21കാരിയെ വിവാഹം കഴിച്ച പതിനേഴുകാരനെ ശിക്ഷിക്കാനാവുമോ? വിവാഹ നിയമത്തില്‍ വ്യക്തത വരുത്തി സുപ്രീം കോടതി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 07th January 2020 12:39 PM  |  

Last Updated: 07th January 2020 12:39 PM  |   A+A-   |  

Supreme-Court-of-India-min

 

ന്യൂഡല്‍ഹി: പ്രായപൂര്‍ത്തിയെത്തിയ സ്ത്രീയെ വിവാഹം കഴിച്ച ആണ്‍കുട്ടിയെ ശൈശവ വിവാഹ നിരോധന നിയമപ്രകാരം ശിക്ഷിക്കാനാവില്ലെന്ന് സുപ്രീം കോടതി. പ്രായപൂര്‍ത്തിയെത്താത്ത പെണ്‍കുട്ടികളെ സംരക്ഷിക്കുകയാണ് ശൈശവ വിവാഹ നിരോധന നിയമത്തിലെ ബന്ധപ്പെട്ട വകുപ്പുകളിലൂടെ ഉദ്ദേശിക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് മോഹന്‍ എം ശാന്തനഗൗഡരുടെ നേതൃത്വത്തിലുള്ള ബെഞ്ചിന്റെ വിധി.

ഇരുപത്തിയൊന്നു വയസുള്ളള സ്ത്രീയെ വിവാഹം കഴിച്ച പതിനേഴുകാരനെതിരെ നടപടിയെടുക്കാന്‍ നിര്‍ദേശിച്ചുകൊണ്ടുള്ള പഞ്ചാബ് ഹരിയാന ഹൈക്കോടതി വിധി റദ്ദാക്കിക്കൊണ്ടാണ് സുപ്രീം കോടതി ഉ്ത്തരവ്. ഇരുവര്‍ക്കും സംരക്ഷണം നല്‍കാന്‍ നേരത്തെ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് നിര്‍ദേശിച്ചിരുന്നു. അപ്പീലില്‍ ഇതു റദ്ദാക്കിയ ഡിവിഷന്‍ ബെഞ്ച് ശൈശവ വിവാഹ നിരോധന നിയമപ്രകാരം പതിനേഴുകാരനെതിരെ നടപടിയെടുക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു.

കുട്ടികളെ ശിക്ഷിക്കുകയല്ല ശൈശവ വിവാഹ നിരോധന നിയമത്തിന്റെ ലക്ഷ്യമെന്ന് സുപ്രീം കോടതി വിധിയില്‍ വ്യക്തമാക്കി. പതിനെട്ടു വയസിനു മുകളില്‍ പ്രായമുള്ള പുരുഷന്‍ പ്രായപൂര്‍ത്തിയെത്താത്ത പെണ്‍കുട്ടിയെ വിവാഹം കഴിച്ചാല്‍ രണ്ടു വര്‍ഷം വരെ തടവിനോ പിഴയോടു കൂടിയ തടവിനോ അര്‍ഹനാണ് എന്നാണ് ശൈശവ വിവാഹ നിരോധന നിയനം ഒന്‍പതാം വകുപ്പില്‍ പറയുന്നത്. മുതിര്‍ന്ന സ്ത്രീയെ വിവാഹം കഴിച്ച ആണ്‍കുട്ടിയെയോ ആണ്‍കുട്ടിയെ വിവാഹം കഴിച്ച മുതിര്‍ന്ന സ്ത്രീയെയോ ശിക്ഷിക്കാമെന്ന് നിയമം പറയുന്നില്ല. നമ്മുടേതു പോലുള്ള ഒരു സമൂഹത്തില്‍ വിവാഹത്തില്‍ പലപ്പോഴും കുടുംബങ്ങളാണ് തീരുമാനമെടുക്കുന്നത് എന്നതും പെണ്‍കുട്ടിക്ക് അതില്‍ അഭിപ്രായം പറയാന്‍ അവസരം ലഭിക്കാറില്ല എന്നതും കണക്കിലെടുത്താവാം നിയമം ഇത്തരത്തില്‍ നിര്‍മിച്ചതെന്ന് കോടതി വിശദീകരിച്ചു. 

പ്രായപൂര്‍ത്തിയെത്താത്ത പെണ്‍കുട്ടികളെ വിവാഹം കഴിക്കുന്ന പുരുഷന്മാരെ ശിക്ഷിക്കാന്‍ നിയമം വ്യവസ്ഥ ചെയ്തത് പെണ്‍കുട്ടികളെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തില്‍ ആണെന്നും കോടതി പറഞ്ഞു.