പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്ക് വിജയിച്ചു ; മണിക്കൂറുകള്‍ക്കകം മരണം 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 03rd January 2020 02:32 PM  |  

Last Updated: 03rd January 2020 02:32 PM  |   A+A-   |  

death

പ്രതീകാത്മക ചിത്രം

 

ചെന്നൈ : തമിഴ്‌നാട്ടില്‍ നടക്കുന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്ക് മല്‍സരിച്ചയാള്‍ വിജയിച്ച് മണിക്കൂറുകള്‍ക്കകം മരിച്ചു. പെരമ്പലൂര്‍ ജില്ലയിലെ അധാനൂര്‍ ടൗണ്‍ പഞ്ചായത്തിലാണ് സംഭവം. പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വിജയിച്ച മണിവേലാണ് പ്രസിഡന്റ് കസേരയില്‍ ഇരിക്കുന്നതിന് മുമ്പെ മരണത്തിന് കീഴടങ്ങിയത്. 

72 കാരനായ മണിവേല്‍ സ്വതന്ത്രനായാണ് തെരഞ്ഞെടുപ്പില്‍ മല്‍സരിച്ചത്. ഓട്ടോറിക്ഷ ചിഹ്നത്തിലായിരുന്നു ഇയാള്‍ ജനവിധി തേടിയത്. തെരഞ്ഞെടുപ്പില്‍ 962 വോട്ടുനേടിയ മണിവേല്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. 

തെരഞ്ഞെടുപ്പില്‍ വിജയിച്ചതായുള്ള ഇലക്ഷന്‍ കമ്മീഷന്റെ സര്‍ട്ടിഫിക്കറ്റ് വാങ്ങി മണിക്കൂറുകള്‍ക്കകം അദ്ദേഹത്തിന് ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെടുകയും മരിക്കുകയുമായിരുന്നു. തമിഴ്‌നാട്ടിലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ എഐഎഡിഎംകെയ്ക്ക് കനത്ത തിരിച്ചടിയാണ്. പ്രതിപക്ഷമായ ഡിഎംകെ മുന്നേറുന്നതായാണ് റിപ്പോര്‍ട്ടുകള്‍.