മോദിക്കും അമിത് ഷായ്ക്കും എതിരായ പരാമര്‍ശം; തമിഴ് എഴുത്തുകാരന്‍ നെല്ലൈ കണ്ണന്‍ അറസ്റ്റില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 01st January 2020 10:32 PM  |  

Last Updated: 01st January 2020 10:32 PM  |   A+A-   |  

nellai_kannan

 

ചെന്നൈ: പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തരമന്ത്രി അമിത് ഷാ എന്നിവരെ വിമര്‍ശിച്ച് പ്രസംഗിച്ച തമിഴ് എഴുത്തുകാരന്‍ നെല്ലൈ കണ്ണന്‍ അറസ്റ്റില്‍. പെരമ്പലൂരില്‍ വച്ചാണ് കണ്ണനെ പൊലീസ് അറസ്റ്റ് ചെയ്തത്. നിയമത്തിനെതിരെ എസ്ഡിപിഐ സംഘടിപ്പിച്ച പ്രതിഷേധത്തില്‍ പങ്കെടുത്ത് പ്രസംഗിക്കവേയാണ് കണ്ണന്‍ വിവാദ പരാമര്‍ശം നടത്തിയത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയേയോ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെയോ ആരെയെങ്കിലും ഒരാളെ ന്യൂനപക്ഷ വിഭാഗം കൊന്നുകളയുമെന്ന് പ്രതീക്ഷിച്ചതായും എന്നാല്‍ ആരും അത് ചെയ്തില്ലെന്നുമാണ് പ്രസംഗിച്ചത്. ഇക്കഴിഞ്ഞ ഡിസംബര്‍ 29നായിരുന്നു വിവാദ പരാമര്‍ശം. 

ഇതിനെതിരെ ബിജെപി പരാതി നല്‍കുകയായിരുന്നു. പ്രധാനമന്ത്രിയെയും അഭ്യന്തരമന്ത്രിയെയും കൊല്ലാന്‍ നെല്ലൈ കണ്ണന്‍ മുസ്ലീം വിഭാഗത്തോട് ആഹ്വാനം ചെയ്‌തെന്നു കാണിച്ചാണ് ബിജെപി തമിഴ്‌നാടു ഡിജിപിക്ക് പരാതി നല്‍കിയത്. മോശം പരാമര്‍ശം നടത്തുക മാത്രമല്ല കണ്ണന്‍ ചെയ്തത്, പ്രധാനമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കുമെതിരെ വധഭീഷണി മുഴക്കുകയും ചെയ്തുവെന്നും ബിജെപി ആരോപിച്ചിരുന്നു. 

നെല്ലൈ കണ്ണനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ബിജെപി ഇന്ന് സമരം നടത്തി. സമരവുമായി ബന്ധപ്പെട്ട് ബിജെപി ദേശീയ സെക്രട്ടറി എച്ച് രാജ, മുന്‍ കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന്‍ എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ചെന്നൈ മറീന ബീച്ചിലായിരുന്നു ബെജെപിയുടെ സമരം. എല്‍ ഗണേശന്‍, സിപി രാധാകൃഷ്ണന്‍ തുടങ്ങിയ മുതിര്‍ന്ന ബിജെപി നേതാക്കളും കസ്റ്റഡിയിലായിരുന്നു. ഇതിന് പിന്നാലെയാണ് നെല്ലൈ കണ്ണനെ പൊലീസ് അറസ്റ്റ് ചെയ്തത്.