ജെഎന്‍യു അക്രമത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഹിന്ദു രക്ഷാദള്‍; മറ്റു സര്‍വകലാശാലകളെയും ആക്രമിക്കുമെന്ന് ഭീഷണി(വീഡിയോ)

ജെഎന്‍യുവില്‍ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും നേരെ നടന്ന ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് തീവ്ര ഹിന്ദുത്വ സംഘടന ഹിന്ദു രക്ഷാദള്‍.
ജെഎന്‍യു അക്രമത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഹിന്ദു രക്ഷാദള്‍; മറ്റു സര്‍വകലാശാലകളെയും ആക്രമിക്കുമെന്ന് ഭീഷണി(വീഡിയോ)

ന്യൂഡല്‍ഹി: ജെഎന്‍യുവില്‍ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും നേരെ നടന്ന ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് തീവ്ര ഹിന്ദുത്വ സംഘടന ഹിന്ദു രക്ഷാദള്‍. തങ്ങളുടെ  പ്രവര്‍ത്തകരാണ് ക്യാമ്പസിനുള്ളില്‍ അതിക്രമിച്ച് കടന്ന് അക്രമം അഴിച്ചുവിട്ടതെന്ന് സംഘടനയുടെ നേതാവ് ഭൂപേന്ദ്ര തോമര്‍ പുറത്തുവിട്ട വീഡിയോയില്‍ പറയുന്നു.

'ജെഎന്‍യു കമ്മ്യൂണിസ്റ്റുകളുടെ താവളമാണ്. അത്തരത്തിലൊരു താവളം ഞങ്ങള്‍ അനുവദിക്കില്ല. അവര്‍ ഞങ്ങളുടെ മതത്തേയും രാജ്യത്തേയും അപമാനിക്കുകയാണ്.  ഞങ്ങളുടെ മതത്തിന് എതിരായ അവരുടെ നിലപാട് ദേശവിരുദ്ധമാണ്. ദേശ വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടാല്‍ മറ്റു സര്‍വകലാശാലകളിലും സമാനരീതിയിലുള്ള അക്രമമുണ്ടാകും- ഒരു മിനിറ്റ് 50സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ തോമര്‍ പറയുന്നു.

ഈ രാജ്യത്ത് ജീവിച്ച്, ഭക്ഷണം കഴിച്ച്, വിദ്യാഭ്യാസം നേടി അവര്‍ ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുകയാണ്. ജെഎന്‍യുവില്‍ അക്രമം നടത്തിയ എല്ലാവരും ഞങ്ങളുടെ പ്രവര്‍ത്തകരാണ്. രാജ്യത്തിന് വേണ്ടി ജീവന്‍ നല്‍കാന്‍ പോലും ഞങ്ങള്‍ ഒരുക്കമാണ്.- വീഡിയോയില്‍ പറയുന്നു.

ഞായറാഴ്ച വൈകുന്നേരമാണ് ഒരുവിഭാഗം മുഖംൂടി ധാരികള്‍ ക്യാമ്പസിനുള്ളില്‍ പ്രവേശിച്ച് അക്രമം അഴിച്ചുവിട്ടത്. എബിവിപിയാണ് അക്രമത്തിന് പിന്നിലെന്നാണ് വിദ്യാര്‍ത്ഥികളും അധ്യാപകരും ആരോപിക്കുന്നത്. അക്രമത്തില്‍ 34ഓളം പേര്‍ക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്. വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ് ഐഷി ഘോഷിന്റെ തല അക്രമികള്‍ അടിച്ചുപൊട്ടിച്ചിരുന്നു. ക്യാമ്പസിനുള്ളില്‍ നടന്ന അക്രമത്തിന് എതിരെ രാജ്യമെമ്പാടും കടുത്ത പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തിലാണ് അക്രമം ഇനിയും ആവര്‍ത്തിക്കും എന്ന് ഭീഷണിപ്പെടുത്തി ഹിന്ദു രക്ഷാ ദള്‍ രംഗത്ത് വന്നിരിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com