പൗരത്വ സമരത്തില്‍ പങ്കെടുത്തവര്‍ക്ക് പെന്‍ഷന്‍, ബന്ധുക്കള്‍ക്ക് നഷ്ടപരിഹാരം; വാഗ്ദാനവുമായി സമാജ് വാദി പാര്‍ട്ടി, വിമര്‍ശനവുമായി ബിജെപി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 04th January 2020 10:47 AM  |  

Last Updated: 04th January 2020 10:47 AM  |   A+A-   |  

 

ലക്‌നൗ: പൗരത്വ നിയമ ഭേദഗതിക്കെതിരെ നടക്കുന്ന സമരത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് പെന്‍ഷന്‍ വാഗ്ദാനം ചെയ്ത് സമാജ്‌വാദി പാര്‍ട്ടി. ഉത്തര്‍പ്രദേശിലും കേന്ദ്രത്തിലും അധികാരത്തില്‍ വന്നാല്‍ പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിക്കുന്നവര്‍ക്ക് പെന്‍ഷന്‍ നല്‍കുമെന്നാണ് എസ്പിയുടെ വാഗ്ദാനം. കലാപകാരികളെയും സാമൂഹ്യവിരുദ്ധരെയും ആദരിക്കുന്ന എസ്പിയുടെ ഡിഎന്‍എയാണ് പ്രകടമാകുന്നതെന്ന് ബിജെപി വിമര്‍ശിച്ചു.

ഉത്തര്‍പ്രദേശില്‍ പൗരത്വ നിയമ ഭേദഗതിക്കെതിരെ നടന്ന പ്രക്ഷോഭത്തില്‍ പങ്കെടുത്ത് ജയിലില്‍ അടയ്ക്കപ്പെട്ടവരുടെ ബന്ധുക്കള്‍ക്ക് നഷ്ടപരിഹാരം നല്‍കുമെന്ന് പ്രതിപക്ഷ നേതാവ് രാം ഗോവിന്ദ് ചൗധരി പറഞ്ഞു. ഉത്തര്‍പ്രദേശിലും കേന്ദ്രത്തിലും അധികാരത്തില്‍ വന്നാല്‍ ഭരണഘടന സംരക്ഷിക്കാന്‍ പോരാടുന്നവര്‍ക്ക് പെന്‍ഷന്‍ നല്‍കുമെന്നും ചോദ്യങ്ങള്‍ക്ക് മറുപടിയായി ചൗധരി പറഞ്ഞു.അഭയം ചോദിച്ചുവരുന്നവര്‍ക്ക് സംരക്ഷണം നല്‍കും.  പ്രധാനപ്പെട്ട പ്രശ്‌നങ്ങളില്‍ നിന്ന് ശ്രദ്ധതിരിക്കാനാണ് മോദി സര്‍ക്കാര്‍ ശ്രമിക്കുന്നത്. ആരെങ്കിലും ഇതിനെതിരെ തിരിഞ്ഞാല്‍ അവരോട് പാകിസ്ഥാനിലേക്ക് പോകാനാണ് ഇവര്‍ പറയുന്നതെന്നും ചൗധരി ആരോപിച്ചു.

സമാജ്്‌വാദി പാര്‍ട്ടിയുടെ വിമര്‍ശനങ്ങള്‍ക്കെതിരെ ബിജെപി രംഗത്തുവന്നു. കലാപകാരികളെയും സാമൂഹ്യവിരുദ്ധരെയും ആദരിക്കുന്ന എസ്പിയുടെ ഡിഎന്‍എയാണ് പ്രകടമാകുന്നതെന്ന് ബിജെപി ഉപമുഖ്യമന്ത്രി ദിനേശ് ശര്‍മ്മ കുറ്റപ്പെടുത്തി. ഭീകരവാദികള്‍ക്കെതിരെയുളള കേസുകള്‍ പിന്‍വലിക്കാന്‍ ശ്രമിച്ചവരാണ് അവര്‍. അവസാനം കോടതിക്ക് ഇടപെടേണ്ടി വന്നു. ബംഗ്ലാദേശികള്‍ക്കും റോഹിങ്ക്യന്‍ മുസ്ലീങ്ങള്‍ക്കും പൗരത്വം നല്‍കണമെന്ന് എസ്പി നേതാക്കള്‍ തുടര്‍ച്ചയായി പറയുന്നത് ദൗര്‍ഭാഗ്യകരമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. എസ്പിയും ബിഎസ്പിയും കോണ്‍ഗ്രസും സാമൂഹ്യവിരുദ്ധരെ പ്രീണിപ്പിക്കുന്ന നയമാണ് സ്വീകരിക്കുന്നതെന്നും ദിനേശ് ശര്‍മ്മ വിമര്‍ശിച്ചു.