ഡല്‍ഹിയില്‍ അജിത് ഡോവലിന് ചുമതല ; പ്രധാനമന്ത്രിയെ നേരിട്ട് വിവരങ്ങള്‍ ധരിപ്പിക്കും

സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ നാലു സ്ഥലങ്ങളില്‍ ഏര്‍പ്പെടുത്തിയ കര്‍ഫ്യൂ തുടരുകയാണ്
ഡല്‍ഹിയില്‍ അജിത് ഡോവലിന് ചുമതല ; പ്രധാനമന്ത്രിയെ നേരിട്ട് വിവരങ്ങള്‍ ധരിപ്പിക്കും

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ പൗരത്വ നിയമഭേദഗതിയെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും തമ്മിലുള്ള സംഘര്‍ഷം കലാപമായി മാറിയ പശ്ചാത്തലത്തില്‍, നഗരത്തിലെ ക്രമസമാധാന നില നിയന്ത്രണവിധേയമാക്കുന്നതിന്റെ ചുമതല ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന് നല്‍കി. കേന്ദ്രസര്‍ക്കാരാണ് ഡല്‍ഹിയുടെ ചുമതല ഡോവലിന് നല്‍കിയത്. നഗരത്തിലെ സ്ഥിതിഗതികള്‍ ഡോവല്‍ പ്രധാനമന്ത്രിയെയും കേന്ദ്രമന്ത്രിസഭയെയും നേരിട്ട് ധരിപ്പിക്കും.

ഡല്‍ഹിയിലെ സംഘര്‍ഷങ്ങള്‍ ഇന്നു ചേരുന്ന കേന്ദ്രമന്ത്രിസഭായോഗം ചര്‍ച്ച ചെയ്യുമെന്നാണ് സൂചന. സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കാന്‍ വേണ്ട നടപടികളും സര്‍ക്കാര്‍ തീരുമാനിക്കും. ഡല്‍ഹിയില്‍ തുടരുന്ന സംഘര്‍ഷങ്ങളില്‍ മരണം 18 ആയി. ഇന്ന് അഞ്ചുപേരാണ് മരിച്ചത്. ഇന്നലെ രാത്രിയും പലയിടങ്ങളിലും അക്രമം ഉണ്ടായതായാണ് റിപ്പോര്‍ട്ട്. അക്രമങ്ങളില്‍ ഇതുവരെ 200 ഓളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരില്‍ 56 പൊലീസുകാരും ഉള്‍പ്പെടുന്നു.  മൗജ്പൂര്‍, സീലാംപൂര്‍, ഗോകുല്‍പുരി തുടങ്ങിയ വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ പല പ്രദേശങ്ങളിലും ഇപ്പോഴും അക്രമം തുടരുന്നതായാണ് റിപ്പോര്‍ട്ട്.

സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ നാലു സ്ഥലങ്ങളില്‍ ഏര്‍പ്പെടുത്തിയ കര്‍ഫ്യൂ തുടരുകയാണ്. അക്രമികളെ കണ്ടാല്‍ ഉടനെ വെടിവയ്ക്കാനുള്ള ഷൂട്ട് അറ്റ് സൈറ്റ് ഓര്‍ഡര്‍ ഇപ്പോഴുംഡല്‍ഹിയില്‍ നിലനില്‍ക്കുന്നുണ്ടെന്ന് ഡല്‍ഹി പൊലീസ് വ്യക്തമാക്കി. സംഘര്‍ഷം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ വടക്കുകിഴക്കന്‍ ദില്ലിയില്‍ അടുത്ത മുപ്പത് ദിവസത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. ജഫ്രാബാദിലെ പ്രതിഷേധക്കാരെ പൂര്‍ണമായും ഒഴിപ്പിച്ചതായി ഡല്‍ഹി പൊലീസ് പറഞ്ഞു. കലാപവുമായി ബന്ധപ്പെട്ട് ഇതുവരെ 20 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കലാപത്തെത്തുടര്‍ന്ന് അടച്ചിട്ടിരുന്ന ഡല്‍ഹിയിലെ മെട്രോ സ്‌റ്റേഷനുകളെല്ലാം ഇന്ന് തുറന്നിട്ടുണ്ട്.

നിരോധനാജ്ഞ പ്രഖ്യാപിക്കുകയും കൂടുതല്‍ സ്ഥലങ്ങളില്‍ കേന്ദ്രസേനയെ ഇറക്കിയിട്ടും കലാപം പടരുന്ന പശ്ചാത്തലത്തില്‍ അര്‍ധരാത്രിയോടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ നേരിട്ട് സംഘര്‍ഷ മേഖലയിലിറങ്ങി. സീമാപൂരില്‍ എത്തിയ അജിത് ഡോവല്‍ സ്ഥിതിഗതികള്‍ വിലയിരുത്തുകയും ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു. കലാപം തുടരുന്നതിനിടെ കേന്ദ്ര അഭ്യന്തരമന്ത്രി അമിത് ഷാ 24 മണിക്കൂറിനിടെ മൂന്നാം തവണയും ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി. പുതുതായി നിയമിക്കപ്പെട്ട ഡല്‍ഹി സ്‌പെഷ്യല്‍ കമ്മീഷണര്‍ എസ്.എന്‍ ശ്രീവാസ്!തവയും ഡല്‍ഹി പൊലീസിലേയും കേന്ദ്ര അഭ്യന്തരമന്ത്രാലയത്തിലേയും ഉന്നത ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു. സ്‌പെഷ്യല്‍ കമ്മീഷണര്‍ ഇന്ന് കലാപബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com