അവകാശ സമിതിയില്‍ ബിജെപിക്ക് ആധിപത്യം: മുഖ്യമന്ത്രിക്ക് എതിരായ നോട്ടീസ് വെള്ളിയാഴ്ച പരിഗണിക്കും, നടപടിക്ക് സാധ്യത

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 01st January 2020 03:46 PM  |  

Last Updated: 01st January 2020 03:46 PM  |   A+A-   |  

 

ന്യൂഡല്‍ഹി: പൗരത്വ നിയമഭേദഗതിയെ വിമര്‍ശിച്ച് കേരള നിയമസഭ പാസാക്കിയ പ്രമേയത്തിനെതിരെ ബിജെപി എംപി നല്‍കിയ അവകാശ ലംഘന നോട്ടീസ് രാജ്യസഭ അവകാശ സമിതി വെള്ളിയാഴ്ച ചര്‍ച്ച ചെയ്‌തേക്കും. ബിജെപി എംപി ജി വി എല്‍ നരസിംഹ റാവുവാണ് അവകാശ ലംഘനത്തിന് നോട്ടീസ് നല്‍കിയത്. ബിജെപിക്ക് ആധിപത്യമുള്ള അവകാശ സമിതി, നിയമസഭയുടെ പ്രമേയത്തിന് എതിരെ നടപടി സ്വീകരിച്ചേക്കുമെന്ന് വാര്‍ത്താ ഏജന്‍സിയായ യുഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. 

പത്ത് അംഗങ്ങളുള്ള രാജ്യസഭ അവകാശ സമിതിയില്‍ ബിജെപിക്കാണ് മേല്‍ക്കൈ. രാജ്യസഭ ഡെപ്യൂട്ടി സ്പീക്കര്‍ ഹരിവംശ്‌ നാരായണ്‍ സിംഗ് അധ്യക്ഷനായ സമിതിയില്‍ നാല് ബിജെപി അംഗങ്ങളാണുള്ളത്. എന്‍ഡിഎ സഖ്യകക്ഷിയായ എഐഎഡിഎംകെയുടെ ഒരംഗവും കോണ്‍ഗ്രസിന്റെ രണ്ടംഗങ്ങളും ഡിഎംകെയുടെയും ബിജെഡിയുടെ ഒന്നുവീതം അംഗങ്ങളും സമിതിയിലുണ്ട്.

നരസിംഹ റാവുവും സമിതിയില്‍ അംഗമാണ്. വിഷയം സമിതി ഉറപ്പായും പരിഗണിക്കുമെന്ന് നരസിംഹ റാവു പറഞ്ഞു. സമിതിയിലെ അംഗമെന്ന നിലയിലാണ് മുഖ്യമന്ത്രി പിണറായി വിജയന് എതിരെ നടപടി സ്വീകരിക്കണം എന്നാവശ്യപ്പെട്ട് സ്പീക്കര്‍ക്ക് കത്ത് നല്‍കിയതെന്ന് അദ്ദേഹം പറഞ്ഞു. 

നരസിംഹ റാവുവിന്റെ നടപടിക്ക് എതിരെ കോണ്‍ഗ്രസ് രംഗത്ത് വന്നു. രാജ്യസഭ അംഗമെന്ന നിലയില്‍ സംസ്ഥാനങ്ങളുടെ അവകാശങ്ങളെ സംരക്ഷിക്കേണ്ട ബാധ്യത റാവുവിന് ഉണ്ടെന്ന് കോണ്‍ഗ്രസ് അംഗം ക ടി എസ് തുള്‍സി അഭിപ്രായപ്പെട്ടു. 

ബിജെപി എംപിക്കെതിരെ ഇടതുപക്ഷ നേതാക്കളും രംഗത്ത് വന്നു. കേന്ദ്ര നിയമങ്ങളില്‍ ഉള്‍പ്പെടെ അഭിപ്രായം രേഖപ്പെടുത്താന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് അവകാശമുണ്ടെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട് പ്രതികരിച്ചു. 

ചൊവ്വാഴ്ചയാണ് പൗരത്വ നിയമഭേദഗതിക്ക് എതിരെ കേരള നിയമസഭ പ്രമേയം പാസാക്കിയത്. മുഖ്യമന്ത്രി പിണറായി വിജയന്‍ അവതരിപ്പിച്ച പ്രമേയത്തെ പ്രതിപക്ഷവും പിന്തുണച്ചിരുന്നു. ബിജെപി അംഗമായ ഒ രാജഗോപാലിന്റെ വിയോജിപ്പോടെയാണ് പ്രമേയം പാസാക്കിയത്. 

മുഖ്യമന്ത്രി നിയമസഭയില്‍ അവതരിപ്പിച്ച പ്രമേയം പാര്‍ലമെന്റിന്റെ പരമാധികാരത്തിന് എതിരാണെന്ന് കാട്ടിയാണ് നരസിംഹ റാവു നോട്ടീസ് നല്‍കിയത്. നിയമസഭാ പ്രമേയം ഭരണപരമായ ആശയക്കുഴപ്പത്തിനിടയാക്കും. ഇത് പാര്‍ലമെന്റിന്റെ അവകാശം ഹനിക്കുന്നതാണെന്നും നോട്ടീസില്‍ പറയുന്നുണ്ട്‌