പിഞ്ചുകുട്ടികള്‍ മരിച്ചു വീഴുമ്പോള്‍, മന്ത്രിക്ക് പരവതാനി വിരിച്ച് ആശുപത്രി അധികൃതര്‍ ; ചിത്രങ്ങള്‍ പുറത്ത്, വിവാദം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 03rd January 2020 04:23 PM  |  

Last Updated: 03rd January 2020 04:23 PM  |   A+A-   |  

 

ജയ്പുര്‍: രാജസ്ഥാനിലെ കോട്ടയില്‍ നവജാതശിശുക്കളുടെ മരണം നൂറുകടന്നു. 33 ദിവസത്തിനിടെ 104 കുട്ടികളാണ് ഇവിടെ മരിച്ചത്. അതിനിടെ പിഞ്ചുകുട്ടികള്‍ മരിച്ച ജെ കെ ലോന്‍ ആശുപത്രിയില്‍ സന്ദര്‍ശനത്തിനെത്തിയ ആരോഗ്യമന്ത്രിക്കായി ആശുപത്രി അധികൃതര്‍ പരവതാനി വിരിക്കുന്ന ചിത്രങ്ങള്‍ പുറത്തുവന്നു. ഇതിനെതിരെ പ്രതിപക്ഷപാര്‍ട്ടികള്‍ രംഗത്തുവന്നതോടെ സംഭവം വിവാദമായി.

സംസ്ഥാന ആരോഗ്യമന്ത്രി രഘു ശര്‍മയുടെ സന്ദര്‍ശനത്തിന് മുന്നോടിയായാണ് അധികൃതര്‍ ആശുപത്രി കവാടത്തില്‍ പച്ചനിറത്തിലുള്ള പരവതാനി വിരിച്ചത്. പിന്നീട് മാധ്യമങ്ങളുടെ സാന്നിധ്യം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് പരവതാനി നീക്കം ചെയ്യുകയായിരുന്നു. ചിത്രങ്ങള്‍ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ പുറത്തുവിട്ടു. 

പരവതാനി നീക്കം ചെയ്യുന്നു

2019 ഡിസംബര്‍ മുതല്‍ ജനുവരി രണ്ടുവരെ കോട്ടയിലെ ജെകെ ലോന്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ 104 നവജാതശിശുക്കളാണ് മരിച്ചത്. കുഞ്ഞുങ്ങളുടെ മരണസംഖ്യ ദിനംപ്രതി ഉയരുന്നതിനു പിന്നാലെ ബിഎസ്പിയും ബിജെപിയും രാജസ്ഥാനിലെ കോണ്‍ഗ്രസ് സര്‍ക്കാരിനെതിരെ രംഗത്തെത്തിയിരുന്നു. 

എന്നാല്‍ ചിലര്‍ സര്‍ക്കാരിനെതിരെ ദുഷ്പ്രചാരണം നടത്തുകയാണെന്നാണ് മുഖ്യമന്ത്രി അശോക് ഗെഹലോട്ട് പറയുന്നത്. സ്ഥിതിഗതികള്‍ വഷളാണെന്ന് വരുത്തിതീര്‍ക്കുകയാണ് ഇവരുടെ ലക്ഷ്യം. 33 ദിവസത്തിനിടെ 104 കുട്ടികളാണ് മരിച്ചത്. കഴിഞ്ഞ അഞ്ച്, ആറ് വര്‍ഷത്തെ കണക്ക് വെച്ചുനോക്കുമ്പോള്‍ ഇത് വളരെ കുറവാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.