'മൂക്ക് നീണ്ടത്, പോരാത്തതിന് വികൃതവും'; വിവാഹം വേണ്ടെന്ന് വച്ച് യുവതി, പെണ്‍കുട്ടിയെ വിശ്വസിച്ച് ലക്ഷങ്ങള്‍ ചെലവഴിച്ചുവെന്ന് പ്രതിശ്രുതവരന്‍, കേസ് 

പ്രതിശ്രുത വരന്റെ മൂക്ക് നീണ്ടതും വികൃതവുമാണെന്ന കാരണം പറഞ്ഞ് വിവാഹം വേണ്ടെന്ന് വെച്ച് യുവതി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ബംഗളൂരു: പ്രതിശ്രുത വരന്റെ മൂക്ക് നീണ്ടതും വികൃതവുമാണെന്ന കാരണം പറഞ്ഞ് വിവാഹം വേണ്ടെന്ന് വെച്ച് യുവതി. വിവാഹനിശ്ചയം കഴിഞ്ഞ് കല്യാണത്തിന് വേണ്ടിയുളള തയ്യാറെടുപ്പുകള്‍ തിരക്കിട്ട് നടത്തുന്നതിനിടെയാണ് യുവതി കല്യാണം വേണ്ടെന്ന് പറഞ്ഞത്. കല്യാണഹാള്‍ ബുക്ക് ചെയ്യുന്നത് ഉള്‍പ്പെടെയുളള കാര്യങ്ങള്‍ക്ക് ലക്ഷങ്ങള്‍ ചെലവഴിച്ചതായും യുവാവ് പറയുന്നു. യുവതിയെ കോടതി കയറ്റാനുളള നീക്കത്തിലാണ് യുവാവ്.

ബംഗളുരൂവിലാണ് സംഭവം. മാസങ്ങള്‍ക്ക് മുന്‍പ് മാട്രിമോണിയല്‍ വെബ്‌സൈറ്റ് വഴിയാണ് സോഫ്റ്റ് വെയര്‍ എന്‍ജിനീയറുമായി യുവതി പരിചയപ്പെടുന്നത്. ഓണ്‍ലൈനിലൂടെ ഇരുവരും തമ്മിലുളള ബന്ധം വളര്‍ന്നു. ഓഗസ്റ്റ് 13ന് ബംഗളൂരുവിലെ ഹോട്ടലില്‍ വച്ച് കണ്ടുമുട്ടിയ ഇരുവരും വിവാഹം ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. തുടര്‍ന്ന് ഇരുകുടുംബങ്ങളുടെയും സമ്മതത്തോടെ വിവാഹതീയതി നിശ്ചയിക്കുന്നത് ഉള്‍പ്പെടെയുളള നടപടികളുമായി മുന്നോട്ടുപോയി. ഇതിന്റെ അടിസ്ഥാനത്തില്‍ സെപ്റ്റംബര്‍ ഒന്‍പതിന് വിവാഹനിശ്ചയം നടത്തി.

വിവാഹനിശ്ചയം നടന്ന ദിവസം വിവാഹവേദി മാറ്റണമെന്ന് യുവതി പ്രതിശ്രുത വരന്റെ കുടുംബത്തോട് ആവശ്യപ്പെട്ടു. ബംഗളൂരുവില്‍ നിന്ന് വിവാഹവേദി തിരുപ്പതി ക്ഷേത്രത്തിലേക്ക് മാറ്റണമെന്നായിരുന്നു ആവശ്യം. പെണ്‍കുട്ടിയുടെ ആവശ്യം അംഗീകരിച്ച പ്രതിശ്രുത വരന്റെ കുടുംബം ആവശ്യമായ ക്രമീകരണങ്ങള്‍ ഒരുക്കുന്നതിനുളള തിരക്കില്‍ ഏര്‍പ്പെട്ടു. ഇതിനായി ലക്ഷങ്ങളാണ് ചെലവഴിച്ചത്.  കല്യാണത്തിന് ഏതാനും മാസങ്ങള്‍ മാത്രം അവശേഷിക്കേയാണ് യുവതി കല്യാണം വേണ്ടെന്ന് വച്ചതെന്ന് യുവാവിന്റെ പരാതിയില്‍ പറയുന്നു.

ജനുവരി 30ന് കല്യാണം നടത്താനാണ് തീരുമാനിച്ചത്. വിവാഹ നിശ്ചയം കഴിഞ്ഞ് ഉടനെ യുവതി ജോലിയുമായി ബന്ധപ്പെട്ട അമേരിക്കയിലേക്ക് പോയി. മുന്‍തീരുമാന പ്രകാരം സോഫ്റ്റ് വെയര്‍ എന്‍ജിനീയര്‍  തിരുപ്പതിയില്‍ പോകുകയും കല്യാണഹാളും മുറികളും ബുക്ക് ചെയ്യുകയും ചെയ്തു. ഇതിന് മാത്രമായി ലക്ഷങ്ങളാണ് ചെലവഴിച്ചത്. ഗിഫ്റ്റിനും വസ്ത്രങ്ങള്‍ക്കും മറ്റുമായി വീണ്ടുമൊരു നാലു ലക്ഷം രൂപ ചെലവഴിച്ചതായി യുവാവിന്റെ പരാതിയില്‍ പറയുന്നു.

കല്യാണത്തിന്റെ തിരക്കില്‍ മുന്നോട്ടുപോകുന്നതിനിടെയാണ് യുവതി കല്യാണം വേണ്ടെന്ന് വിളിച്ച് പറഞ്ഞതെന്ന് പരാതിയില്‍ പറയുന്നു. ഒക്ടോബറില്‍ പെണ്‍കുട്ടിയുടെ അച്ഛന്‍ ഇക്കാര്യം പ്രതിശ്രുത വരന്റെ കുടുംബത്തെ അറിയിക്കുകയായിരുന്നു. സോഫ്റ്റ്‌വെയര്‍ എന്‍ജിനീയര്‍ യുവതിയെ വിളിച്ച് കാര്യം അന്വേഷിച്ചു. അപ്പോള്‍ വ്യക്തിപരമായി അപമാനിച്ചതായി യുവാവ് പറയുന്നു. തന്റെ മൂക്ക് നീണ്ടതും വികൃതവുമാണെന്ന് പറഞ്ഞ് കളിയാക്കി. പ്ലാസ്റ്റിക് സര്‍ജറി നടത്താനും ആവശ്യപ്പെട്ടു. തുടര്‍ന്ന് വിളിക്കാന്‍ ശ്രമിച്ചപ്പോള്‍ യുവതി നമ്പര്‍ ബ്ലോക്ക്  ചെയ്തതായും യുവാവ് പറയുന്നു.

യുവാവിന്റെ പരാതിയില്‍ കേസെടുത്ത് അന്വേഷിക്കാന്‍ കോടതി പൊലീസിനോട് ആവശ്യപ്പെട്ടു. ഇതനുസരിച്ച് യുവതിയുടെയും യുവതിയുടെ അച്ഛന്റെയും സഹോദരിയുടെയും പേരില്‍ കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു. അതിനിടെ ആരോപണങ്ങള്‍ തെളിയിക്കാന്‍ പ്രതിശ്രുത വരനോട് പൊലീസ് ആവശ്യപ്പെട്ടിരിക്കുകയാണ്. എങ്കില്‍ മാത്രമേ കുറ്റപത്രം സമ്മര്‍പ്പിക്കുവെന്നും പൊലീസ് പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com