'കേന്ദ്രസര്‍ക്കാരിന് കേവലം മനുഷ്യത്വം പോലും ഇല്ലാതെ പോകുന്നത് നാണക്കേട്'; ചന്ദ്രശേഖര്‍ ആസാദിനെ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കണം: പ്രിയങ്ക ഗാന്ധി

ആരോഗ്യനില വഷളായ ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിനെ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി
'കേന്ദ്രസര്‍ക്കാരിന് കേവലം മനുഷ്യത്വം പോലും ഇല്ലാതെ പോകുന്നത് നാണക്കേട്'; ചന്ദ്രശേഖര്‍ ആസാദിനെ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കണം: പ്രിയങ്ക ഗാന്ധി

ന്യൂഡല്‍ഹി: ആരോഗ്യനില വഷളായ ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിനെ ഉടന്‍ എയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. ചന്ദ്രശേഖര്‍ ആസാദിനെ ജയിലില്‍ പിടിച്ചുനിര്‍ത്താന്‍ ഒരു ന്യായവും കാണുന്നില്ല. ആരോഗ്യനില മോശമായ ചന്ദ്രശേഖര്‍ ആസാദിന് മാത്രം വൈദ്യസഹായം നിഷേധിക്കുകയാണെന്നും പ്രിയങ്ക ഗാന്ധി ആരോപിച്ചു.

പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രക്ഷോഭത്തെ തുടര്‍ന്ന് തീഹാര്‍ ജയിലില്‍ റിമാന്റില്‍ കഴിയുന്ന ചന്ദ്രശേഖര്‍ ആസാദ് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടുന്നതായി ഭീം ആര്‍മി നേതാവിന്റെ ഡോക്ടര്‍ മുന്നറിയിപ്പ് നല്‍കിയത് വലിയ വാര്‍ത്തയായിരുന്നു. ഈ പശ്ചാത്തലത്തിലാണ് വിയോജിപ്പുകളെ അടിച്ചമര്‍ത്തുന്ന കേന്ദ്രസര്‍ക്കാര്‍ നയങ്ങളെ വിമര്‍ശിച്ച് കൊണ്ട് പ്രിയങ്ക ഗാന്ധി രംഗത്തുവന്നത്.

വിയോജിപ്പുകളെയും പ്രതിഷേധങ്ങളുടെ അടിച്ചമര്‍ത്തുന്ന കേന്ദ്രസര്‍ക്കാരിന്റെ നയങ്ങള്‍ ഭീരുത്വത്തിന്റെ തലത്തില്‍ എത്തിനില്‍ക്കുകയാണെന്ന് പ്രിയങ്ക കുറ്റപ്പെടുത്തി. സര്‍ക്കാരിന്റെ പ്രവൃത്തികളില്‍ അടിസ്ഥാനപരമായി ഉണ്ടായിരിക്കേണ്ട മനുഷ്യത്വം പോലും ഇല്ലാതെ പോകുന്നത് നാണക്കേടാണെന്നും പ്രിയങ്ക ഗാന്ധി ട്വിറ്ററില്‍ കുറിച്ചു.

ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചില്ലായെങ്കില്‍ ചന്ദ്രശേഖര്‍ ആസാദിന് ഹൃദയാഘാതം വരെ ഉണ്ടായേക്കാമെന്നാണ് ഡോക്ടറുടെ മുന്നറിയിപ്പ്.
രക്തത്തില്‍ ചുവന്ന രക്താണുക്കള്‍ ക്രമാതീതമായി ഉണ്ടാകുന്ന അസുഖം ബാധിച്ച ചന്ദ്രശേഖര്‍ ആസാദിന് അടിയന്തര ചികിത്സ ഉറപ്പുവരുത്തണമെന്നും ഡോക്ടര്‍ ഹര്‍ജിത് സിങ് ഭാട്ടി മുന്നറിയിപ്പില്‍ പറയുന്നു.

പൗരത്വ ഭേദഗതിയ്‌ക്കെതിരായി ഡല്‍ഹി ജുമാ മസ്ജിദില്‍ സംഘടിപ്പിച്ച പ്രതിഷേധത്തിനിടെയാണ് ചന്ദ്രശേഖര്‍ ആസാദ് അറസ്റ്റിലാകുന്നത്.ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിടുന്ന ചന്ദ്രശേഖര്‍ ആസാദിന് ശരിയായ ചികിത്സ ലഭിച്ചില്ലെങ്കില്‍ ഹൃദയാഘാതം വരെ ഉണ്ടായേക്കാമെന്ന് ഹര്‍ജിത് സിങ് ഭാട്ടി പറയുന്നു. രക്തത്തിന്റെ ഘടന ക്രമപ്പെടുത്താന്‍ ക്രമാതീതമായി കാണപ്പെടുന്ന ചുവന്ന രക്താക്കളെ നീക്കം ചെയ്യുന്ന ഫ്‌ളെബോട്ടോമി ചികിത്സ ഉടന്‍ ചെയ്യണം. ആഴ്ചയില്‍ രണ്ടുതവണ ചന്ദ്രശേഖര്‍ ആസാദിന് രക്തം മാറ്റേണ്ടതുണ്ടെന്നും ഡോക്ടര്‍ വ്യക്തമാക്കി.

ഡല്‍ഹി എയിംസിലാണ് അദ്ദേഹത്തെ കഴിഞ്ഞ കുറെ നാളുകളുമായി ചികിത്സിച്ചുകൊണ്ടിരിക്കുന്നത്.തലവേദനയും തലകറക്കവും വയറുവേദനയും അനുഭവപ്പെടുന്നതായി ചന്ദ്രശേഖര്‍ ആസാദ് പറഞ്ഞതായും ഡോക്ടര്‍ അവകാശപ്പെടുന്നു. അടിയന്തര ചികിത്സ ലഭിച്ചില്ലായെങ്കില്‍ രക്തം കട്ട പിടിക്കാനും ഹൃദയാഘാതം സംഭവിക്കാനും സാധ്യതയുണ്ടെന്നും ഡോക്ടര്‍ മുന്നറിയിപ്പ് നല്‍കുന്നു. ചന്ദ്രശേഖര്‍ ആസാദിന് ചികിത്സ നല്‍കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും മികച്ച ചികിത്സയ്ക്കായി ഡല്‍ഹി എയിംസില്‍ പ്രവേശിപ്പിക്കണമെന്നും ഡോക്ടര്‍ ട്വിറ്ററിലൂടെ കേന്ദ്രമന്ത്രി അമിത് ഷായോട് ആവശ്യപ്പെട്ടു.

കഴിഞ്ഞ ഒന്നരവര്‍ഷമായി ഇദ്ദേഹം ചികിത്സയിലാണെന്ന് ഭീം ആര്‍മി വക്താവ് കുഷ് അംബേദ്ക്കര്‍വാദി പറയുന്നു. കഴിഞ്ഞ ദിവസം ഇക്കാര്യം ബോധ്യപ്പെടുത്താന്‍ ജയില്‍ അധികൃതരെ കണ്ടിരുന്നു.ഒരാഴ്ച മുന്‍പ് നിശ്ചയിച്ചിരുന്ന ഫ്‌ളെബോട്ടോമി ചികിത്സ മുടങ്ങിയിരിക്കുകയാണെന്നും വക്താവ് പറയുന്നു.

എന്നാല്‍ ചന്ദ്രശേഖര്‍ ആസാദ് പൂര്‍ണ ആരോഗ്യവാനാണ് എന്നാണ് ജയില്‍ അധികൃതര്‍ പറയുന്നത്.ജയില്‍ ഡോക്ടര്‍ പതിവായി നടത്തുന്ന മെഡിക്കല്‍ പരിശോധനയില്‍ ഇത്തരത്തിലുളള ആരോഗ്യപ്രശ്‌നങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നും ജയില്‍ അധികൃതര്‍ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com