പൗരത്വ നിയമത്തിനെതിരെ പ്രതിഷേധം വീണ്ടും ശക്തമാകുമെന്ന് ആശങ്ക ; അലിഗഡ് സര്‍വകലാശാലയിലെ അവധി അനിശ്ചിതകാലത്തേക്ക് നീട്ടി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 02nd January 2020 11:12 AM  |  

Last Updated: 02nd January 2020 11:12 AM  |   A+A-   |  


 

ലക്‌നൗ : പൗരത്വ നിയമ ഭേദഗതിക്കെതിരെ വന്‍ പ്രതിഷേധത്തെത്തുടര്‍ന്ന് അടച്ചിട്ട യുപിയിലെ അലിഗഡ് മുസ്ലിം യൂണിവേഴ്‌സിറ്റിയിലെ അവധി അനിശ്ചിതകാലത്തേക്ക് നീട്ടി. ക്യാംപസ് തുറന്നാല്‍ വീണ്ടും പൗരത്വ പ്രശ്‌നത്തില്‍ പ്രതിഷേധം രൂക്ഷമാകുമെന്ന ആശങ്ക പരിഗണിച്ചാണ്  അവധി നീട്ടാന്‍ അധികൃതര്‍ തീരുമാനിച്ചത്. നേരത്തെ ജനുവരി ആറിന് ക്യാംപസ് തുറക്കുമെന്നാണ് പ്രഖ്യാപിച്ചിരുന്നത്.

ജനുവരി ആറിന് ക്യാംപസ് തുറക്കില്ലെന്നും, വിന്റര്‍ വെക്കേഷന്‍ അനിശ്ചിതകാലത്തേക്ക് നീട്ടുകയാണെന്നും സര്‍വകലാശാല വക്താവ് അറിയിച്ചു. അലിഗഡ് യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ പ്രൊഫസര്‍ താരിഖ് മന്‍സൂറിന്റെ അധ്യക്ഷതയില്‍ ഫാക്കല്‍റ്റി ഡീന്‍മാര്‍, പ്രിന്‍സിപ്പല്‍മാര്‍, മറ്റ് സര്‍വകലാശാല അധികൃതര്‍ എന്നിവര്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. സ്ഥിതിഗതികള്‍ പരിശോധിച്ചശേഷം ക്യാംപസ് തുറക്കുന്ന തീയതി പിന്നീട് പ്രഖ്യാപിക്കുമെന്ന് സര്‍വകലാശാല അറിയിച്ചു.

പൗരത്വ നിയമത്തിനെതിരെ അലിഗഡില്‍ നടന്ന പ്രതിഷേധം വന്‍ സംഘര്‍ഷത്തിനും പൊലീസ് ലാത്തിച്ചാര്‍ജ്ജിനും ഇടയാക്കിയിരുന്നു. സംഘര്‍ഷത്തില്‍ 40 വിദ്യാര്‍ത്ഥികള്‍ അടക്കം 60 പേര്‍ക്ക് പരിക്കേറ്റിരുന്നു. പൊലീസും റാപ്പിഡ് ആക്ഷന്‍ ടീമും ക്യാംപസിന് അകത്ത് കടന്ന് കുട്ടികളെ തല്ലിച്ചതച്ചെന്നും വിദ്യാര്‍ത്ഥികള്‍ ആരോപിച്ചു. അലിഗഡിലെ സംഘര്‍ഷം പിന്നീട് യുപി ഒട്ടാകെ വ്യാപിക്കുകയും ചെയ്തിരുന്നു.