ഭജൻ ​ഗായകനേയും കുടുംബത്തേയും കഴുത്തറുത്ത് കൊന്നു; പൈശാചികം; പ്രതി പിടിയിൽ

By സമകാലിക മലയാളം ഡെസ്‌ക്  |   Published: 03rd January 2020 10:14 AM  |  

Last Updated: 03rd January 2020 10:14 AM  |   A+A-   |  

ajay_pathak

 

ലഖ്നൗ: ഉത്തർപ്രദേശിൽ ഭജൻ ​ഗായകനേയും കുടുംബത്തെയും കഴുത്തറുത്ത് കൊന്നു. യുപിയിലെ ഷാംലിയിലാണ് ​പൈശാചിക സംഭവം അരങ്ങേറിയത്. ഗായകന്‍ അജയ് പഥക്ക്, ഭാര്യ സ്നേഹ, മകള്‍ വസുന്ധര എന്നിവരെയാണ് വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. 10 വയസുള്ള മകന്റെ മൃതദേഹം ഹരിയാനയില്‍ കാറിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയിലും കണ്ടെത്തി. 

കൊല നടത്തിയ പ്രതി ഹിമാന്‍ഷു സെയ്നിയെ പൊലീസ് അറസ്റ്റ് ചെയ്തു. പണമിടപാട് സംബന്ധിച്ച പ്രശ്നങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പ്രതി കുറ്റസമ്മതം നടത്തി. 

യുപിയിലെ അറിയപ്പെടുന്ന ഭജൻ ഗായകനായ 45കാരൻ അജയ്പഥക് 42 വയസുള്ള ഭാര്യ സ്നേഹ, 16കാരിയായ മകള്‍ വസുന്ധര എന്നിവരെയാണ് വീട്ടില്‍ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തിയത്. മൊബൈല്‍ ഫോണില്‍ ബന്ധപ്പെടാന്‍ കഴിയാത്തതോടെ ചൊവ്വാഴ്ച ഉച്ചയ്‍ക്ക് ബന്ധുക്കള്‍ വീട് കുത്തിതുറന്ന് പരിശോധിക്കുകയായിരുന്നു. 

അജയ്‍യുടെ 14 വയസുള്ള മകന്‍ ഭഗവത്തിനെ ആദ്യം വീട്ടില്‍ കണ്ടെത്താനായില്ല. മുറ്റത്ത് പാര്‍ക്ക് ചെയ്തിരുന്ന കാറും കാണാനില്ലായിരുന്നു. വീട്ടിനുള്ളിലെ സിസിടിവി ക്യാമറകള്‍ തകര്‍ത്ത നിലയിലായിരുന്നു. മോഷണം നടന്നിട്ടുണ്ടെന്നും അന്വേഷണത്തില്‍ വ്യക്തമായി. കൊള്ള നടത്തിയത് അജയ് പഥക്കുമായി അടുപ്പമുള്ളവര്‍ തന്നെയാകുമെന്ന് പൊലീസ് തുടക്കത്തില്‍ തന്നെ സംശയിച്ചു. 

സമീപത്തുള്ള സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചതോടെ മുന്‍പ് അജയ് പഥക്കിന്റെ സഹായിയായിരുന്ന ഹിമാന്‍ഷുവിന്റെ സാന്നിധ്യം കണ്ടെത്തി. തുടര്‍ന്ന് ഹരിയാനയിലെ പാനിപ്പത്തില്‍ നിന്ന് ഹിമാന്‍ഷുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിച്ചു. 

കടം വാങ്ങിയ 60,000 രൂപ തിരികെ ആവശ്യപ്പെട്ട് കേസ് നല്‍കിയതാണ് അജയ് പഥക്കിനെയും കുടുംബത്തെയും വകവരുത്താനുള്ള കാരണമെന്നാണ് ഹിമാന്‍ഷുവിന്റെ മൊഴി. നാല് പേരുടെയും മൃതദേഹങ്ങള്‍ നശിപ്പിക്കാനായിരുന്നു ഹിമാന്‍ഷുവിന്റെ പദ്ധതി. എന്നാല്‍, ഭാരം കാരണം മറ്റ് മൃതദേഹങ്ങള്‍ ഉപേക്ഷിച്ച് അജയ് പഥക്കിന്റെ മകന്റെ മൃതദേഹം മാത്രം കാറിന്റെ ഡിക്കിയിലിട്ട്ട്ട്  കടക്കുകയായിരുന്നുവെന്ന് ഹിമാന്‍ഷു പൊലീസിനോട് പറഞ്ഞു. ഹരിയാന അതിര്‍ത്തിയില്‍ മൃതദേഹത്തോടൊപ്പം കാര്‍ കത്തിച്ചു. ഭഗവത്തിന്റെ കത്തിക്കരിഞ്ഞ മൃതദേഹവും കാറും പൊലീസ് കണ്ടെടുത്തു. പ്രതിക്ക് മറ്റ് ആരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോയെന്ന് പൊലീസ് അന്വേഷിക്കുകയാണ്.