മുരളീധറിനെ സ്ഥലം മാറ്റിയ നടപടി ലജ്ജാകരം, നീതിയുടെ വാമൂടിക്കെട്ടാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നു: പ്രിയങ്ക

ഡല്‍ഹി കലാപക്കേസ് പരിഗണിച്ച ഡല്‍ഹി ഹൈക്കോടതി ജസ്റ്റിസ് മുരളീധറിനെ സ്ഥലംമാറ്റിയതില്‍ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി
മുരളീധറിനെ സ്ഥലം മാറ്റിയ നടപടി ലജ്ജാകരം, നീതിയുടെ വാമൂടിക്കെട്ടാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നു: പ്രിയങ്ക

ന്യൂഡല്‍ഹി: ഡല്‍ഹി കലാപക്കേസ് പരിഗണിച്ച ഡല്‍ഹി ഹൈക്കോടതി ജസ്റ്റിസ് മുരളീധറിനെ സ്ഥലംമാറ്റിയതില്‍ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. ഇത് ഖേദകരവും ലജ്ജാകരവുമായ നടപടിയാണെന്ന് പ്രിയങ്ക ഗാന്ധി ട്വിറ്ററില്‍ കുറിച്ചു.

ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട് വിദ്വേഷ പ്രസംഗം നടത്തിയതിന് ബിജെപി നേതാക്കള്‍ക്കെതിരെ കേസെടുക്കണമെന്ന് ജസ്റ്റിസ് മുരളീധര്‍ ഇന്നലെ പൊലീസിനോട് ആവശ്യപ്പെട്ടിരുന്നു. കപില്‍ മിശ്ര, അനുരാഗ് ഠാക്കൂര്‍, പര്‍വേശ് വര്‍മ, അഭയ് വര്‍മ എന്നിവരുടെ പ്രസംഗങ്ങള്‍ പരിശോധിച്ച് നടപടിയെടുക്കാനാണ് ജസ്റ്റിസ് എസ് മുരളീധര്‍ പൊലീസിനു നിര്‍ദേശം നല്‍കിയത്. ഇതിന് പിന്നാലെ അര്‍ധരാത്രിയാണ് മുരളീധറിനെ പഞ്ചാബ്- ഹരിയാന ഹൈക്കോടതിയിലേക്ക് സ്ഥലം മാറ്റി ഉത്തരവിറങ്ങിയത്.

'ജസ്റ്റിസ് മുരളീധറിനെ അര്‍ധരാത്രി തന്നെ സ്ഥലംമാറ്റിയ നടപടിയെ ഞെട്ടിപ്പിക്കുന്ന കാര്യമായി ചുരുക്കുന്നതില്‍ കാര്യമില്ല. ഇത് തികച്ചും ഖേദകരും ലജ്ജാകരവുമായ നടപടിയാണ്. ലക്ഷകണക്കിന് ഇന്ത്യക്കാര്‍ക്ക് നീതിന്യായ വ്യവസ്ഥയിലാണ് വിശ്വാസം. എന്നാല്‍ നീതിയുടെ വാമൂടിക്കെട്ടാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നത്. ജനങ്ങള്‍ക്ക് നീതിന്യായവ്യവസ്ഥയിലുളള വിശ്വാസം തകര്‍ക്കാനുളള ശ്രമം ദൗര്‍ഭാഗ്യകരമാണ്' - പ്രിയങ്ക ട്വിറ്ററില്‍ കുറിച്ചു.

പഞ്ചാബ്-ഹരിയാന ഹൈക്കോടതിയിലേക്കാണ് സ്ഥലം മാറ്റം. മുരളീധറിനെ സ്ഥലംമാറ്റാന്‍ നേരത്തെ കൊളീജിയം ശുപാര്‍ശ ചെയ്തിരുന്നു. കേസ് പരിഗണിക്കുന്ന ഡല്‍ഹി ഹൈക്കോടതി ബെഞ്ചില്‍ മാറ്റം വരുത്തിയതിന് പിന്നാലെയാണ് സ്ഥലം മാറ്റ ഉത്തരവ് കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനമായി പുറത്തിറക്കിയിരിക്കുന്നത്. ജസ്റ്റിസിനെ സ്ഥലം മാറ്റാന്‍ നേരത്തെ സുപ്രീം കോടതി കൊളീജിയം സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com