സിസേറിയനിടെ വയറ്റില്‍ പഞ്ഞി കുടുങ്ങി; 24 കാരി അണുബാധയെ തുടര്‍ന്ന് മരിച്ചു, പ്രതിഷേധം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 03rd January 2020 01:22 PM  |  

Last Updated: 03rd January 2020 01:22 PM  |   A+A-   |  

പ്രതീകാത്മകചിത്രം

 

ചെന്നൈ: സിസേറിയന്‍ ശസ്ത്രക്രിയയ്ക്കിടെ, ഉദരത്തില്‍ അബദ്ധത്തില്‍ പഞ്ഞി കുടുങ്ങി യുവതി മരിച്ചു. ശസ്ത്രക്രിയയ്ക്ക് ഉപയോഗിക്കുന്ന പഞ്ഞിയില്‍ നിന്നുളള അണുബാധയെ തുടര്‍ന്നാണ് 24 കാരി മരിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. തമിഴ്‌നാട് വിരുദ്ധചലം സ്വദേശിനിക്കാണ് ദാരുണാന്ത്യം. ചികിത്സാപിഴവ് സംഭവിച്ച ഡോക്ടര്‍മാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് യുവതിയുടെ ബന്ധുക്കള്‍ വിരുദ്ധചലം സര്‍ക്കാര്‍ ആശുപത്രിക്ക് മുന്‍പില്‍ പ്രതിഷേധിച്ചു. സ്വകാര്യ ആശുപത്രിയുടെ ചികിത്സാപിഴവാണ് മരണകാരണമെന്ന് സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ ആരോപിക്കുന്നു.

ഡിസംബര്‍ 27നാണ് പ്രസവവേദനയെ തുടര്‍ന്ന് യുവതിയെ വിരുദ്ധചലം സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സിസേറിയന് വിധേയയാക്കിയ യുവതി അന്നേദിവസം ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കി. രണ്ടുദിവസം കഴിഞ്ഞ് കടുത്ത വയറുവേദന അനുഭവപ്പെട്ട യുവതിയെ ആരോഗ്യസ്ഥിതി വഷളായതിനെ തുടര്‍ന്ന് പുതുച്ചേരിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി.

ഡിസംബര്‍ 31ന് കടുത്ത അണുബാധയുമായി ചികിത്സ തേടിയെത്തിയ  യുവതിക്ക് സ്വകാര്യ ആശുപത്രിയില്‍ ശസ്ത്രക്രിയ നടത്തി. ശസ്ത്രക്രിയയില്‍ ശസ്ത്രക്രിയയ്ക്ക് ഉപയോഗിക്കുന്ന പഞ്ഞി കണ്ടെത്തി നീക്കം ചെയ്്‌തെങ്കിലും ആരോഗ്യനില വഷളായ രോഗി അടുത്തദിവസം മരണത്തിന് കീഴടങ്ങി. പഞ്ഞി കണ്ടെത്തിയ കാര്യം ആശുപത്രി അധികൃതര്‍ രോഗിയുടെ ബന്ധുക്കളെ അറിയിച്ചു. സിസേറിയന്‍ നടത്തിയപ്പോള്‍ സംഭവിച്ചതാകാമെന്നും സ്വകാര്യ ആശുപത്രി അധികൃതര്‍ യുവതിയുടെ ബന്ധുക്കളെ ധരിപ്പിച്ചു.തുടര്‍ന്നായിരുന്നു ചികിത്സാപിഴവ് സംഭവിച്ച ഡോക്ടര്‍മാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ ആശുപത്രിക്ക് മുന്‍പില്‍ പ്രതിഷേധം നടന്നത്.

എന്നാല്‍ ആരോപണം സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ തളളി. സ്വകാര്യ ആശുപത്രിയിലെ ചികിത്സാപിഴവാണ് യുവതിയുടെ മരണത്തിന് കാരണമെന്നാണ് സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ പറയുന്നത്.