കുഞ്ഞുങ്ങള്‍ മരിച്ചത് തണുത്തുവിറങ്ങലിച്ച്; ജീവന്‍ രക്ഷിക്കാന്‍ പ്രാഥമിക സജ്ജീകരണങ്ങള്‍ പോലുമില്ല; കോട്ട ആശുപത്രിയുടെ ദയനീയാവസ്ഥ വ്യക്തമാക്കി റിപ്പോര്‍ട്ട്

രാജസ്ഥാന്‍ കോട്ടയിലെ ജെകെ ലോണ്‍ ആശുപത്രിയില്‍ കുഞ്ഞുങ്ങള്‍ മരിച്ചതുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്
കുഞ്ഞുങ്ങള്‍ മരിച്ചത് തണുത്തുവിറങ്ങലിച്ച്; ജീവന്‍ രക്ഷിക്കാന്‍ പ്രാഥമിക സജ്ജീകരണങ്ങള്‍ പോലുമില്ല; കോട്ട ആശുപത്രിയുടെ ദയനീയാവസ്ഥ വ്യക്തമാക്കി റിപ്പോര്‍ട്ട്

ജയ്പുര്‍: രാജസ്ഥാന്‍ കോട്ടയിലെ ജെകെ ലോണ്‍ ആശുപത്രിയില്‍ കുഞ്ഞുങ്ങള്‍ മരിച്ചതുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്. കുഞ്ഞുങ്ങള്‍ മരിച്ചത് തണുത്തു വിറങ്ങലിച്ചാണെന്ന് അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. ശിശുമണങ്ങളെക്കുറിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച സമിതിയുടെ റിപ്പോര്‍ട്ടാണ് പുറത്തുവന്നിരിക്കുന്നത്. 

107 കുരുന്നു ജീവനുകളാണ് ഡിസംബര്‍ 1 മുതല്‍ ജെകെ ലോണ്‍ ആശുപത്രിയില്‍ പൊലിഞ്ഞത്. കുഞ്ഞുങ്ങളുടെ ജീവന്‍ രക്ഷിക്കാന്‍ പ്രാഥമിക സജ്ജീകരണങ്ങള്‍ പോലും ആശുപത്രിയില്‍ ഉണ്ടായിരുന്നില്ലെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

ഹൈപ്പോതെര്‍മിയയാണ് (ശരീരത്തിലെ ഊഷ്മാവ് അതിവേഗം നഷ്ടപ്പെടുന്ന അവസ്ഥ) ശിശുമരണ നിരക്ക് ഉയരാനുള്ള കാരണം. നവജാത ശിശുക്കളുടെ ജീവന്‍ രക്ഷിക്കാനായി ഒരു സാധാരണ ആശുപത്രിയില്‍ വേണ്ട സൗകര്യങ്ങളൊന്നും കോട്ട ആശുപത്രിയില്‍ ഉണ്ടായിരുന്നില്ല. ഉപകരണങ്ങളുടെ അപര്യാപ്തതയാണ് മരണ നിരക്ക് ഉയരാനുണ്ടായ കാരണം. കുഞ്ഞുങ്ങളുടെ ശരീരോഷ്മാവ് 35 ഡിഗ്രി സെല്‍ഷ്യസിലും താഴെ എത്തിയിരുന്നു. സാധാരണനിലയില്‍ 37 ഡിഗ്രി സെല്‍ഷ്യസാണ് വേണ്ടത്. ഈ അവസ്ഥയിലേക്ക് എത്തിക്കുന്നതിനാവശ്യമായ ജീവന്‍ രക്ഷാ ഉപകരണങ്ങള്‍ ആശുപത്രിയില്‍ ഉണ്ടായിരുന്നില്ലെന്നു റിപ്പോര്‍ട്ട് ചൂണ്ടികാണിക്കുന്നു.

ശൈത്യകാലമായ ഡിസംബറില്‍ ശിശുമരണ നിരക്ക് വര്‍ധിക്കുന്നതായാണു കണക്കുകള്‍. എന്നാല്‍ അധികൃതരുടെ ഭാഗത്തു നിന്നു വേണ്ടത്ര ഇടപെടല്‍ ഇല്ലാതിരുന്നത് കുഞ്ഞുങ്ങളുടെ ജീവന്‍ നഷ്ടപ്പെടുന്നതിനു കാരണമായെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

28 നെബുലൈസറുകള്‍ ഉള്ളതില്‍ 22 എണ്ണവും പ്രവര്‍ത്തനരഹിതമായിരുന്നു. ജീവന്‍ നിലനിര്‍ത്തുന്നതിനാവശ്യമായ ഇന്‍ഫ്യൂഷന്‍ പമ്പുകള്‍ 111 എണ്ണം ആശുപത്രിയില്‍ ഉണ്ട്. ഇതില്‍ 81 എണ്ണവും പ്രവര്‍ത്തനരഹിതമായിരുന്നു. പാരാമീറ്ററുകളുടെയും പള്‍സ് ഓക്‌സി മീറ്ററുകളുടെയും അവസ്ഥയും സമാനമായിരുന്നു. ഓക്‌സിജന്‍ പൈപ്പുകളുടെ അഭാവമുള്ളതിനാല്‍ സിലിണ്ടറിലൂടെയാണ് കുഞ്ഞുങ്ങള്‍ക്ക് ഓക്‌സിജന്‍ ലഭ്യമാക്കിയിരുന്നത്. കുട്ടികള്‍ക്കായി 40 ഹീറ്ററുകള്‍ വാങ്ങിയതായി രേഖകളില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്.

ആറ് കോടി രൂപയുടെ ഫണ്ട് ആശുപത്രിക്ക് അനുവദിച്ചിട്ടുണ്ടെങ്കിലും ഉപകരണങ്ങള്‍ വാങ്ങിയില്ലെന്ന് ഉദ്യോഗസ്ഥര്‍ തന്നെ സാക്ഷ്യപ്പെടുത്തി. വെള്ളിയാഴ്ച ആരോഗ്യമന്ത്രി രഘു ശര്‍മ ആശുപത്രി സന്ദര്‍ശിച്ചിരുന്നു. ന്യൂമോണിയ ബാധിച്ച് ഒരു പെണ്‍കുട്ടി കൂടി അന്നേ ദിവസം മരിച്ചിരുന്നു. വീഴച വരുത്തിയവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് രഘുശര്‍മ വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com