അഞ്ച് പേരുടെ ജീവനെടുത്തു; പുള്ളിപ്പുലിയെ പിടിക്കാൻ ആനകൾ രം​ഗത്തിറങ്ങുന്നു

കരിമ്പ് പാടങ്ങളിലും മറ്റും പുള്ളിപ്പുലിയെ തിരഞ്ഞിറങ്ങാൻ പ്രത്യേകം പരിശീലനം ലഭിച്ച മൂന്ന് ആനകളെയാണ് ഇതിനായി ഉപയോഗിക്കുന്നത്
അഞ്ച് പേരുടെ ജീവനെടുത്തു; പുള്ളിപ്പുലിയെ പിടിക്കാൻ ആനകൾ രം​ഗത്തിറങ്ങുന്നു

ലഖ്നൗ: ഉത്തർപ്രദേശിലെ ബിജ്നോർ ജില്ലയിൽ ഇറങ്ങിയ പുള്ളിപ്പുലിയെ പിടിക്കാൻ അറ്റകൈ പ്രയോ​ഗവുമായി വനപാലകർ. അഞ്ച് പേരുടെ ജീവനെടുക്കുകയും 12 പേരെ ആക്രമിക്കുകയും ചെയ്ത പുലിയെ പിടിക്കാൻ ആനകളെയാണ് വനപാലകർ നിയോഗിച്ചത്.

കരിമ്പ് പാടങ്ങളിലും മറ്റും പുള്ളിപ്പുലിയെ തിരഞ്ഞിറങ്ങാൻ പ്രത്യേകം പരിശീലനം ലഭിച്ച മൂന്ന് ആനകളെയാണ് ഇതിനായി ഉപയോഗിക്കുന്നത്. ഇവയുടെ പുറത്തിരുന്ന് പുള്ളിപ്പുലിയെ മയക്കു വെടി വച്ച് വീഴ്ത്താനാണ് ഉദ്യോഗസ്ഥരുടെ പദ്ധതി.

അഹ്രവത് എന്ന സന്നദ്ധ സംഘടനയിൽ നിന്നാണ് പരിശീലനം നേടിയ ആനകളെ വാടകയ്ക്കെടുക്കുന്നതെന്ന് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ ആയ എം സെമ്മാരൻ പറഞ്ഞു. ആനപ്പുറത്തിരിക്കുന്ന ഉദ്യോഗസ്ഥരെ പുലി ആക്രമിക്കാൻ സാധ്യത കുറവായതിനാലാണ് ഈ മാർഗം സ്വീകരിക്കാൻ തയാറാകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മോഹാണ്ടിയ ഗ്രാമത്തിന്റെ പരിസരത്ത് കഴിഞ്ഞ എട്ട് ദിവസമായി പുലി ഇറങ്ങുന്നതായാണ് റിപ്പോർട്ടുകൾ. പുലിയെ കുടുക്കാനായി ഗ്രാമ പരിസരത്ത് ക്യാമറയും കൂടുകളും സ്ഥാപിച്ചിട്ടുണ്ട്. 

അതിനിടെ പുലിയുടെ ശല്യം രൂക്ഷമായ സാഹചര്യത്തിൽ വന പ്രദേശത്തു പ്രവർത്തിക്കുന്ന സ്കൂളുകൾ കൂടുതൽ സുരക്ഷിതമായ സ്ഥലത്തേക്ക് താത്കാലികമായി മാറ്റണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com