സൂര്യനില്‍ നിന്ന് കേള്‍ക്കുന്നത് ഓം മന്ത്രം, കണ്ടെത്തിയത് നാസയെന്ന് കിരണ്‍ ബേദി; പ്രതികരണവുമായി സോഷ്യല്‍മീഡിയ

സൂര്യനില്‍ നിന്ന് കേള്‍ക്കുന്നത് ഓം മന്ത്രമെന്ന് അമേരിക്കയിലെ ബഹിരാകാശ ഏജന്‍സിയായ നാസ കണ്ടെത്തിയതായി പുതുച്ചേരി ഗവര്‍ണര്‍ കിരണ്‍ ബേദി
സൂര്യനില്‍ നിന്ന് കേള്‍ക്കുന്നത് ഓം മന്ത്രം, കണ്ടെത്തിയത് നാസയെന്ന് കിരണ്‍ ബേദി; പ്രതികരണവുമായി സോഷ്യല്‍മീഡിയ

ന്യൂഡല്‍ഹി: സൂര്യനില്‍ നിന്ന് കേള്‍ക്കുന്നത് ഓം മന്ത്രമെന്ന് അമേരിക്കയിലെ ബഹിരാകാശ ഏജന്‍സിയായ നാസ കണ്ടെത്തിയതായി പുതുച്ചേരി ഗവര്‍ണര്‍ കിരണ്‍ ബേദി. സൂര്യന്‍ ഓം മന്ത്രം ഉരുവിടുന്നു. ഇതിന്റെ ശബ്ദം നാസ റെക്കോര്‍ഡ് ചെയ്തതായി വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ച് കിരണ്‍ ബേദി പറയുന്നു. കിരണ്‍ ബേദിയുടെ ട്വീറ്റിനെതിരെ പരിഹാസവര്‍ഷമാണ് സോഷ്യല്‍മീഡിയയില്‍ നിറയുന്നത്.

സൂര്യന്റെയും ഓം മന്ത്രത്തിന്റെയും ഭഗവാന്‍ ശിവന്റെയും വിവിധ ചിത്രങ്ങള്‍ സഹിതമുളള വീഡിയോ സഹിതമാണ് കിരണ്‍ ബേദിയുടെ ട്വീറ്റ്. സൂര്യന്‍ ഓം മന്ത്രം ഉരുവിടുന്നുവെന്നും സൂര്യന്‍ മന്ത്രം ഉരുവിടുന്ന ശബ്ദം നാസ റെക്കോര്‍ഡ് ചെയ്തതായുമാണ് വീഡിയോയില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി കമന്റുകളാണ് സോഷ്യല്‍മീഡിയയില്‍ പ്രത്യക്ഷപ്പെട്ടത്.

'നിങ്ങള്‍ ബുദ്ധിജീവിയാണ് എന്നാണ് ഇതുവരെ ധരിച്ചിരുന്നത്, ഒരിക്കല്‍ നിങ്ങള്‍ ഞങ്ങളുടെയൊക്കെ ഹീറോയായിരുന്നു, ഇത്തരത്തില്‍ അധഃ പതിക്കുമോ?,' എന്നിങ്ങനെ പോകുന്നു പരിഹാസം. 'ദൈവമാണ് ഈ ശബ്ദം ആദ്യം കേട്ടത്, ഇതിന്റെ മുഴുവന്‍ ക്രെഡിറ്റും ദൈവത്തിന് ഉളളതാണ് എന്നൊന്നും പറയാതിരുന്നതിന് ദൈവത്തോട് നന്ദി പറയുന്നു, ഈ സഹസ്രാബ്ദത്തിലെ ഏറ്റവും വലിയ തമാശ, നിങ്ങളെ പോലെ വിദ്യാഭ്യാസമുളളവരെ ബിജെപിക്കാര്‍ വിജയകരമായി മാറ്റിമറിച്ചു, കിരണ്‍ ബേദിക്ക് സാക്ഷരതയുടെ കുറവ് ഉണ്ടെന്ന് വ്യക്തമാക്കുന്നതാണ് ഈ ട്വീറ്റ്' തുടങ്ങി നിരവധി കമന്റുകളാണ് ട്വീറ്റിന് താഴെ പ്രത്യക്ഷപ്പെടുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com