തന്നെ ഭീകരനെന്ന് വിളിക്കുന്നവര്‍ അഫ്‌സല്‍ ഗുരുവിനും യാക്കൂബ് മേമനും വേണ്ടി വാദിച്ചവര്‍ ; രണ്ടാം ഷഹീന്‍ബാഗ് വിവാദപ്രസ്താവനയ്ക്ക് പിന്നാലെ വീണ്ടും കപില്‍ മിശ്ര

ജഫറാബാദ് ഒഴിപ്പിച്ചതോടെ ഇനി രണ്ടാം ഷഹീന്‍ബാഗ് ഉണ്ടാകില്ലെന്ന് കപില്‍ മിശ്ര ട്വീറ്റില്‍ കുറിച്ചത് വിവാദമായിരുന്നു
തന്നെ ഭീകരനെന്ന് വിളിക്കുന്നവര്‍ അഫ്‌സല്‍ ഗുരുവിനും യാക്കൂബ് മേമനും വേണ്ടി വാദിച്ചവര്‍ ; രണ്ടാം ഷഹീന്‍ബാഗ് വിവാദപ്രസ്താവനയ്ക്ക് പിന്നാലെ വീണ്ടും കപില്‍ മിശ്ര

ന്യൂഡല്‍ഹി : തനിക്കെതിരായ വിദ്വേഷ ക്യാപെയ്‌നുകളെ ഭയക്കുന്നില്ലെന്ന് ബിജെപി നേതാവ് കപില്‍ മിശ്ര. പൗരത്വ നിയമഭേദഗതിക്കെതിരെ രംഗത്തുവന്നവര്‍ ഇപ്പോള്‍ തന്നെ ഭീകരനെന്ന് വിളിക്കുകയാണ്. കപില്‍ മിശ്രയം അറസ്റ്റ് ചെയ്യണമെന്നാണ് ഇവര്‍ ആവശ്യപ്പെടുന്നത്. ബുര്‍ഹാന്‍ വാനിയേയോ, അഫ്‌സല്‍ ഗുരുവിനെയോ തീവ്രവാദികളായി പരിഗണിക്കാതിരുന്നവരാണ് ഇക്കൂട്ടര്‍. യാക്കൂബ് മേമന്‍, ഒമര്‍ ഖാലിദ്, ഷാര്‍ജീല്‍ ഇസ്ലാം എന്നിവരെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചവരാണ്, തനിക്കെതിരെ രംഗത്തുവരുന്നതെന്നും കപില്‍ മിശ്ര ആരോപിച്ചു. ട്വീറ്റിലൂടെയായിരുന്നു മിശ്രയുടെ പ്രതികരണം.

ജഫറാബാദ് ഒഴിപ്പിച്ചതോടെ ഇനി രണ്ടാം ഷഹീന്‍ബാഗ് ഉണ്ടാകില്ലെന്ന് കപില്‍ മിശ്ര ട്വീറ്റില്‍ കുറിച്ചത് വിവാദമായിരുന്നു. ചൊവ്വാഴ്ച നടത്തിയ പ്രസ്താവനയില്‍ ഖേദിക്കുന്നില്ലെന്നും മിശ്ര ട്വീറ്റില്‍ വ്യക്തമാക്കിയിരുന്നു. ഈ പ്രസ്താവനയും വിവാദമായതോടെയാണ്, കപില്‍ മിശ്രയെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യം ശക്തമായത്.

പൗരത്വ നിയമത്തെ അനുകൂലിക്കുക മാത്രമാണ് താന്‍ ചെയ്തത്. അല്ലാതെ മറ്റൊരു തെറ്റും ചെയ്തില്ല. ഇതിന്റെ പേരില്‍ നിരവധി വധഭീഷണികളാണ് തനിക്ക് നേരെ ഉയര്‍ന്നത്. രാഷ്ട്രീയക്കാരും മാധ്യമപ്രവര്‍ത്തകരും ഉള്‍പ്പെടെ നിരവധി പേരാണ് ഫോണിലൂടെയും അല്ലാതെയും തനിക്കെതിരെ ഭീഷണി മുഴക്കുന്നത്. എന്നാല്‍ അതില്‍ താന്‍ ഭയപ്പെടുന്നില്ലെന്നും കപില്‍ മിശ്ര പറഞ്ഞു.

ഞായറാഴ്ച ജഫറാബാദില്‍ സ്ത്രീകള്‍ നടത്തിവന്ന സമരത്തിലേക്ക് കപില്‍ മിശ്രയും സംഘവും എത്തിയതോടെയാണ് സംഘര്‍ഷം രൂക്ഷമായത്.  ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശന വേളയായതിനാല്‍ ക്ഷമിക്കുകയാണെന്നും, മൂന്നു ദിവസത്തിനുള്ളില്‍ പൊരത്വ വിരുദ്ധ സമരക്കാരെ ഒഴിപ്പിക്കണമെന്നും കപില്‍ മിശ്ര ഡല്‍ഹി പൊലീസിനോട് ആവശ്യപ്പെട്ടിരുന്നു. ഇത് പൊലീസിനുള്ള അന്ത്യശാസനമാണ്. ചെവിക്കൊണ്ടില്ലെങ്കില്‍ ഞങ്ങള്‍ പിന്നെ നിങ്ങളുടെ വാക്കുകള്‍ക്ക് ചെവികൊടുക്കില്ലെന്ന് ഡിസിപി വേദ്പ്രകാശിനെ സാക്ഷിനിര്‍ത്തി കപില്‍ മിശ്ര ഭീഷണി മുഴക്കിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com