33 ദിവസത്തിനിടെ മരിച്ചത് 104 നവജാതശിശുക്കള്‍ ; അഞ്ചുവര്‍ഷത്തിനിടെ ഏറ്റവും കുറവെന്ന് മുഖ്യമന്ത്രി

33 ദിവസത്തിനിടെ 104 കുട്ടികളാണ് മരിച്ചത്. കഴിഞ്ഞ അഞ്ച്, ആറ് വര്‍ഷത്തെ കണക്ക് വെച്ചുനോക്കുമ്പോള്‍ ഇത് വളരെ കുറവാണെന്ന് മുഖ്യമന്ത്രി
33 ദിവസത്തിനിടെ മരിച്ചത് 104 നവജാതശിശുക്കള്‍ ; അഞ്ചുവര്‍ഷത്തിനിടെ ഏറ്റവും കുറവെന്ന് മുഖ്യമന്ത്രി

കോട്ട : കോണ്‍ഗ്രസ് ഭരിക്കുന്ന രാജസ്ഥാനില്‍ കഴിഞ്ഞ ഒരു മാസത്തിനിടെ മരിച്ചത് 104 നവജാതശിശുക്കള്‍. ജനുവരിയിലെ ആദ്യ രണ്ടു ദിനങ്ങളില്‍ നാലു പിഞ്ചുകുട്ടികളാണ് മരിച്ചത്. ഇതോടെ 33 ദിവസത്തിനിടെ മരിച്ചത് 104 കുട്ടികളായി. കോട്ടയിലെ ജെ കെ ലോണ്‍ ഹോസ്പിറ്റലിലാണ് കഴിഞ്ഞദിവസം നാലുകുട്ടികള്‍ മരിച്ചത്. 

കുട്ടികള്‍ മരിച്ച സംഭവത്തില്‍ രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹലോട്ട് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധനെ ഫോണില്‍ വിളിച്ച് സ്ഥിതിഗതികള്‍ ധരിപ്പിച്ചു. നവജാതശിശുക്കള്‍ മരിച്ച സംഭവത്തില്‍ ചിലര്‍ സര്‍ക്കാരിനെതിരെ ദുഷ്പ്രചാരണം നടത്തുകയാണെന്ന് മുഖ്യമന്ത്രി ഗെഹലോട്ട് പറഞ്ഞു. സ്ഥിതിഗതികള്‍ വഷളാണെന്ന് വരുത്തിതീര്‍ക്കുകയാണ് ഇവരുടെ ലക്ഷ്യം. 33 ദിവസത്തിനിടെ 104 കുട്ടികളാണ് മരിച്ചത്. കഴിഞ്ഞ അഞ്ച്, ആറ് വര്‍ഷത്തെ കണക്ക് വെച്ചുനോക്കുമ്പോള്‍ ഇത് വളരെ കുറവാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. 

കുട്ടികള്‍ മരിക്കുന്നകാര്യം പറയുന്നു, എന്നാല്‍ എന്തുകൊണ്ടാണ് ഒരു അമ്മ പോലും മരിക്കാത്തത് ?. അശോക് ഗെഹലോട്ട് ചോദിച്ചു. നവജാതശിശുക്കളുടെ മരണത്തില്‍ സര്‍ക്കാര്‍ അലസത കാട്ടുകയാണെന്ന ആരോപണം തെറ്റാണ്. സര്‍ക്കാര്‍ ഗൗരവത്തോടെയാണ് വിഷയം കാണുന്നത്. കോട്ടയിലെ നവജാതശിശു മരണനിരക്കില്‍ കുറവുണ്ടായിട്ടുണ്ട്. അമ്മയുടെയും കുട്ടികളുടെയും ആരോഗ്യത്തിനാണ് സര്‍ക്കാര്‍ മുഖ്യപരിഗണന നല്‍കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്രആരോഗ്യമന്ത്രി കോട്ട സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ നേരിട്ട് വിലയിരുത്താന്‍ ആവശ്യപ്പെട്ടെന്നും അശോക് ഗെഹലോട്ട് അറിയിച്ചു. 

രാജസ്ഥാനിലെ കോട്ടയില്‍ നവജാതശിശുക്കള്‍ കൂട്ടത്തോടെ മരിക്കുന്ന സംഭവത്തില്‍ നിസ്സംഗത പുലര്‍ത്തുന്ന കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിനെതിരെ ബിഎസ്പി നേതാവ് മായാവതി കഴിഞ്ഞദിവസം രൂക്ഷവിമര്‍ശനം ഉന്നയിച്ചിരുന്നു. സോണിയാഗാന്ധിയും പ്രിയങ്കഗാന്ധിയും ഇക്കാര്യത്തില്‍ പ്രതികരിക്കാത്തതെന്താണ് ?. യുപിയില്‍ പൗരത്വ പ്രക്ഷോഭങ്ങള്‍ക്കിടെ കൊല്ലപ്പെട്ടവരുടെ വീടുകള്‍ സന്ദര്‍ശിക്കാന്‍ ഉത്സാഹം കാട്ടിയ പ്രിയങ്ക എന്തുകൊണ്ട് കുട്ടികള്‍ മരിച്ച അമ്മമാരെ കാണാന്‍ കൂട്ടാക്കുന്നില്ലെന്നും മായാവതി ചോദിച്ചു. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥും രാജസ്ഥാന്‍ സര്‍ക്കാരിനെയും കോണ്‍ഗ്രസ് നേതൃത്വത്തെയും രൂക്ഷമായി വിമര്‍ശിച്ചിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com