എയര്‍ ഇന്ത്യയുടെ സ്വകാര്യവത്കരണം യാഥാര്‍ത്ഥ്യത്തിലേക്ക്, മന്ത്രിസഭാ സമിതിയുടെ അനുമതി; താത്പര്യപത്രം ക്ഷണിക്കാന്‍ തീരുമാനം

പ്രതിസന്ധി നേരിടുന്ന എയര്‍ ഇന്ത്യ വില്‍ക്കാനുള്ള ശ്രമം വിജയിച്ചില്ലെങ്കില്‍ ആറുമാസത്തിനുള്ളില്‍ പൂട്ടിയേക്കുമെന്ന തരത്തില്‍ കഴിഞ്ഞദിവസം റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു
എയര്‍ ഇന്ത്യയുടെ സ്വകാര്യവത്കരണം യാഥാര്‍ത്ഥ്യത്തിലേക്ക്, മന്ത്രിസഭാ സമിതിയുടെ അനുമതി; താത്പര്യപത്രം ക്ഷണിക്കാന്‍ തീരുമാനം

ന്യൂഡല്‍ഹി: നഷ്ടത്തിലോടുന്ന പൊതുമേഖല വിമാനക്കമ്പനിയായ എയര്‍ഇന്ത്യയുടെ സ്വകാര്യവത്കരണം യാഥാര്‍ത്ഥ്യത്തിലേക്ക്. എയര്‍ഇന്ത്യയുടെ ഓഹരിവിറ്റഴിക്കാന്‍ ഉടന്‍ താത്പര്യപത്രം ക്ഷണിക്കും. എയര്‍ഇന്ത്യയുടെ ഓഹരിവിറ്റഴിക്കുന്നതിന്റെ ഭാഗമായുളള ഈ നടപടിക്ക് ആഭ്യന്തരമന്ത്രി അമിത് ഷാ അധ്യക്ഷനായുളള മന്ത്രിതല സമിതി അനുമതി നല്‍കി.

പ്രതിസന്ധി നേരിടുന്ന എയര്‍ ഇന്ത്യ വില്‍ക്കാനുള്ള ശ്രമം വിജയിച്ചില്ലെങ്കില്‍ ആറുമാസത്തിനുള്ളില്‍ പൂട്ടിയേക്കുമെന്ന തരത്തില്‍ കഴിഞ്ഞദിവസം റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. വിമാന കമ്പനിയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ പിടിഐയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

ജൂണ്‍ അവസനാനത്തോടുകൂടി പൂട്ടിയേക്കാം എന്നാണ് റിപ്പോര്‍ട്ട്. സ്വകാര്യവല്‍ക്കരിച്ചില്ലെങ്കില്‍ എയര്‍ ഇന്ത്യ പ്രവര്‍ത്തനം അവസാനിപ്പിക്കേണ്ടി വരുമെന്ന് വ്യോമയാന മന്ത്രി ഹര്‍ദീപ് സിങ് പുരി മുന്‍പ് പറഞ്ഞിട്ടുണ്ട്. പൊതുമേഖല സ്ഥാപനമായ എയര്‍ ഇന്ത്യ സ്വകാര്യവല്‍കരിക്കുന്നതിനെക്കുറിച്ച് പാര്‍ലമെന്റില്‍ ഉയര്‍ന്ന ചോദ്യത്തിന് മറുപടി പറയവേയായിരുന്നു മന്ത്രി ഇക്കാര്യം പറഞ്ഞത്.

എയര്‍ഇന്ത്യ വാങ്ങുന്നതിന് സ്വകാര്യ കമ്പനികള്‍ക്ക് ലേലം വിളിക്കുന്നതിനുള്ള അപേക്ഷകള്‍ പൂര്‍ത്തിയാക്കുന്നതിന്റെ അവസാന ഘട്ടത്തിലാണ് കേന്ദ്രസര്‍ക്കാര്‍. പക്ഷേ വിമാന കമ്പനി വാങ്ങുന്നതിന് താത്പര്യം പ്രകടിപ്പിച്ച് ഇതുവരെ ആരും രംഗത്ത് വന്നിട്ടില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍.

കഴിഞ്ഞ വര്‍ഷം എയര്‍ ഇന്ത്യയുടെ 76 ശതമാനം ഓഹരി വില്‍ക്കാന്‍ തീരുമാനിച്ചെങ്കിലും വാങ്ങാന്‍ ആവശ്യക്കാരെ ലഭിച്ചിരുന്നില്ല. അതിനാലാണ് ഇത്തവണ ചില നിബന്ധനകള്‍ പുനഃപരിശോധിച്ച് മുഴുവന്‍ ഓഹരിയും വില്‍ക്കാന്‍ തീരുമാനിച്ചത്. എയര്‍ ഇന്ത്യ സ്വകാര്യവത്കരിക്കുന്നതിന് എതിരെ കടുത്ത പ്രതിഷേധങ്ങള്‍ ഉയരുന്നുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com