'ഞാന്‍ കൂടെയുണ്ട്'; യുപി പൊലീസിനെ ഞെട്ടിച്ച് പ്രിയങ്ക, മുസാഫര്‍ നഗറിലും മീററ്റിലും മിന്നല്‍ സന്ദര്‍ശനം

By സമകാലിക മലയാളം ഡെസ്‌ക്  |   Published: 04th January 2020 04:45 PM  |  

Last Updated: 04th January 2020 04:45 PM  |   A+A-   |  

PTI1_4_2020_000113B

പ്രക്ഷോഭത്തിനിടെ കൊല്ലപ്പെട്ടയാളുടെ വീട്ടില്‍ പ്രിയങ്ക ഗാന്ധി/ ചിത്രം പിടിഐ

 

മീററ്റ്: പൗരത്വ നിയമഭേദഗതിക്ക് എതിരെ നടന്ന സമരത്തില്‍ പങ്കെടുത്തതിന്റെ പേരില്‍ പൊലീസ് നടപടി നേരിടേണ്ടിവന്നവരുടെ വീടുകളില്‍ മിന്നല്‍ സന്ദര്‍ശനം നടത്തി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. മുസാഫര്‍ നഗറിലും മീററ്റിലുമാണ് പ്രിയങ്ക ഗാന്ധി സന്ദര്‍ശനം നടത്തിയത്. 

പൊലീസ് ലാത്തിചാര്‍ജില്‍ പരിക്കേറ്റ മുസാഫര്‍നഗറിലെ ആളുകളെയാണ് പ്രിയങ്ക ആദ്യം സന്ദര്‍ശിച്ചത്. സമരത്തിനിടെ പൊലീസ് ക്രൂരമായി മര്‍ദിച്ച മൗലാന ആസാദ് റാസ ഹുസൈന്റെ വീട് പ്രിയങ്ക സന്ദര്‍ശിച്ചു.

' ഈ ദുരതത്തിന്റെ അവസ്ഥയില്‍ ഞാന്‍ നിങ്ങളോടൊപ്പമുണ്ട്' പ്രിയങ്ക ജനങ്ങളോട് പറഞ്ഞതായി വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു. 

കുട്ടികളെന്നോ സ്ത്രീകളെന്നോ വിവേചനമില്ലാതെ ജനങ്ങളെ പൊലീസ് അതിക്രൂരമായി തല്ലിച്ചതക്കുകയായിരുന്നു എന്ന് പ്രിയങ്ക പറഞ്ഞു. ഏഴ് മാസം ഗര്‍ഭിണിയായ ഒരു 22കാരിക്കും ക്രൂരമായി മര്‍ദനമേറ്റെന്ന് അവര്‍ ആരോപിച്ചു. 

ഉത്തര്‍പ്രദേശ് ഗവര്‍ണര്‍ക്ക് നല്‍കിയ പരാതിയില്‍ പൊലീസിന്റെ ഓരോ ക്രൂരതയും എടുത്തുപറഞ്ഞിട്ടുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. മീററ്റില്‍ പൊലീസ് നടപടി ഏല്‍ക്കേണ്ടിവന്നവരെയെല്ലാം ഒരുമിച്ചുകൂട്ടിയാണ് പ്രിയങ്ക കൂടിക്കാഴ്ച നടത്തിയത്.

ഡിസംബര്‍ 24ന് മീററ്റ് സന്ദര്‍ശിക്കാനെത്തിയ പ്രിയങ്കയെയും രാഹുല്‍ ഗാന്ധിയെയും പൊലീസ് തടഞ്ഞത് വിവാദമായിരുന്നു. പ്രദേശത്ത് നിരോധനാജ്ഞ നിലനില്‍ക്കുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് അന്ന് പ്രിയങ്കയെ പൊലീസ് തടഞ്ഞത്. പ്രക്ഷോഭത്തിനിടെ മീററ്റില്‍ മാത്രം അഞ്ചുപേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്.