85കാരിയുടെ മൃതദേഹം ഉളളില്‍, വീട് ഇടിച്ചുനിരത്തി ജില്ലാ ഭരണകൂടം; കണ്ടെടുത്തത് കെട്ടിടാവിശിഷ്ടങ്ങളില്‍ നിന്ന്, വിവാദം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 04th January 2020 12:57 PM  |  

Last Updated: 04th January 2020 12:57 PM  |   A+A-   |  

പ്രതീകാത്മക ചിത്രം

 

ഭോപ്പാല്‍: 85കാരിയുടെ മൃതദേഹം അകത്തിരിക്കെ, ജില്ലാ ഭരണകൂടം വീട് ഇടിച്ചുപൊളിച്ചതായി കുടുംബത്തിന്റെ പരാതി. ശവസംസ്‌കാര ചടങ്ങുകള്‍ക്ക് കെട്ടിടാവിശിഷ്ടങ്ങളില്‍ നിന്നാണ് മൃതദേഹം വീണ്ടെടുത്തതെന്നും കുടുംബം ആരോപിക്കുന്നു. എന്നാല്‍ ജില്ലാ ഭരണകൂടം ആരോപണം നിഷേധിച്ചു.

മധ്യപ്രദേശ് തലസ്ഥാനമായ ഭോപ്പാലില്‍ നിന്ന് 462 കിലോമീറ്റര്‍ അകലെ കാറ്റ്‌നി ജില്ലയിലെ സ്ലീമാനാബാദിലാണ് സംഭവം. ഡിസംബര്‍ 28നാണ് 85കാരി മരിച്ചത്. ഇവരുടെ മൃതദേഹം വീട്ടിന് അകത്തിരിക്കെയാണ് ജില്ലാ ഭരണകൂടം കെട്ടിടം പൊളിച്ചതെന്ന് കുടുംബം ആരോപിക്കുന്നു. എന്നാല്‍ ആരോപണം നിഷേധിച്ച ജില്ലാ ഭരണകൂടം, സര്‍ക്കാരിന്റെ ഭൂമിയില്‍ നിയമം ലംഘിച്ചാണ് കുടുംബം കെട്ടിടം നിര്‍മ്മിച്ചതെന്ന് ചൂണ്ടിക്കാണിക്കുന്നു.

കെട്ടിടം പൊളിക്കരുതെന്ന് അപേക്ഷിച്ചെങ്കിലും മെഷീന്‍ ഉപയോഗിച്ച് അവര്‍ വീട് ഇടിച്ചുനിരത്തിയതായി 85കാരിയുടെ കുടുംബം പറയുന്നു. ഇതിന് പുറമെ അതിശൈത്യത്തില്‍ ജില്ലാ ഭരണകൂടത്തിന്റെ ഒരു സഹായവും ലഭിക്കാതെ രാത്രി കഴിച്ചുകൂട്ടേണ്ടി വന്നതായും കുടുംബം ആരോപിക്കുന്നു.

എന്നാല്‍ 85കാരിയുടെ കുടുംബത്തിന്റെ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് ജില്ലാ കലക്ടര്‍ പറയുന്നു. പത്തുദിവസം മുന്‍പാണ് 85 വയസ്സുളള വയോധിക മരിച്ചത്. വീട്ടില്‍ മൃതദേഹം ഉണ്ടായിരുന്നില്ല. സര്‍ക്കാര്‍ ആശുപത്രിയുടെ ഭൂമിയില്‍ അനധികൃതമായാണ് കുടുംബം വീട് വെച്ചതെന്നും കലക്ടര്‍ വിശദീകരിക്കുന്നു. സ്ഥലം ഒഴിയാന്‍ നോട്ടീസ് നല്‍കിയിരുന്നു. ഇതിന് രണ്ടുദിവസത്തെ സാവകാശം തേടി. ശേഷമാണ് കെട്ടിടം പൊളിച്ചതെന്നും ജില്ലാ ഭരണകൂടം വ്യക്തമാക്കുന്നു.

സംഭവം സംസ്ഥാനത്തെ പ്രതിപക്ഷമായ ബിജെപി ഏറ്റെടുത്തു. ദരിദ്രജനവിഭാഗങ്ങളോട് കമല്‍നാഥ് സര്‍ക്കാരിന്റെ സമീപനമാണ് ഇതില്‍ നിന്ന് വ്യക്തമാകുന്നതെന്ന് ബിജെപി ആരോപിക്കുന്നു.