പൊലീസ് പോര, സൈന്യത്തെ വിളിക്കണം; കലാപബാധിത പ്രദേശങ്ങളില്‍ കര്‍ഫ്യു പ്രഖ്യാപിക്കണമെന്നും കെജരിവാള്‍

എത്രയും പെട്ടെന്ന് സൈന്യത്തെ വിളിക്കുകയും കലാപ ബാധിത പ്രദേശങ്ങളില്‍ കര്‍ഫ്യൂ പ്രഖ്യാപിക്കുകയും ചെയ്യണമെന്ന് കെജരിവാള്‍
പൊലീസ് പോര, സൈന്യത്തെ വിളിക്കണം; കലാപബാധിത പ്രദേശങ്ങളില്‍ കര്‍ഫ്യു പ്രഖ്യാപിക്കണമെന്നും കെജരിവാള്‍

ന്യൂഡല്‍ഹി: വടക്കു കിഴക്കന്‍ ഡല്‍ഹിയിലെ അക്രമം അമര്‍ച്ച ചെയ്യാന്‍ പൊലീസിനാവുന്നില്ലെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍. എത്രയും പെട്ടെന്ന് സൈന്യത്തെ വിളിക്കുകയും കലാപ ബാധിത പ്രദേശങ്ങളില്‍ കര്‍ഫ്യൂ പ്രഖ്യാപിക്കുകയും ചെയ്യണമെന്ന് കെജരിവാള്‍ ആവശ്യപ്പെട്ടു.

രാത്രി മുഴുവന്‍ ജനങ്ങളുമായി ബന്ധപ്പെട്ടുകൊണ്ടിരിക്കുകയായിരുന്നെന്ന് കെജരിവാള്‍ ട്വീറ്റ് ചെയ്തു. സ്ഥിതി ഗുരുതരമാണ്. പൊലീസ് ആഞ്ഞു ശ്രമിച്ചിട്ടും സ്ഥിതി നിയന്ത്രണത്തില്‍ ആക്കാനാവുന്നില്ല. എത്രയും പെട്ടെന്ന സൈന്യത്തെ വിളിക്കുകയും കര്‍ഫ്യൂ പ്രഖ്യാപിക്കുകയും വേണം-കെജരിവാള്‍ പറഞ്ഞു.

ഇക്കാര്യം കത്തിലൂടെ ആഭ്യന്തര മന്ത്രി അമിത് ഷായോട് ആവശ്യപ്പെടുമെന്ന് കെജരിവാള്‍ അറിയിച്ചു.

്അതിനിടെ സംഭവങ്ങളുമായി ബന്ധപ്പെട്ട് ഡല്‍ഹി ഹൈക്കോടതി പൊലീസിന് നോട്ടീസ് അയച്ചു. സീനിയര്‍ ഉദ്യോഗസ്ഥരോട് നേരിട്ടു ഹാജരാവാന്‍ കോടതി നിര്‍ദേശിച്ചിട്ടുണ്ട്. 

ഡല്‍ഹിയില്‍ തുടരുന്ന സംഘര്‍ഷങ്ങളില്‍ മരണം 18 ആയി. ഇന്ന് അഞ്ചുപേരാണ് മരിച്ചത്. ഇന്നലെ രാത്രിയും പലയിടങ്ങളിലും അക്രമം ഉണ്ടായതായാണ് റിപ്പോര്‍ട്ട്. അക്രമങ്ങളില്‍ ഇതുവരെ 200 ഓളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരില്‍ 56 പൊലീസുകാരും ഉള്‍പ്പെടുന്നു. പൗരത്വ നിയമഭേദഗതിയെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും തമ്മിലാണ് സംഘര്‍ഷം. മൗജ്പൂര്‍, സീലാംപൂര്‍, ഗോകുല്‍പുരി തുടങ്ങിയ വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ പല പ്രദേശങ്ങളിലും ഇപ്പോഴും അക്രമം തുടരുന്നതായാണ് റിപ്പോര്‍ട്ട്.

അക്രമങ്ങളുടെ പശ്ചാത്തലത്തില്‍ ഇവിടങ്ങളില്‍ കൂടുതല്‍ സൈന്യത്തെ വിന്യസിച്ചു. സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ നാലു സ്ഥലങ്ങളില്‍ ഏര്‍പ്പെടുത്തിയ കര്‍ഫ്യൂ തുടരുകയാണ്. അക്രമികളെ കണ്ടാല്‍ ഉടനെ വെടിവയ്ക്കാനുള്ള ഷൂട്ട് അറ്റ് സൈറ്റ് ഓര്‍ഡര്‍ ഇപ്പോഴുംഡല്‍ഹിയില്‍ നിലനില്‍ക്കുന്നുണ്ടെന്ന് ഡല്‍ഹി പൊലീസ് വ്യക്തമാക്കി. സംഘര്‍ഷം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ വടക്കുകിഴക്കന്‍ ദില്ലിയില്‍ അടുത്ത മുപ്പത് ദിവസത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. ജഫ്രാബാദിലെ പ്രതിഷേധക്കാരെ പൂര്‍ണമായും ഒഴിപ്പിച്ചതായി ഡല്‍ഹി പൊലീസ് പറഞ്ഞു. കലാപവുമായി ബന്ധപ്പെട്ട് ഇതുവരെ 20 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കലാപത്തെത്തുടര്‍ന്ന് അടച്ചിട്ടിരുന്ന ഡല്‍ഹിയിലെ മെട്രോ സ്‌റ്റേഷനുകളെല്ലാം ഇന്ന് തുറന്നിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com