ഭരണഘടനയുടെ കരട് തയ്യാറാക്കിയത് അംബേദ്കറല്ല, ഒരു ബ്രാഹ്മണന്‍ ; നൊബേല്‍ നേടിയ എട്ട് ഇന്ത്യാക്കാരും ബ്രാഹ്മണരെന്ന് ഗുജറാത്ത് സ്പീക്കര്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 04th January 2020 12:01 PM  |  

Last Updated: 04th January 2020 12:01 PM  |   A+A-   |  

 

അഹമ്മദാബാദ് : ഇന്ത്യന്‍ ഭരണഘടനയുടെ കരട് തയ്യാറാക്കിയത് ഡോ. ബി ആര്‍ അംബ്ദേക്കര്‍ അല്ല, ഒരു ബ്രാഹ്മണനാണെന്ന് ഗുജറാത്ത് സ്പീക്കര്‍. ഭരണഘടനയുമായി ബന്ധപ്പെട്ട് അംബേദ്കറിന്റെ പേരാണ് നാം ബഹുമാനത്തോടെ സ്മരിക്കുന്നത്. എന്നാല്‍ ഭരണഘടനയുടെ കരട് രൂപം തയ്യാറാക്കിയത് ബി എന്‍ റാവു എന്ന ബ്രാഹ്മണനാണ്. ഗുജറാത്ത് സ്പീക്കര്‍ രാജേന്ദ്ര ത്രിവേദി പറഞ്ഞു. അഹമ്മദാബാദില്‍ നടന്ന മെഗാ ബ്രാഹ്മിന്‍ ബിസിനസ്സ് ഉച്ചകോടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

60 രാഷ്ട്രങ്ങളുടെ ഭരണഘടന പഠിച്ചശേഷമാണ് ഇന്ത്യന്‍ ഭരണഘടനയുടെ കരട് രൂപം തയ്യാറാക്കിയതെന്ന് നിങ്ങള്‍ക്കറിയാമോ ?. കരട് രൂപം അംബേദ്കറിന്റെ മുമ്പാകെ അവതരിപ്പിച്ചത് ആരെന്ന് അറിയാമോ ?. ഭരണഘടനയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ അംബേദ്കറിന്റെ പേര് നാം വളരെ ബഹുമാനത്തോടെയാണ് കാണുന്നത്. എന്നാല്‍ ഭരണഘടനയുടെ കരട് രൂപം തയ്യാറാക്കിയത് ബെനഗല്‍ സര്‍സിങ് റാവു എന്ന ബ്രാഹ്മണനാണ്. രാജേന്ദ്ര ത്രിവേദി പറഞ്ഞു.

ഇക്കാര്യം അംബേദ്കര്‍ തന്നെ പറഞ്ഞിട്ടുണ്ട്. 1949 നവംബര്‍ 25 ന് കോൺസ്റ്റിറ്റ്യൂവന്റ് അസംബ്ലിയില്‍ നടത്തിയ പ്രസംഗത്തില്‍ ബി എന്‍ റാവുവിന്റെ കാര്യം അംബേദ്കര്‍ സമ്മതിച്ചിട്ടുണ്ട്. എനിക്ക് കിട്ടുന്ന ആദരവിന് ശരിക്കും അര്‍ഹതപ്പെട്ടത് റാവുവാണെന്നാണ് അംബേദ്കര്‍ പറഞ്ഞത്. അതില്‍ നമുക്ക് അംബേദ്കറോട് ബഹുമാനമുണ്ട്. മറ്റുള്ളവരെ ഉന്നതിയിലേക്ക് കൈപിടിച്ചുയര്‍ത്തുന്നതില്‍ എന്നും ബ്രാഹ്മണരുണ്ടെന്ന് ചരിത്രം വ്യക്തമാക്കുന്നു. അംബേദ്കറിനെ ഉയര്‍ത്തിയത് റാവുവാണ്. ത്രിവേദി പറഞ്ഞു.

നിങ്ങള്‍ക്കറിയുമോ ?. നൊബേല്‍ സമ്മാനം നേടിയ എട്ട് ഇന്ത്യക്കാരില്‍ ഏഴുപേരും ബ്രാഹ്മണരാണ്. ഒമ്പതാമത് ഒരാള്‍ക്ക് കൂടി നൊബേല്‍ സമ്മാനം ലഭിച്ചിരിക്കുന്നു. അതെ, സാമ്പത്തികശാസ്ത്രത്തിന് നൊബേല്‍ പുരസ്‌കാരം ലഭിച്ച അഭിജിത് ബാനര്‍ജിയും ബ്രാഹ്ണനാണ്. ഡല്‍ഹിയില്‍ കഴിഞ്ഞമാസം ഉണ്ടായ തീപിടിത്തത്തില്‍ 11 പേരെ രക്ഷപ്പെടുത്തിയ ഫയര്‍മാന്‍ രാജേഷ് ശുക്ലയും ബ്രാഹ്മണനാണ്. ഗുജറാത്ത് സ്പീക്കര്‍ രാജേന്ദ്ര ത്രിവേദി പറഞ്ഞു.

ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി കൂടി പങ്കെടുത്ത ചടങ്ങില്‍ വെച്ചായിരുന്നു ഗുജറാത്ത് സ്പീക്കര്‍ രാജേന്ദ്ര ത്രിവേദിയുടെ പ്രസ്താവന. രാജേന്ദ്രേ ത്രിവേദിയും ബ്രാഹ്മണസമുദായാംഗമാണ്.