പുതുവര്‍ഷ ആഘോഷത്തിനിടെ ലിഫ്റ്റ് തകര്‍ന്നുവീണു; ആറു പേര്‍ക്ക് ദാരുണാന്ത്യം, പ്രമുഖ വ്യവസായി ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരിക്ക് 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 01st January 2020 11:26 AM  |  

Last Updated: 01st January 2020 11:26 AM  |   A+A-   |  

പ്രതീകാത്മക ചിത്രം

 

ഭോപ്പാല്‍: പുതുവര്‍ഷ ആഘോഷത്തിനിടെ, ഫാംഹൗസിലെ ലിഫ്റ്റ് തകര്‍ന്നുവീണ് ആറു പേര്‍ക്ക് ദാരുണാന്ത്യം. ലിഫ്റ്റ് പ്രവര്‍ത്തിപ്പിക്കുന്ന മെഷീനിന്റെ ബെല്‍റ്റ് തകര്‍ന്നതാണ് അപകടകാരണമെന്ന് പൊലീസ് പറയുന്നു.

പ്രമുഖ ബിസിനസ്സുകാരനായ പുനീത് അഗര്‍വാളിന്റെ ഉടമസ്ഥതയിലുളള ഫാം ഹൗസില്‍ ഇന്നലെ വൈകീട്ടാണ് സംഭവം. മധ്യപ്രദേശിലെ ഇന്‍ഡോറില്‍ നിന്ന് 25 കിലോമീറ്റര്‍ അകലെയുളള പട്ടാല്‍പാനിയിലെ ഫാംഹൗസിലാണ് ലിഫ്റ്റ് തകര്‍ന്നുവീണത്. പുനീത് അഗര്‍വാളും ബന്ധുക്കളും ഉള്‍പ്പെടെ നിരവധിപ്പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍്ട്ടുകളുണ്ട്. പ്രമുഖ കോണ്‍ട്രാക്ടറാണ് പുനീത് അഗര്‍വാള്‍. പാലം നിര്‍മ്മാണം ഉള്‍പ്പെടെയുളള കണ്‍സ്ട്രക്ഷന്‍ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന പ്രമുഖ കമ്പനി പാത്ത് ഇന്ത്യ ഇദ്ദേഹത്തിന്റേതാണ്.

ഫാംഹൗസില്‍ ഇന്നലെ പുതുവര്‍ഷ ആഘോഷപരിപാടി സംഘടിപ്പിച്ചിരുന്നുവെന്ന് പൊലീസ് പറയുന്നു.പുനീത് അഗര്‍വാളും കുടുംബവും ആഘോഷത്തില്‍ പങ്കെടുത്തിരുന്നു. പരിപാടിക്കിടെ പുനീത് അഗര്‍വാള്‍ ഉള്‍പ്പെടെയുളള ആളുകള്‍ ലിഫ്റ്റില്‍ താഴെയ്ക്ക് ഇറങ്ങുമ്പോഴാണ് അപകടമുണ്ടായത്.മെഷീനിന്റെ ബെല്‍റ്റ് തകര്‍ന്ന് ലിഫ്റ്റ് താഴെയ്ക്ക് പതിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.