രസ് ഇറങ്ങുന്നു; രാഷ്ട്രപതി ഭവനിലേക്ക് മാര്‍ച്ച്, സമാധാനം പുനഃസ്ഥാപിക്കണം എന്നാവശ്യം

കലാപ ബാധിത പ്രദേശങ്ങളില്‍ സമാധാനം പുനഃസ്ഥാപിക്കണം എന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് രാഷ്ട്രപതി ഭവനിലേക്ക് മാര്‍ച്ച് നടത്തും.
ഒടുവില്‍ കോണ്‍ഗ്രസ് ഇറങ്ങുന്നു; രാഷ്ട്രപതി ഭവനിലേക്ക് മാര്‍ച്ച്, സമാധാനം പുനഃസ്ഥാപിക്കണം എന്നാവശ്യം

ന്യൂഡല്‍ഹി: കലാപ ബാധിത പ്രദേശങ്ങളില്‍ സമാധാനം പുനഃസ്ഥാപിക്കണം എന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് രാഷ്ട്രപതി ഭവനിലേക്ക് മാര്‍ച്ച് നടത്തും. കലാപത്തിന്റെ പശ്ചാത്തലത്തില്‍ അധ്യക്ഷ സോണിയ ഗാന്ധി വിളിച്ചു ചേര്‍ത്ത അടിയന്തര പ്രവര്‍ത്തക സമിതി യോഗത്തിലാണ് മാര്‍ച്ച് നടത്താന്‍ തീരുമാനമായത്. സമാധാനം പുനഃസ്ഥാപിക്കണം എന്നാവശ്യപ്പെട്ട് രാഷ്ട്രപതിക്ക് പാര്‍ട്ടി നിവേദനം നല്‍കും. 

കോണ്‍ഗ്രസ് ആസ്ഥാനത്തു ചേര്‍ന്ന യോഗത്തില്‍ സോണിയയെക്കൂടാതെ, പ്രിയങ്കാ ഗാന്ധി, പി ചിദംബരം, ജ്യോതിരാദിത്യ സിന്ധ്യ തുടങ്ങിയ നേതാക്കള്‍ പങ്കെടുത്തു. രാഹുല്‍ ഗാന്ധി യോഗത്തില്‍ പങ്കെടുത്തില്ലെന്നാണ് സൂചന. രാഹുല്‍ രാജ്യത്തില്ലെന്ന് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.

കക്ഷിരാഷ്ട്രീയത്തിന് അതീതമായി ഉയര്‍ന്നു പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞ ദിവസം പാര്‍ട്ടി പ്രധാനമന്ത്രി നരേന്ദ്രമോദിയോടും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിനോടും അഭ്യര്‍ഥിച്ചിരുന്നു.

അതേസമയം, കലാപത്തില്‍ മരിച്ചവരുടെ എണ്ണം 20ആയി. 180ഓളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. വടക്കു കിഴക്കന്‍ ഡല്‍ഹിയിലെ അക്രമം അമര്‍ച്ച ചെയ്യാന്‍ പൊലീസിനാവുന്നില്ലെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ പറഞ്ഞു. എത്രയും പെട്ടെന്ന് സൈന്യത്തെ വിളിക്കുകയും കലാപ ബാധിത പ്രദേശങ്ങളില്‍ കര്‍ഫ്യൂ പ്രഖ്യാപിക്കുകയും ചെയ്യണമെന്ന് കെജരിവാള്‍ ആവശ്യപ്പെട്ടു.

രാത്രി മുഴുവന്‍ ജനങ്ങളുമായി ബന്ധപ്പെട്ടുകൊണ്ടിരിക്കുകയായിരുന്നെന്ന് കെജരിവാള്‍ ട്വീറ്റ് ചെയ്തു. സ്ഥിതി ഗുരുതരമാണ്. പൊലീസ് ആഞ്ഞു ശ്രമിച്ചിട്ടും സ്ഥിതി നിയന്ത്രണത്തില്‍ ആക്കാനാവുന്നില്ല. എത്രയും പെട്ടെന്ന സൈന്യത്തെ വിളിക്കുകയും കര്‍ഫ്യൂ പ്രഖ്യാപിക്കുകയും വേണംകെജരിവാള്‍ പറഞ്ഞു.

ഇതിനിടെ സംഭവങ്ങളുമായി ബന്ധപ്പെട്ട് ഡല്‍ഹി ഹൈക്കോടതി പൊലീസിന് നോട്ടീസ് അയച്ചു. സീനിയര്‍ ഉദ്യോഗസ്ഥരോട് നേരിട്ടു ഹാജരാവാന്‍ കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com