ലോട്ടറി അടിച്ചു കിട്ടിയത് ഒരു കോടി രൂപ, ഇപ്പോൾ പുറത്തിറങ്ങാൻ ഭയം; പൊലീസ് സംരക്ഷണം തേടി എഴുപതുകാരൻ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 03rd January 2020 04:31 PM  |  

Last Updated: 03rd January 2020 04:31 PM  |   A+A-   |  

lottery

 

കൽന; ലോട്ടറി അടിച്ച് പണക്കാരനാവുന്നത് സ്വപ്നം കാണാത്തവരായി ആരുമുണ്ടാകില്ല. ലോട്ടറി അടിച്ച് ബബർ പ്രൈസ് മാത്രമായിരിക്കില്ല കിട്ടുക, വലിയ പ്രശസ്തിയും നേടും. വാർത്തകളിൽ നിറഞ്ഞ് ഒരു കൊച്ചു സ്റ്റാറാവാൻ ലോട്ടറി അടിക്കുന്നതിലൂടെ സാധിക്കും. എന്നാൽ  ഭാ​ഗ്യദേവത തുണച്ചതിലൂടെ പ്രശ്നത്തിലായ ഒരു 70 കാരനാണ് ഇപ്പോൾ വാർത്തയിൽ നിറയുന്നത്. ഒരു കോടി രൂപ അടിച്ചതോടെയാണ്  പശ്ചിമ ബംഗാൾ സ്വദേശിയായ ഇന്ദ്രനാരായൺ സെൻ പ്രശസ്തനാവുന്നത്. 

വാർത്ത പുറത്തുവന്നതോടെ അദ്ദേഹത്തെ തേടി നിരവധി പേർ എത്തി. ആകെ തിരക്കും ബഹളവും. സമാധാനമായി ജീവിച്ചിരുന്ന നാരായണിന് ഒടുവിൽ വീട്ടുമുറ്റത്തേക്ക് ഇറങ്ങാൻ വരെ ഭയമായി തുടങ്ങി. പണത്തിന് വേണ്ടി താൻ ആക്രമിക്കപ്പെടുമോ എന്ന പേടിയിൽ കൽന പൊലീസ് സ്റ്റേഷനിൽ എത്തി സംരക്ഷണം തേടിയിരിക്കുകയാണ് ഇന്ദ്രനാരായൺ. 

നാഗാലാന്റ് ലോട്ടറിയുടെ പത്ത് ടിക്കറ്റുകളാണ് 60 രൂപയ്ക്ക് നാരായൺ വാങ്ങിയത്. എന്നാൽ ഫലമൊന്നും നോക്കിയിരുന്നില്ല. ലോട്ടറി ഏജന്റായ മിന്റു ബിശ്വാസ് ഫലം പരിശോധിച്ചപ്പോൾ ഒന്നാം സമ്മാനം തന്റെ കടയിൽ നിന്ന് വിറ്റ ടിക്കറ്റിനാണെന്ന് കണ്ടെത്തിയിരുന്നു. ഇതോടെ മധുരപലഹാരങ്ങളും വാങ്ങി നാരായണിന്റെ വീട്ടിലെത്തി. ആദ്യം വിശ്വസിച്ചില്ലെങ്കിലും ടിക്കറ്റ് നോക്കിയതോടെ ഉറപ്പിച്ചു. പക്ഷേ പേടിച്ചിട്ട് ആരോടും പറഞ്ഞില്ലെന്നും നാരായൺ പറയുന്നു. പക്ഷേ ലോട്ടറി ഏജന്റ് നാടുമുഴുവൻ സന്തോഷം കൊണ്ട് പറഞ്ഞു പരത്തിയതോടെയാണ് ഭാ​ഗ്യവാനെ കാണാൻ ആളുകൾ എത്തിത്തുടങ്ങിയത്. 

ലോട്ടറി അടിച്ച ഒരു കോടി രൂപ മൂന്നായി ഭാ​ഗിക്കാനാണ് നാരായണിന്റെ തീരുമാനം. ഒരു  ഭാഗം എടുത്ത് ദുർഗാ ക്ഷേത്രം പണിയും. കുറച്ച് പണം ദക്ഷിണയായും പൂജയ്ക്കായും നൽകും. ബാക്കി ഭാഗം മൂന്ന് മക്കൾക്ക് വീതിച്ചു നൽകുമെന്നും നാരായൺ പറയുന്നു.ഇത്ര അധികം പണം ആദ്യമായാണ് താൻ കാണുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.