റോഡിലൂടെ നടന്നുപോകുന്നതിനിടെ അണ്ടര്‍ ഗ്രൗണ്ട് കേബിളില്‍ നിന്ന് ഷോക്കേറ്റു, തീ ആളിപടര്‍ന്ന യുവതിക്ക് ദാരുണാന്ത്യം

അണ്ടര്‍ ഗ്രൗണ്ട് ഇലക്ട്രിക് കേബിളില്‍ നിന്ന് വൈദ്യുതാഘാതമേറ്റതിന് തൊട്ടുപിന്നാലെ തീ ആളിപടര്‍ന്ന യുവതിക്ക് ദാരുണാന്ത്യം
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ചെന്നൈ: അണ്ടര്‍ ഗ്രൗണ്ട് ഇലക്ട്രിക് കേബിളില്‍ നിന്ന് വൈദ്യുതാഘാതമേറ്റതിന് തൊട്ടുപിന്നാലെ തീ ആളിപടര്‍ന്ന യുവതിക്ക് ദാരുണാന്ത്യം. ശരീരമാസകലം പൊളളലേറ്റ 38കാരിയെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണത്തിന് കീഴടങ്ങുകയായിരുന്നു. അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു.വൈദ്യുതി ചോര്‍ച്ചയെ കുറിച്ച് കേട്ടിട്ടില്ലെന്നും വിശദമായ അന്വേഷണത്തിന് ശേഷമേ അപകടകാരണം സംബന്ധിച്ച് വ്യക്തത ലഭിക്കൂ എന്നുമാണ് തമിഴ്‌നാട് ഊര്‍ജ വിതരണ കമ്പനിയുടെ നിലപാട്. 

ചെന്നൈയിലെ ചൂലേമെട് സ്ട്രീറ്റില്‍ കഴിഞ്ഞദിവസം രാത്രിയിലാണ് സംഭവം. സ്വകാര്യ കോളജിലെ ജീവനക്കാരിയായ ജെ ലീമ റോസ് പലചരക്ക് കടയില്‍ പോകുന്നതിനിടെയാണ് അപകടമുണ്ടായത്. ഇലക്ട്രിക് ജംഗ്ഷന്‍ ബോക്‌സ് കടക്കുന്നതിനിടെ ലീമയ്ക്ക് വൈദ്യുതാഘാതമേറ്റന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. ഒരു നിമിഷം മരവിച്ച് നിന്ന ലീമയെ ഒന്നാകെ പൊതിഞ്ഞ് തീ ആളി പടരുകയായിരുന്നു. അതിനിടെ ഉഗ്രമായ ശബ്ദം കേട്ടതായും നാട്ടുകാര്‍ പറയുന്നു. 

ഉടന്‍ നാട്ടുകാര്‍ ഓടിക്കൂടി പുതപ്പ് ഉപയോഗിച്ച് തീ അണച്ചു. തീ കണ്ട് നടുങ്ങിയ നാട്ടുകാരില്‍ പലരും പലവഴിക്കും ഓടിയതായും ഓടുന്നതിനിടെ വീണ് നിരവധിപ്പേര്‍ക്ക് നിസാര പരിക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്.  79 ശതമാനം പൊളളലേറ്റ ലീമ അല്‍പ്പദൂരം നടന്ന ശേഷം പലചരക്കു കടയില്‍ ഇരുന്നു. തുടര്‍ന്ന് മകനെയും ബന്ധുക്കളെയും വിവരം വിളിച്ചറിയിക്കുകയായിരുന്നു.പിന്നാലെ എത്തിയ ആംബുലന്‍സിലാണ് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.


തീ ഉണ്ടാകാനുളള കാരണം വ്യക്തമല്ല. ഇലക്ട്രിക് ജംഗ്ഷന്‍ ബോക്‌സില്‍ നിന്നുമാണ് തീ ഉണ്ടായതെന്നാണ് പ്രാഥമിക നിഗമനം. ഇടുങ്ങിയ സ്ട്രീറ്റിന്റെ അരികിലൂടെ ഒഴുകുന്ന അഴുക്കുചാലിന് സമീപം നിരവധി ഇലക്ട്രിക് ബോക്്‌സുകള്‍ ഉണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. നിരവധി തവണ ഇതില്‍ നിന്ന് പൊട്ടിത്തെറിയുടെ ശബ്ദം കേട്ടിട്ടുണ്ട്. പലപ്പോഴും ഇതില്‍ നിന്ന് തീ ഉയരുന്നത് കണ്ടിട്ടുണ്ടെന്നും നാട്ടുകാര്‍ പറയുന്നു. അണ്ടര്‍ ഗ്രൗണ്ട് കേബിളുകള്‍ ശരിയായ രീതിയില്‍ കുഴിച്ചുമൂടിയിട്ടില്ല. ഇതുസംബന്ധിച്ച് നിരവധി പരാതികള്‍ ഉയര്‍ന്നിട്ടും അധികൃതര്‍ നടപടി സ്വീകരിച്ചില്ലെന്നും നാട്ടുകാര്‍ ആരോപിക്കുന്നു. 

അണ്ടര്‍ഗ്രൗണ്ട് കേബിളില്‍ നിന്ന് വൈദ്യുതി ചോര്‍ച്ച ഉണ്ടാകാന്‍ ഒരു സാധ്യതയുമില്ലെന്ന് തമിഴ്‌നാട് ഊര്‍ജ വിതരണ കമ്പനി പറയുന്നു. വിശദമായി പരിശോധിക്കാന്‍ സിസിടിവി ദൃശ്യങ്ങള്‍  പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും കമ്പനി പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com