ഇന്ധനച്ചോര്‍ച്ച കണ്ട ഉടന്‍ ഡ്രൈവര്‍ ബാത്ത്‌റൂമിലേക്ക് എന്നുപറഞ്ഞ് ഓടി; പെട്രോള്‍ പമ്പില്‍ കാര്‍ കത്തിയമര്‍ന്നു, (വീഡിയോ)

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 01st January 2020 04:51 PM  |  

Last Updated: 01st January 2020 04:51 PM  |   A+A-   |  

 

ഹൈദരാബാദ്: പെട്രോള്‍ പമ്പില്‍ ഇന്ധനം നിറയ്ക്കുന്നതിനിടെ കാര്‍ കത്തിയമര്‍ന്നു. കാറിലെ ഇന്ധനചോര്‍ച്ച ശ്രദ്ധയില്‍പ്പെട്ട പമ്പ് ജീവനക്കാരന്‍ ഇക്കാര്യം ഡ്രൈവറെ അറിയിച്ചെങ്കിലും, ഡ്രൈവര്‍ അവിടെനിന്ന് ഓടി മാറിയത് ദുരൂഹത വര്‍ധിപ്പിക്കുന്നു. ബാത്ത്‌റൂമില്‍ പോകുന്നു എന്ന് പറഞ്ഞ് ഡ്രൈവര്‍ അവിടെ നിന്ന് മാറിയ ഉടനെ കാറിന് തീപിടിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഹൈദരാബാദിലെ ഒരു പെട്രോള്‍ പമ്പിലാണ് സംഭവം. സ്‌കോഡ സൂപ്പര്‍ബ് കാറിനാണ് തീപിടിച്ചത്. ഇതിന്റെ ദൃശ്യങ്ങള്‍ വ്യാപകമായാണ് പ്രചരിക്കുന്നത്. ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടുകളില്ല. ഇന്ധനം നിറയ്ക്കുന്ന മെഷീനിനോട് ചേര്‍ത്താണ് കാര്‍ നിര്‍ത്തിയിരുന്നത്. ഇന്ധനം നിറയ്ക്കുന്നതിനിടെ കറുത്ത പുക ഉയര്‍ന്നു. തൊട്ടുപിന്നാലെ തീപടരുകയും കാര്‍ കത്തി ചാമ്പലാകുകയുമായിരുന്നു.

കാര്‍ ഇന്ധനം നിറയ്ക്കാനായി നിര്‍ത്തിയിട്ട സമയത്താണ് കാറിലെ ഇന്ധനചോര്‍ച്ച പമ്പ് ജീവനക്കാരന്റെ ശ്രദ്ധയില്‍പ്പെട്ടത്. പമ്പ് ജീവനക്കാരന്‍ അറിയിച്ചതിനെ തുടര്‍ന്ന് പിന്‍സീറ്റ്് മാറ്റി ചോര്‍ച്ചയുടെ ഉറവിടം പരിശോധിക്കാന്‍ ഡ്രൈവര്‍ ശ്രമം ആരംഭിച്ചു. ഉടനെ തന്നെ ബാത്ത്‌റൂമിലേക്ക് പോകുന്നു എന്ന് പറഞ്ഞ് ഡ്രൈവര്‍ സംഭവസ്ഥലത്ത് നിന്ന് മാറിയതായാണ് റിപ്പോര്‍ട്ടുകള്‍.

കാറിന്റെ അടിയില്‍ നിന്നാണ് തീ പടര്‍ന്നത്. കാറ് മുഴുവന്‍ വ്യാപിച്ച തീ ഇന്ധനം നിറയ്ക്കുന്ന മെഷീനിലേക്കും ആളിപടരുന്നു. ഇത് കണ്ട ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടെങ്കിലും പമ്പ് ജീവനക്കാരന്‍ ഫയര്‍ ഫോഴ്‌സ് ഉള്‍പ്പെടെ അധികൃതരെ വിവരം അറിയിച്ചു. ഇതോടെ അഞ്ച് ഫയര്‍ഫോഴ്‌സ് വാഹനങ്ങള്‍ പത്ത് മിനിട്ടിനുള്ളില്‍ സംഭവ സ്ഥലത്തെത്തി തീ അണച്ചു. തീ ഗ്യാസ് സ്‌റ്റേഷനിലേക്ക് പടരാന്‍ തുടങ്ങിയിരുന്നെങ്കിലും ഫയര്‍ഫോഴ്‌സിന്റെ സമയോചിത ഇടപെടല്‍ മൂലം വന്‍ ദുരന്തം ഒഴിവായി.