ആരോഗ്യനില വഷളായി; ചന്ദ്രശേഖര്‍ ആസാദിനെ ആശുപത്രിയിലേക്ക് മാറ്റി 

ആരോഗ്യനില മോശമായതിനെ തുടര്‍ന്നാണ് ഡല്‍ഹിയിലെ ദീന്‍ദയാല്‍ ഉപാധ്യയ ആശുപത്രിയിലേക്ക് മാറ്റിയത്
ആരോഗ്യനില വഷളായി; ചന്ദ്രശേഖര്‍ ആസാദിനെ ആശുപത്രിയിലേക്ക് മാറ്റി 


ന്യൂഡല്‍ഹി: പൗരത്വനിയമ ഭേദഗതിക്കെതിരെ പ്രതിഷേധിച്ചതിനെ തുടര്‍ന്ന് തിഹാര്‍ ജയിലില്‍ കഴിയുന്ന ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിനെ ആശുപത്രിയിലേക്ക് മാറ്റി. ആരോഗ്യനില മോശമായതിനെ തുടര്‍ന്നാണ് ഡല്‍ഹിയിലെ ദീന്‍ദയാല്‍ ഉപാധ്യയ ആശുപത്രിയിലേക്ക് മാറ്റിയത്. 

ആസാദിന് ചികിത്സ നിഷേധിക്കുന്ന നടപടിക്കെതിരെ പ്രിയങ്കാ ഗാന്ധി ഉള്‍പ്പടെ നിരവധി പ്രമുഖര്‍ രംഗത്തെത്തിയിരുന്നു. ഫ്‌ലെബോടൊമി ചികിത്സയുടെ ഭാഗമായി അസുഖബാധിതനായ ആസാദിന് രണ്ടാഴ്ചയിലൊരിക്കല്‍ രക്തം മാറ്റിവെക്കണമെന്ന് അദ്ദേഹത്തെ ചികിത്സിക്കുന്ന ഡോക്ടര്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ ഒരു വര്‍ഷമായി ആസാദ് തന്റെ ചികിത്സയിലാണെന്നും രണ്ടാഴ്ചയിലൊരിക്കല്‍ അദ്ദേഹത്തിന് രക്തം മാറ്റി വയ്‌ക്കേണ്ടതുണ്ടെന്നും എയിംസിലെ ഡോക്ടര്‍ ഹര്‍ജിത് സിങ് ഭട്ടിയാണ് വെളിപ്പെടുത്തിയത്. കൃത്യമായി ചികിത്സ ചെയ്തില്ലെങ്കില്‍ രക്തം കട്ട പിടിക്കുന്നതിനും ഹൃദയാഘാതം സംഭവിക്കുന്നതിനും സാധ്യതയുണ്ടെന്നുമായിരുന്നു അദ്ദേഹത്തിന്റെ വെളിപ്പെടുത്തല്‍.

എയിംസില്‍ ചികിത്സ ഉറപ്പാക്കാന്‍ അദ്ദേഹത്തെ അനുവദിക്കണമെന്ന് ഡോക്ടര്‍മാര്‍ അമിത്ഷായോട് ആവശ്യപ്പെട്ടിരുന്നു. പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിച്ചതിനാണ് ഡിസംബര്‍ 21 ന് ഡല്‍ഹി ജുമാ മസ്ജിദില്‍ നിന്ന്‌ ഭീം ആര്‍മി നേതാവായ ചന്ദ്രശേഖറിനെ അറസ്റ്റ് ചെയ്തത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com