'പോരാട്ട ഭൂമിയില്‍ ഈ അമ്മമാര്‍'; ആസാദി മുദ്രാവാക്യം മുഴക്കി പാട്ടുപാടി പുതുവര്‍ഷാഘോഷം

ആസാദി മുദ്രാവാക്യം മുഴക്കിയും പാട്ടുപാടിയുമാണ് ഇവര്‍ പുതുവര്‍ഷത്തെ വരവേറ്റത്
'പോരാട്ട ഭൂമിയില്‍ ഈ അമ്മമാര്‍'; ആസാദി മുദ്രാവാക്യം മുഴക്കി പാട്ടുപാടി പുതുവര്‍ഷാഘോഷം

ന്യൂല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരായ മുദ്രാവാക്യങ്ങളുമായാണ് ഡല്‍ഹി ഷഹീന്‍ ബാഗിലെ സമരക്കാര്‍ പുതുവത്സരം ആഘോഷിച്ചത്. ഷഹീന്‍ ബാഗിലെ നോയിഡകാളിന്ദി കുഞ്ച് ദേശീയപാതയില്‍ ആയിരക്കണക്കിനാളുകളാണു പൗരത്വ നിയമത്തിനെതിരെ പ്രതിഷേധിക്കാന്‍ പുതുവര്‍ഷരാവില്‍ ഒത്തുകൂടിയത്. ആസാദി മുദ്രാവാക്യം മുഴക്കിയും പാട്ടുപാടിയുമാണ് ഇവര്‍ പുതുവര്‍ഷത്തെ വരവേറ്റത്.

കലാകാരന്മാര്‍, അധ്യാപകര്‍, വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ അണിനിരന്ന പ്രതിഷേധത്തെ പൊലീസ് ബാരിക്കേഡ് ഉപയോഗിച്ചു തടഞ്ഞെങ്കിലും അനിഷ്ട സംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കലാകാരന്മാര്‍ ചേര്‍ന്ന് 'ആര്‍ട്ട് തെറാപ്പി' പരിപാടികളും അവിടെയെത്തിച്ചേര്‍ന്ന കുട്ടികള്‍ക്കായി വിവിധ മത്സരങ്ങളും സംഘടിപ്പിച്ചതു ശ്രദ്ധേയമായി.

വാട്‌സാപ്പ് അടക്കമുള്ള സാമൂഹ്യമാധ്യമ പ്ലാറ്റ്‌ഫോമുകളില്‍ക്കൂടിയാണു പ്രതിഷേധം സംഘടിപ്പിച്ചത്. തങ്ങളുടെ അവകാശങ്ങള്‍ക്കു വേണ്ടി പോരാടാനാണു തെരുവിലിറങ്ങിയിരിക്കുന്നതെന്നു പ്രതിഷേധത്തില്‍ പങ്കെടുത്തവര്‍ പറയുന്നു

പ്രതിഷേധങ്ങളുടെ ഇടമായ ഷഹീന്‍ ബാഗില്‍ നിന്നു കഴിഞ്ഞ കുറച്ചുദിവസങ്ങളായി ആളുകളെ ഒഴിപ്പിക്കാന്‍ പൊലീസ് ശ്രമിക്കുന്നുണ്ട്. അവശ്യസാധനങ്ങള്‍ ലഭ്യമല്ലാത്തതിനാല്‍ ആളുകള്‍ ഒഴിയണമെന്നാണ് പൊലീസ് പറയുന്നത്.

ചിലര്‍ നടത്തുന്ന വര്‍ഗീയ പ്രസംഗങ്ങളാണു പ്രദേശത്ത് സംഘര്‍ഷാവസ്ഥ ഉണ്ടാക്കുന്നതെന്ന് പുതുവര്‍ഷരാവിലെ പ്രതിഷേധത്തിന്റെ സംഘാടകരിലൊരാളായ മെറാജ് ഖാന്‍ പറഞ്ഞു. എന്നാല്‍ സമാധാനപരമായ പ്രതിഷേധമാണെങ്കില്‍ തങ്ങള്‍ക്കെതിരെ പൊലീസ് നടപടിയുണ്ടാകില്ലെന്ന ഉറപ്പിലാണു പ്രതിഷേധം സംഘടിപ്പിച്ചതെന്ന് ഖാന്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com