ജെഎന്‍യു അക്രമം : കേന്ദ്രസര്‍ക്കാര്‍ സമിതിയില്‍ നിന്നും ജെഎന്‍യു പ്രൊഫസര്‍ സി പി ചന്ദ്രശേഖര്‍ രാജിവെച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 07th January 2020 11:36 AM  |  

Last Updated: 07th January 2020 11:36 AM  |   A+A-   |  

 

ന്യൂഡല്‍ഹി: ജെഎന്‍യുവില്‍ കഴിഞ്ഞദിവസം രാത്രിയുണ്ടായ അക്രമങ്ങളിലും രാഷ്ട്രീയ ഇടപെടലുകളിലും പ്രതിഷേധിച്ച് കേന്ദ്ര സര്‍ക്കാര്‍ സമിതിയില്‍ നിന്ന് ജെഎന്‍യു പ്രഫസര്‍ രാജിവെച്ചു. പ്രൊഫസര്‍ സി പി ചന്ദ്രശേഖറാണ് സ്റ്റാറ്റിസ്റ്റിക്‌സ് മന്ത്രാലയത്തിന് കീഴിലുള്ള സ്റ്റാന്‍ഡിങ് കമ്മിറ്റിയില്‍ നിന്ന് രാജിവെച്ചത്. സാമ്പത്തിക വിവരങ്ങള്‍ അവലോകനം ചെയ്യുന്നതിനുളള കേന്ദ്ര സര്‍ക്കാര്‍ സമിതിയില്‍ നിന്നാണ് ചന്ദ്രശേഖര്‍ രാജിവെച്ചത്.

ജെഎന്‍യു അക്രമം സിസ്റ്റത്തിലുള്ള വിശ്വാസ്യത നഷ്ടപ്പെടുത്തി. നമ്മള്‍ മറ്റൊരു ലോകത്താണ് ജീവിക്കുന്നതെന്ന തോന്നലാണ് ഇതിലൂടെയുണ്ടായത്. വിശ്വാസം നഷ്ടപ്പെട്ട ഒരു സര്‍ക്കാരിനോടൊപ്പം പ്രവര്‍ത്തിക്കുക ബുദ്ധിമുട്ടാണെന്ന് രാജി നല്‍കിയശേഷം സി പി ചന്ദ്രശേഖര്‍ പറഞ്ഞു.

ഞാന്‍ താമസിക്കുന്ന ജെഎന്‍യുവിലെ നിലവിലെ സാഹചര്യം കണക്കിലെടുത്ത് ചൊവ്വാഴ്ച ചേരുന്ന കമ്മിറ്റി യോഗത്തില്‍ പങ്കെടുക്കുന്നില്ല. കൂടാതെ, ഈ സമിതിക്ക് സമീപകാലത്ത് ദുര്‍ബലപ്പെടുത്തിയിരുന്ന സ്റ്റാറ്റിസ്റ്റിക്കല്‍ സിസ്റ്റത്തിന്റെ വിശ്വാസ്യത പുനഃസ്ഥാപിക്കാന്‍ കഴിയുമെന്ന് തോന്നുന്നില്ലെന്നും ചന്ദ്രശേഖര്‍ രാജിക്കത്തില്‍ പറഞ്ഞു.

ശക്തമായതും വിശ്വസനീയവുമായ സ്ഥിതിവിവരക്കണക്ക്  കെട്ടിപ്പടുക്കുന്നതിനായി പ്രവര്‍ത്തിക്കാന്‍ വളരെയധികം ശ്രമിച്ചിട്ടുണ്ട്. രാഷ്ട്രീയ സമ്മര്‍ദ്ദങ്ങള്‍ ഇപ്പോള്‍ സമിതിയുടെ സ്വയംഭരണാധികാരം കുറച്ചത് നിര്‍ഭാഗ്യകരമാണ്, നന്നായി മുന്നോട്ട് പോയിരുന്ന  ഒരു സംവിധാനം ശക്തിപ്പെടുത്താനുള്ള ശ്രമങ്ങള്‍ അട്ടിമറിക്കപ്പെടുന്നു. ഈ സാഹചര്യങ്ങളില്‍ ഈ കമ്മിറ്റിയില്‍ തുടരാന്‍ കഴിയില്ലെന്നും ചന്ദ്രശേഖര്‍ രാജിക്കത്തില്‍ പറയുന്നു.