പണിപ്പെട്ട് ചുവര് തുളച്ച് കള്ളന്‍ അകത്ത് കയറി; കിട്ടിയത് 487 രൂപ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 01st January 2020 11:19 AM  |  

Last Updated: 01st January 2020 11:20 AM  |   A+A-   |  

 


ന്യൂഡല്‍ഹി: വലിയ പ്രതീക്ഷകളോടെയാണ് കള്ളന്‍ അകത്തുകയറിയത്. എന്നാല്‍ കിട്ടിയതാകട്ടെ വെറും 487 രൂപ. കൂടുതല്‍ പണം ലക്ഷ്യമിട്ടാണ്  കള്ളന്‍ പോസ്റ്റ് ഓഫീസ് തുരന്ന് അകത്തുകയറിയത്. മേശ തുറന്നപ്പോള്‍ ശരിക്കും ഞെട്ടി. നുളളിപ്പെറുക്കി നോക്കിയപ്പോള്‍ ചെറിയ തുക മാത്രം. എന്നാല്‍ സമീപത്ത് ഇരിക്കുന്ന അയ്യായിരം രൂപ അടങ്ങിയ ബാഗ് കള്ളന്റെ ശ്രദ്ധയില്‍പ്പെട്ടതുമില്ല.

ഡല്‍ഹിയിലെ മാനസരോവര്‍ പാര്‍ക്കിലെ പോസ്റ്റ് ഓഫീസിലാണ് മോഷണം നടന്നത്. ചെറിയ ദ്വാരമുണ്ടാക്കിയാണ് കളളന്‍ അകത്തുകയറിയത്.
ചുവരിലെ ദ്വാരത്തിന്റെ അളവിന്റെ അടിസ്ഥാനത്തില്‍ മോഷണം നടത്തിയത് കുട്ടികുറ്റവാളിയാണെന്ന നിഗമനത്തിലാണ് പൊലീസ്.

ഒരു പഴയ കെട്ടിടത്തിനകത്താണ് പോസ്റ്റ് ഓഫീസ് പ്രവര്‍ത്തിക്കുന്നത്. ഇതിന് സമീപത്തായി നിരവധി കടകളും പ്രവര്‍ത്തിക്കുന്നുണ്ട്. തിങ്കളാഴ്ച രാവിലെയോടെയാണ് മോഷണ വിവരം പുറത്തറിയുന്നത്. സബ് പോസ്റ്റ് മാസ്റ്റര്‍ എത്തി പോസ്റ്റ് ഓഫീസ് തുറന്നതോടെയാണ് മോഷണം നടന്നതായി മനസിലാക്കിയത്. തുടര്‍ന്ന് വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. പൊലീസെത്തി അന്വേഷണം നടത്തിയപ്പോള്‍ 487 രൂപ മോഷണം നടന്നതായി കണ്ടെത്തി.

പഴകിയ കെട്ടിടമായതിനാലാവാം മോഷണം നടത്താന്‍ കുട്ടിക്കുറ്റവാളിയെ പ്രേരിപ്പിച്ചതെന്നാണ് പൊലീസിന്റെ കണക്ക് കൂട്ടല്‍. ചുവരിലെ ഇടുങ്ങിയ ദ്വാരം കണക്കിലെടുത്ത് വളരെ മെലിഞ്ഞ ആളായിരിക്കും മോഷണത്തിന് പിന്നിലെന്നും പൊലീസ് പറയുന്നു. മോഷണത്തിന് പിന്നില്‍ മറ്റാരെങ്കിലും ഉണ്ടോയെന്നതും അന്വേഷിക്കുമെന്നും അന്വേഷണ ഉദ്യോഗസ്ഥന്‍ കൂട്ടിച്ചേര്‍ത്തു.

പോസ്റ്റ് ഓഫീസുകളില്‍ വലിയ പണം ഉണ്ടാകുമെന്ന് കരുതിയാണ് മോഷ്ടാവിനെ പോസ്റ്റ് ഓഫീസില്‍ കയറാന്‍ പ്രേരിപ്പിച്ചതെന്നാണ് പൊലീസ് കരുതുന്നത്. സമീപത്തെ സിസി  ടിവി ദൃശ്യങ്ങള്‍ പരിശോധിക്കുമെന്നും പ്രതിയെ വൈകാതെ പിടികൂടുമെന്നും പൊലീസ് പറഞ്ഞു.