അച്ഛന്റെ ചരമവാര്‍ഷികത്തിന് ഒമ്പത് തടവുകാര്‍ക്ക് മോചനം നല്‍കി യുവാവ് ; വേറിട്ട തര്‍പ്പണം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 02nd January 2020 01:30 PM  |  

Last Updated: 02nd January 2020 01:30 PM  |   A+A-   |  


 

ആഗ്ര : പിതാവിന്റെ മരണദിനത്തില്‍ സാമൂഹ്യപ്രവര്‍ത്തകനായ യുവാവിന്റെ വിശാലമനസ്സ് തുറന്നുകൊടുത്തത് ഒമ്പതു തടവുകാര്‍ക്ക് സ്വാതന്ത്ര്യം. ഇതുവരെ കണ്ടിട്ടും കേട്ടിട്ടുപോലുമില്ലാത്ത യുവാവിന്റെ കാരുണ്യത്തെക്കുറിച്ച് ഓര്‍ത്ത് അത്ഭുതപ്പെടുകയാണ് ജയില്‍ മോചനം നേടിയ തടവുകാര്‍.

ശിക്ഷാകാലാവധി കഴിഞ്ഞ് കോടതി വിധിച്ച പിഴശിക്ഷ അടയ്ക്കാന്‍ മാര്‍ഗ്ഗമില്ലാതെ വീണ്ടും ജയിലഴികളില്‍ കഴിയാന്‍ വിധിക്കപ്പെട്ട തടവുകാര്‍ക്കാണ് യുവാവിന്റെ കാരുണ്യം പുറംലോകത്തേക്ക് വഴിതുറന്നത്. പ്രവേന്ദ്രകുമാര്‍ യാദവ് എന്ന ചെറിപ്പക്കാരനാണ്, പെറ്റികേസുകളില്‍ ശിക്ഷിക്കപ്പെട്ട ഒമ്പത് തടവുകാരുടെ പിഴത്തുകയായ 61,333 രൂപ കെട്ടിവെച്ചത്.

അച്ഛന്‍ ശ്രീനിവാസ് യാദവിന്റെ ആറാം ചരമവാര്‍ഷികത്തിന് എന്നെന്നും ഓര്‍മ്മിക്കുന്ന വേറിട്ട ഒരു ആദരവ് നല്‍കണമെന്ന് ആഗ്രഹിച്ചിരുന്നു. അങ്ങനെയാണ് പണമില്ലാത്തതിനാല്‍ ജയിലഴികള്‍ക്കുള്ളില്‍ തുടരേണ്ടി വന്നവരെ മോചിപ്പിക്കാന്‍ തീരുമാനിച്ചതെന്ന് പ്രവേന്ദ്രകുമാര്‍ യാദവ് പറഞ്ഞു.

ശിക്ഷാകാലാവധി കഴിഞ്ഞിട്ടും, പിഴത്തുക അടയ്ക്കാന്‍ ഗതിയില്ലാതെ ജയിലില്‍ കഴിഞ്ഞ 313 തടവുകാരെ, വിവിധ സംഘടനകളുടെ സഹായത്താല്‍ ഇതുവരെ മോചിപ്പിക്കാന്‍ കഴിഞ്ഞതായി ആഗ്ര ജയില്‍ സൂപ്രണ്ട് ശശികാന്ത മിശ്ര പറഞ്ഞു. വിവിധ സന്നദ്ധ സംഘടനകള്‍, ഡോക്ടര്‍മാര്‍, ബിസിനസ്സുകാര്‍ തുടങ്ങിയവരാണ് സഹായവുമായി എത്തിയത്. ഇതുവഴി 21 ലക്ഷം രൂപ പിഴയായി സര്‍ക്കാരിലേക്ക് അടച്ചതായും ജയില്‍ സൂപ്രണ്ട് അറിയിച്ചു.