എഗ് റോള്‍, വെജ് റോള്‍, ഇഡ്ഡലി, വെജിറ്റബിള്‍ പുലാവ...; മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കുന്ന ഗഗന്‍യാന്‍ യാത്രികരുടെ 'ഭക്ഷണ മെനു' ഇങ്ങനെ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 07th January 2020 10:05 PM  |  

Last Updated: 07th January 2020 10:05 PM  |   A+A-   |  

 

ബംഗളൂരു: മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കുന്ന ഐഎസ്ആര്‍ഓയുടെ ഗഗന്‍യാന്‍ ദൗത്യത്തില്‍ പങ്കെടുക്കുന്ന ബഹിരാകാശ സഞ്ചാരികള്‍ക്കായുളള ഭക്ഷണത്തിന്റെ പട്ടിക തയ്യാറാക്കി. എഗ് റോള്‍, വെജ് റോള്‍, ഇഡ്ഡലി, വെജിറ്റബിള്‍ പുലാവ തുടങ്ങിയ ഭക്ഷണങ്ങളുടെ പട്ടികയാണ് ഡിഫന്‍സ് ഫുഡ് റിസര്‍ച്ച് ലബോറട്ടറി തയ്യാറാക്കിയത്.

ഭക്ഷണം ചൂടാക്കുന്നതിനുളള സംവിധാനവും കൊടുത്തുവിടും. ബഹിരാകാശത്ത് ഗുരുത്വാകര്‍ഷണം ഇല്ലാത്ത കാരണത്താല്‍, ദ്രവരൂപത്തിലുളള കുടിവെളളം,ജ്യൂസ് എന്നിവ കുടിയ്ക്കുന്നതിന് പ്രത്യേക കണ്ടെയ്‌നറുകളും വികസിപ്പിച്ചതായി ഡിഫന്‍സ് ഫുഡ് റിസര്‍ച്ച് ലബോറട്ടറി അറിയിച്ചു.

2022 പകുതിയോടെ മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കാനാണ് ഐഎസ്ആര്‍ഒ പദ്ധതിയിട്ടിരിക്കുന്നത്. ഗഗന്‍യാന്‍ പദ്ധതിയുടെ ഭാഗമായി ഇന്ത്യന്‍ വ്യോമസേനയുടെ നാലു പൈലറ്റുമാരെ ഐഎസ്ആര്‍ഒ കണ്ടെത്തിയിട്ടുണ്ട്. ബഹിരാകാശ സഞ്ചാരികള്‍ ആകാന്‍ പോകുന്ന ഇവര്‍ക്ക് ഐഎസ്ആര്‍ഒയാണ് പരിശീലനം നല്‍കുന്നത്.