കേന്ദ്രത്തിന് ആശ്വാസം; വരുമാനത്തിൽ തുടർച്ചയായ രണ്ടാം മാസവും വളർച്ച

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 01st January 2020 09:11 PM  |  

Last Updated: 01st January 2020 09:11 PM  |   A+A-   |  

GST

 

ന്യൂഡൽ​ഹി: ജിഎസ്ടി വരുമാനത്തിൽ തുടർച്ചയായ രണ്ടാം മാസവും വളർച്ച. വരുമാനം ഒരു ലക്ഷം കോടി കവിഞ്ഞു. രാജ്യം സമ്പദ്‌ വ്യവസ്ഥയിൽ നേരിടുന്ന മെല്ലെപ്പോക്ക് മറികടക്കാൻ ശ്രമിക്കുന്ന കേന്ദ്ര സർക്കാരിന് വളർച്ച ആശ്വാസമാണ്. ഡിസംബർ മാസത്തിൽ 1.03 ലക്ഷം കോടി ജിഎസ്ടി വരുമാനം നേടാനാണ് കേന്ദ്ര സർക്കാർ ലക്ഷ്യമിട്ടിരുന്നത്.  

ഇക്കഴിഞ്ഞ ഡിസംബറിൽ 16 ശതമാനം വളർച്ചയാണ് ആഭ്യന്തര ഇടപാടുകളിൽ നിന്നുള്ള നികുതി വരുമാനത്തിൽ ഉണ്ടായത്. 2018 ഡിസംബറിനെ അപേക്ഷിച്ചുള്ള കണക്കാണിത്. ഡിസംബർ 31 വരെ 81 ലക്ഷം ടാക്സ് റിട്ടേണുകളാണ് ഫയൽ ചെയ്തത്. 

ജിഎസ് ടി നികുതി വരുമാനത്തിൽ കഴിഞ്ഞ മാസങ്ങളിൽ വന്ന കുറവ് കേന്ദ്ര സർക്കാരും സംസ്ഥാന സർക്കാരുകളും തമ്മിലുള്ള ബന്ധം വഷളാക്കിയിരുന്നു. ജിഎസ് ടി നഷ്ടപരിഹാരം ലഭിക്കാൻ വൈകിയപ്പോൾ കേരള ധനമന്ത്രി തോമസ് ഐസക് അടക്കം ഇതിനെതിരെ പരസ്യ നിലപാടെടുത്തിരുന്നു. 

ഡിസംബർ 18 ന് ചേർന്ന ജിഎസ് ടി കൗൺസിൽ യോഗത്തിൽ നികുതി ഘടന പരിഷ്കരിക്കാൻ നിർദ്ദേശം ഉയർന്നിരുന്നു. എന്നാൽ, നിലവിലെ സാമ്പത്തിക സാഹചര്യത്തിൽ നികുതി ഘടന പരിഷ്കരണം വേണ്ടെന്ന നിലപാടാണ് സ്വീകരിച്ചത്. താഴ്ന്ന നികുതി ഘടനയിൽ ഉള്ള ഉത്പന്നങ്ങൾക്ക് വില ഉയരുമെന്നും അത് ശരിയല്ലെന്നും സംസ്ഥാനങ്ങൾ നിലപാടെടുത്തിരുന്നു.