റിപ്പബ്ലിക് ദിന പരേഡ്, ബംഗാളിന്റെ ടാബ്ലോ കേന്ദ്രം വെട്ടി; പൗരത്വ നിയമ പ്രതിഷേധത്തിലുളള പ്രതികാരമെന്ന് തൃണമൂല്‍, വിവാദം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 02nd January 2020 01:10 PM  |  

Last Updated: 02nd January 2020 01:10 PM  |   A+A-   |  

 

ന്യൂഡല്‍ഹി: റിപ്പബ്ലിക് ദിന പരേഡില്‍ അവതരിപ്പിക്കുന്ന നിശ്ചല ദൃശ്യങ്ങളില്‍ നിന്ന് പശ്ചിമബംഗാളിനെ ഒഴിവാക്കി. സംസ്ഥാന, കേന്ദ്രഭരണ പ്രദേശങ്ങളില്‍ നിന്നായി നിശ്ചല ദൃശ്യങ്ങളുമായി ബന്ധപ്പെട്ട് 32 നിര്‍ദേശങ്ങളാണ് കേന്ദ്രസര്‍ക്കാരിന് ലഭിച്ചത്. ഇതില്‍ പശ്ചിമബംഗാള്‍ ഉള്‍പ്പെടെ 16 ഇടത്ത് നിന്നുമുളള നിര്‍ദേശങ്ങളാണ് ചുരുക്കപ്പട്ടികയില്‍ ഇടംപിടിക്കാതിരുന്നത്. മോദി- അമിത് ഷാ കൂട്ടുകെട്ടിന്റെ വിഭാഗീയ രാഷ്ട്രീയത്തിന്റെ പ്രതിഫലനമാണിതെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് എംപി സൗഗത റോയി ആരോപിച്ചു.

പൗര്‍ലമെന്റ് പാസാക്കിയ പൗരത്വ നിയമ ഭേദഗതിക്കെതിരെയുളള പ്രക്ഷോഭത്തില്‍ മുന്‍നിരയില്‍ നില്‍ക്കുന്ന വ്യക്തിയാണ് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി.കേന്ദ്രസര്‍ക്കാരിനെതിരെയുളള പ്രതിഷേധമാണ് റിപ്പബ്ലിക് ദിന പരേഡിലെ നിശ്ചലദൃശ്യങ്ങളില്‍ നിന്ന് പശ്ചിമ ബംഗാളിനെ ഒഴിവാക്കാന്‍ കാരണമെന്നാണ് ആക്ഷേപം. അതേസമയം വിദഗ്ധ സമിതി രണ്ടുവട്ടം കൂടിയാലോചനകള്‍ നടത്തിയാണ് മികച്ച നിര്‍ദേശങ്ങള്‍ തെരഞ്ഞെടുത്തതെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കുന്നു.

പരിമിതമായ സമയം മാത്രം ബാക്കിനില്‍ക്കേ, ഏതാനും നിശ്ചലദൃശ്യങ്ങള്‍ മാത്രമാണ് ചുരുക്കപ്പട്ടികയില്‍ ഇടംപിടിച്ചതെന്ന് പ്രതിരോധമന്ത്രാലയ വക്താവ് പറയുന്നു. ആശയം, രൂപകല്‍പ്പന, ദൃശ്യമികവ് തുടങ്ങിയവ പരിഗണിച്ചാണ് നിശ്ചല ദൃശ്യങ്ങള്‍ക്കായുളള നിര്‍ദേശങ്ങളില്‍ നിന്ന് മികച്ചത് ശുപാര്‍ശ ചെയ്്തത്. മികച്ച നിശ്ചലദൃശ്യങ്ങളെ പങ്കെടുപ്പിക്കുക എന്ന ഉദ്ദേശം മാത്രമേ ഇതിന് പിന്നിലുളളതെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനങ്ങള്‍, കേന്ദ്രഭരണ പ്രദേശങ്ങള്‍, വിവിധ വകുപ്പുകള്‍, മന്ത്രാലയങ്ങള്‍ എന്നിവയില്‍ നിന്നുമാണ് നിര്‍ദേശങ്ങള്‍ ക്ഷണിച്ചത്. ഇതനുസരിച്ച 52 നിര്‍ദേശങ്ങളാണ് പരിഗണനയ്ക്ക് വന്നത്. ഇതില്‍ നിന്ന് 22 നിര്‍ദേശങ്ങള്‍ ചുരുക്കപ്പട്ടികയില്‍ ഇടംപിടിച്ചതായും പ്രതിരോധ മന്ത്രാലയ വൃത്തങ്ങള്‍ പറയുന്നു.

ബംഗാളിനെ ഒഴിവാക്കിയത് വിവേചനമാണെന്ന്  തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് എംപി സൗഗത റോയി  ആരോപിച്ചു. സമ്പന്നമായ പൈതൃകമുളള സംസ്ഥാനമാണ് പശ്ചിമ ബംഗാള്‍. മോദി- ഷാ കൂട്ടുകെട്ടിന്റെ വിഭാഗീയ രാഷ്ട്രീയമാണ് ഇതില്‍ പ്രതിഫലിക്കുന്നതെന്നും സൗഗത റോയി പറയുന്നു.