ഡല്‍ഹി പൊലീസിന് പ്രൊഫഷണലിസമില്ല ; ഉത്തരവിന് കാത്തിരിക്കുകയല്ല, നിയമപരമായ നടപടിയാണ് സ്വീകരിക്കേണ്ടത് ;രൂക്ഷവിമര്‍ശനവുമായി സുപ്രീംകോടതി

പ്രകോപനപരമായ പ്രസംഗങ്ങള്‍ ഉണ്ടാകുമ്പോള്‍ പൊലീസ് അപ്പോള്‍ തന്നെ നടപടി എടുക്കണമായിരുന്നു
ഡല്‍ഹി പൊലീസിന് പ്രൊഫഷണലിസമില്ല ; ഉത്തരവിന് കാത്തിരിക്കുകയല്ല, നിയമപരമായ നടപടിയാണ് സ്വീകരിക്കേണ്ടത് ;രൂക്ഷവിമര്‍ശനവുമായി സുപ്രീംകോടതി

ന്യൂഡല്‍ഹി : ഡല്‍ഹി കലാപം നേരിടുന്നതില്‍ ഡല്‍ഹി പൊലീസിന് സുപ്രീംകോടതിയുടെ രൂക്ഷ വിമര്‍ശനം. ഷഹീന്‍ബാഗിലെ പ്രതിഷേധക്കാരെ ഒഴിപ്പിക്കണമെന്ന ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു ജസ്റ്റിസ് എസ് കെ കൗള്‍, കെ എം ജോസഫ് എന്നിവരടങ്ങിയ ബെഞ്ചിന്റെ വിമര്‍ശനം. ഡല്‍ഹി പൊലീസിന്റെ നടപടികളില്‍ പ്രൊഫഷണലിസമില്ല. കര്‍ക്കശമായ നടപടികള്‍ ഉണ്ടാകണമായിരുന്നു. പൊലീസ് സേന പ്രൊഫഷണലുകളായിരുന്നെങ്കില്‍ സ്ഥിതിഗതികള്‍ ഇത്രത്തോളം വഷളാകുമായിരുന്നില്ല. ഇത്രയും ജനങ്ങളുടെ ജീവന്‍ നഷ്ടമായത് ചെറുതായി കാണാനാവില്ല. ബ്രിട്ടനിലെയും അമേരിക്കയിലെയും പൊലീസിനെ ഡല്‍ഹി പൊലീസ് കണ്ടു പഠിക്കണമെന്നും ജസ്റ്റിസ് കെ എം ജോസഫ് അഭിപ്രായപ്പെട്ടു.

പൊലീസിന്റെ കണ്‍മുന്നിലാണ് അക്രമങ്ങള്‍ അരങ്ങേറിയത്. അകമങ്ങളെ നിയമപരമായി തന്നെ നേരിടണമായിരുന്നു. പ്രകോപനപരമായ പ്രസംഗങ്ങള്‍ ഉണ്ടാകുമ്പോള്‍ പൊലീസ് അപ്പോള്‍ തന്നെ നടപടി എടുക്കണമായിരുന്നു. അതിന് ഉത്തരവിനായി കാത്തിരിക്കരുതെന്നും സുപ്രീം കോടതി അഭിപ്രായപ്പെട്ടു. ഇത്തരം സന്ദര്‍ഭങ്ങളില്‍ ഉത്തരവിനായി ബ്രിട്ടീഷ് പൊലീസ് കാത്തിരിക്കുകയല്ല, പകരം കടുത്ത നടപടി എടുക്കുകയാണ് ചെയ്യുന്നതെന്നും കോടതി അഭിപ്രായപ്പെട്ടു. സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയുടെ വാദങ്ങളോട് കോടതി അതൃപ്തി പ്രകടിപ്പിച്ചു. സോളിസിറ്റര്‍ ജനറല്‍ ഭരണഘടനയോട് കൂറുപുലര്‍ത്തണമെന്ന് കോടതി ആവശ്യപ്പെട്ടു.

ഡല്‍ഹിയിലെ സ്ഥിതിഗതികള്‍ ശാന്തമാകാന്‍ എല്ലാവരും ഇടപെടണമെന്ന് രാഷ്ട്രീയപാര്‍ട്ടികളോടും സുപ്രീംകോടതി അഭ്യര്‍ത്ഥിച്ചു. അക്രമമല്ല, ആരോഗ്യകരമായ ചര്‍ച്ചയാണ് ഉണ്ടാകേണ്ടത്. കലാപത്തെക്കുറിച്ച് കോടതിയുടെ മേല്‍നോട്ടത്തില്‍ പ്രത്യേകസംഘം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ് നല്‍കിയ ഹര്‍ജി സുപ്രീംകോടതി സ്വീകരിച്ചില്ല. കേസ് ഇപ്പോള്‍ ഡല്‍ഹി ഹൈക്കോടതിയുടെ പരിഗണനയിലാണ്. അതിനാല്‍ ഇപ്പോള്‍ ഇടപെടുന്നില്ല. ഷഹീന്‍ബാഗ് കേസ് മാത്രമാണ് പരിഗണിക്കുന്നത്. മധ്യസ്ഥ റിപ്പോര്‍ട്ട് ഇപ്പോല്‍ പരിഗണിക്കുന്നില്ലെന്ന് പറഞ്ഞ സുപ്രീംകോടതി കേസ് മാര്‍ച്ച് 20 ലേക്ക് മാറ്റി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com