പാര്‍ലമെന്റിന് എതിരെയല്ല, പ്രതിഷേധിക്കേണ്ടത് പാകിസ്ഥാനെതിരെ: പൗരത്വ സമരക്കാരോട് നരേന്ദ്ര മോദി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 02nd January 2020 03:44 PM  |  

Last Updated: 02nd January 2020 03:44 PM  |   A+A-   |  

 

ബെംഗളൂരു: ഇന്ത്യന്‍ പാര്‍ലമെന്റിന് എതിരെ സമരം ചെയ്യുന്നവര്‍ പാകിസ്ഥാന്റെ ചെയ്തികളെ ലോകത്തിന് മുന്നില്‍ തുറന്നുകാട്ടുകയാണ് വേണ്ടതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കര്‍ണാടകയിലെ തുംകൂരുവില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. എഴുപതു വര്‍ഷങ്ങളായി പാകിസ്ഥാന്‍ തുടര്‍ന്നുവരുന്ന ചെയ്തികളെ തുറന്നുകാട്ടണമെന്ന് അദ്ദേഹം പറഞ്ഞു. 

മതാടിസ്ഥാനത്തിലാണ്  പാകിസ്ഥാന്‍ രൂപപ്പെട്ടത്. മതന്യൂനപക്ഷങ്ങള്‍ അവിടെ പീഡനത്തിന് ഇരയാവുകയാണ്. അവര്‍ ഇന്ത്യയിലേക്ക് അഭയാര്‍ത്ഥികളായി വരാന്‍ നിര്‍ബന്ധിതരാകുന്നു. പക്ഷേ കോണ്‍ഗ്രസും സഖ്യകക്ഷികളും പാകിസ്ഥാന് എതിരെയല്ല സംസാരിക്കുന്ത്, അഭയാര്‍ത്ഥികള്‍ക്ക് എതിരെ റാലി നടത്തുകയാണ്- അദ്ദേഹം പറഞ്ഞു. 

കഴിഞ്ഞ ദശാബ്ദം ആരംഭിക്കുമ്പോള്‍ എന്തായിരുന്നു ഇന്ത്യയുടെ അവസ്ഥയെന്ന് എല്ലാവര്‍ക്കും ഓര്‍മ്മ കാണും. പ്രതീക്ഷകളുടെ ശക്തമായ അടിത്തറയിലാണ് പുതിയ ദശാബ്ദം ആരംഭിച്ചിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധിയുടെ മൂന്നാമത്തെ ഗഡുവും അദ്ദേഹം പ്രഖ്യാപിച്ചു. കൃഷി കര്‍മന്‍ പുരസ്‌കാരങ്ങളും അദ്ദേഹം വിതരണം ചെയ്തു.