സവര്‍ക്കറിന് ബിജെപി നല്‍കാത്ത ആദരവ്‌ ഞങ്ങള്‍ എന്തിന് നല്‍കണം?; ഫട്‌നാവിസിനോട് അജിത് പവാര്‍

കേന്ദ്രത്തിലും മഹാരാഷ്ട്രയിലും ബിജെപി ഭരിച്ചപ്പോള്‍ സവര്‍ക്കറിനെ ബഹുമാനിച്ച് പ്രമേയം കൊണ്ടുവന്നില്ല - ബിജെപി നല്‍കാത്ത ആദരവ് ഞങ്ങളെന്തിന് നല്‍കണം 
സവര്‍ക്കറിന് ബിജെപി നല്‍കാത്ത ആദരവ്‌ ഞങ്ങള്‍ എന്തിന് നല്‍കണം?; ഫട്‌നാവിസിനോട് അജിത് പവാര്‍

മുംബൈ: സ്വാതന്ത്ര്യസമരത്തിന് നല്‍കിയ സംഭാവനകള്‍ മുന്‍നിര്‍ത്തി ഹിന്ദു നേതാവ് സവര്‍ക്കറിനെ ആദരിച്ചുകൊണ്ടുള്ള പ്രമേയം മഹാരാഷ്ട്ര സര്‍ക്കാര്‍ പാസാക്കണമെന്ന ബിജെപിയുടെ ആവശ്യം സ്പീക്കര്‍ നാനാ പട്ടോള്‍ തള്ളി. സവര്‍ക്കറിനെ കുറിച്ച് ആക്ഷേപകരമായ പരാമര്‍ശങ്ങള്‍ നടത്തിയ കോണ്‍ഗ്രസ്  പ്രസിദ്ധീകരണമായ ഷിഡോരി നിരോധിക്കണമെന്ന് പ്രതിപക്ഷ നേതാവ് ദേവേന്ദ്ര ഫട്‌നാവിസ് നിയമസഭയില്‍ ആവശ്യപ്പെട്ടു.

സവര്‍ക്കറിന്റെ ചരമവാര്‍ഷികത്തോടനുബന്ധിച്ച് അദ്ദഹം സ്വാതന്ത്ര്യസമരത്തിന് നല്‍കിയ സംഭാവനകളും ത്യാഗവും  കണക്കിലെടുത്ത് മഹാരാഷ്ട്ര സര്‍ക്കാര്‍ പ്രമേയം പാസാക്കണമെന്നായിരുന്നു ബിജെപിയുടെ ആവശ്യം. എന്നാല്‍ ഇത് അംഗീകരിക്കാന്‍ സ്പീക്കര്‍ തയ്യാറായില്ല.  സവര്‍ക്കര്‍ക്ക് ഭാരതരത്‌നം നല്‍കണമെന്ന് ആവശ്യപ്പെട്ട് മുന്‍ മുഖ്യമന്ത്രി ഫട്‌നാവിസ് രണ്ട് തവണ പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു. അക്കാലത്ത് കേന്ദ്രത്തിലും മഹാരാഷ്ട്രയിലും അധികാരത്തിലിരുന്നത് ബിജെപിയായിരുന്നു. എന്നിട്ടും ബഹുമതി നല്‍കാത്തതില്‍ താന്‍ അത്ഭുതപ്പെടുന്നെന്ന് ഉപമുഖ്യമന്ത്രി അജിത് പവാര്‍ പറഞ്ഞു. കഴിഞ്ഞ അഞ്ചുവര്‍ഷം സംസ്ഥാനം ഭരിച്ചത് ഫ്ട്‌നാവിസായിരുന്നു. കേന്ദ്രത്തില്‍ ഇപ്പോഴും മോദി സര്‍ക്കാര്‍ ഭരിക്കുന്നു. അന്നൊന്നും ആദരിച്ചികൊണ്ടുള്ള പ്രമേയം പാസാക്കാന്‍ സര്‍ക്കാര്‍ തയ്യാറിയിട്ടില്ല. ഇന്നത്തെ പോലെ സവര്‍ക്കറുടെ ചരമവാര്‍ഷികം എല്ലാവര്‍ഷവും വരുമെന്നും പവാര്‍ കൂട്ടിച്ചേര്‍ത്തു.

അദ്ദേഹം സ്വാതന്ത്ര്യസമരത്തിന് നല്‍കിയ സംഭാവനകളെ എല്ലാവരും മാനിക്കുന്നുണ്ട്. എന്നാല്‍ അദ്ദേഹത്തിന്റെ എല്ലാ കാഴ്ചപ്പാടുകളും എല്ലാവരും അംഗീകരിക്കുന്നതല്ലെന്ന് പവാര്‍ പറഞ്ഞു. ബിജെപിയുടെ ആവശ്യം നിരസിച്ചതിന് പിന്നാലെ മറ്റ് അജണ്ടകളുമായി മുന്നോട്ടുപോകാമെന്ന സ്പീക്കറുടെ പരാമര്‍ശത്തെ തുടര്‍ന്ന് ബിജെപി എംഎല്‍എമാര്‍ സവര്‍ക്കറുടെ ചിത്രമുള്ള പ്ലക്കാര്‍ഡുയര്‍ത്തി പ്രതിഷേധവുമായി നടുത്തളത്തിലിറങ്ങി. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധിക്കെതിരെയും ശിവസേനയ്ക്കുമെതിരെ മുദ്രാവാക്യം വിളിക്കുകയും ചെയ്തു. മുഖ്യമന്ത്രിയും ശിവസേനാ നേതാവുമായി ഉദ്ദവ് താക്കറെ സഭയില്‍ ഹാജരായിരുന്നില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com