രാഷ്ട്രപതിക്ക് സമയമില്ല; കോണ്‍ഗ്രസ് മാര്‍ച്ച് മാറ്റിവച്ചു

കലാപ ബാധിത പ്രദേശങ്ങളില്‍ സമാധാനം പുനഃസ്ഥാപിക്കണം എന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് ഇന്ന് നടത്താനിരുന്ന രാഷ്ടപ്രതി ഭവന്‍ മാര്‍ച്ച് മാറ്റിവച്ചു.
രാഷ്ട്രപതിക്ക് സമയമില്ല; കോണ്‍ഗ്രസ് മാര്‍ച്ച് മാറ്റിവച്ചു

ന്യൂഡല്‍ഹി: കലാപ ബാധിത പ്രദേശങ്ങളില്‍ സമാധാനം പുനഃസ്ഥാപിക്കണം എന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് ഇന്ന് നടത്താനിരുന്ന രാഷ്ടപ്രതി ഭവന്‍ മാര്‍ച്ച് മാറ്റിവച്ചു. സമാധാനം പുനഃസ്ഥാപിക്കണം എന്നാവശ്യപ്പെട്ട് നിവേദനം നല്‍കുന്നത് അറിയിക്കാന്‍ രാഷ്ട്രപതിയുടെ ഓഫീസുമായി ബന്ധപ്പെട്ടപ്പോള്‍, അദ്ദേഹം നാളെയാണ് സമയം അനുവദിച്ചതെന്നും അതിനാല്‍ മാര്‍ച്ച് മാറ്റിവച്ചുവെന്നും കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല പറഞ്ഞു. 

കലാപത്തിന്റെ പശ്ചാത്തലത്തില്‍ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ചേര്‍ന്ന പ്രവര്‍ത്തക സമിതി യോഗത്തിലായിരുന്നു മാര്‍ച്ച് നടത്താന്‍ തീരുമാനിച്ചിരുന്നത്. പാര്‍ട്ടി ആസ്ഥാനത്തു ചേര്‍ന്ന യോഗത്തില്‍ സോണിയയെക്കൂടാതെ, പ്രിയങ്കാ ഗാന്ധി, പി ചിദംബരം, ജ്യോതിരാദിത്യ സിന്ധ്യ തുടങ്ങിയ നേതാക്കള്‍ പങ്കെടുത്തു. രാഹുല്‍ ഗാന്ധി യോഗത്തില്‍ പങ്കെടുത്തില്ലെന്നാണ് സൂചന. രാഹുല്‍ രാജ്യത്തില്ലെന്ന് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.

ഡല്‍ഹി കലാപത്തിന് കേന്ദ്ര സര്‍ക്കാരും ആഭ്യന്തര മന്ത്രി അമിത് ഷായുമാണ് ഉത്തരവാദികളെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി പ്രവര്‍ത്തക സമിതി യോഗത്തിന് ശേഷം മാധ്യമങ്ങളോട് പറഞ്ഞു. സംഘര്‍ഷത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് അമിത് ഷാ രാജിവയ്ക്കണമെന്ന് സോണിയ ആവശ്യപ്പെട്ടു

ഡല്‍ഹിയിലെ അക്രമങ്ങള്‍ക്കു പിന്നില്‍ ഗൂഢാലോചനയുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പുകാലത്ത് ഇതു രാജ്യം കണ്ടതാണ്. ഭയത്തിന്റെയും വെറുപ്പിന്റെയും അന്തരീക്ഷം സൃഷ്ടിച്ചെടുക്കാന്‍ നിരവധി ബിജെപി നേതാക്കള്‍ വിദ്വേഷ പ്രചാരണം നടത്തി.

ജനങ്ങള്‍ മരിച്ചുവീഴുമ്പോഴും പൊലീസ് കാഴ്ചക്കാരായി നില്‍ക്കുകയാണ്. കഴിഞ്ഞ 72 മണിക്കൂറായി ഇതാണ് അവസ്ഥ. നൂറു കണക്കിനു പേരാണ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടിരിക്കുന്നത്. പലര്‍ക്കും വെടിയേറ്റ പരുക്കാണുള്ളത്. തെരുവുകളില്‍ അക്രമം തുടരുകയാണ്.

സമാധാനവും സഹവര്‍ത്തിത്വവും നിലനിര്‍ത്തുന്നതില്‍ കേന്ദ്രവും സംസ്ഥാന സര്‍ക്കാരും ഒരുപോലെ പരാജയപ്പെട്ടു. അതിന്റെ ദുരന്തമാണ് നഗരം അനുഭവിച്ചുകൊണ്ടിരിക്കുന്നതെന്ന് സോണിയ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com