നരിമാനും ചന്ദ്രചൂഢും ഇന്ദു മല്‍ഹോത്രയും ഇല്ല; ശബരിമലക്കേസില്‍ 9 അംഗബെഞ്ച് രൂപികരിച്ചു

ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഒമ്പതംഗ ബഞ്ചില്‍ ആര്‍ ഭാനുമതി, അശോക് ഭൂഷണ്‍, നാഗേശ്വര്‍ റാവു, എം ശാന്തനഗൗഡര്‍, ബിആര്‍ ഗവായ്, എസ് അബ്ദുള്‍ നസീര്‍, ആര്‍ സുഭാഷ് റെഡ്ഡി, സൂര്യകാന്ത് എന്നിവരാണ്  മറ്റ് അംഗങ്ങൾ
നരിമാനും ചന്ദ്രചൂഢും ഇന്ദു മല്‍ഹോത്രയും ഇല്ല; ശബരിമലക്കേസില്‍ 9 അംഗബെഞ്ച് രൂപികരിച്ചു

ന്യൂഡല്‍ഹി:ശബരിമല പുനപരിശോധന ഹര്‍ജികള്‍ പരിഗണിക്കുന്നതിനുള്ള വിശാല ബഞ്ച് സുപ്രീംകോടതി രൂപീകരിച്ചു. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഒമ്പതംഗ ബഞ്ചായിരിക്കും കേസ് പരിഗണിക്കുക. അതേസമയം 2018ല്‍ ശബരിമലയില്‍ യുവതി പ്രവേശനം അനുവദിച്ച് വിധി പുറപ്പെടുവിച്ച ബഞ്ചില്‍ അംഗങ്ങളായിരുന്ന ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഢ്, ഇന്ദു മല്‍ഹോത്ര, ആര്‍എഫ് നരിമാന്‍ എന്നിവര്‍ വിശാല ബഞ്ചിലില്ല.

ജസ്റ്റിസുമാരായ ആര്‍ ഭാനുമതി, അശോക് ഭൂഷണ്‍, നാഗേശ്വര്‍ റാവു, എം ശാന്തനഗൗഡര്‍, ബിആര്‍ ഗവായ്, എസ് അബ്ദുള്‍ നസീര്‍, ആര്‍ സുഭാഷ് റെഡ്ഡി, സൂര്യകാന്ത് എന്നിവരാണ് ബെഞ്ചിലെ മറ്റ് അംഗങ്ങൾ. ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട പുനഃപരിശോധന ഹര്‍ജികള്‍ സുപ്രീംകോടതി ജനുവരി 13നാണു പരിഗണിക്കുന്നത്.

നേരത്തെ വിശ്വാസവുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ മാത്രമായിരുന്നു ഭരണഘടനാ ബഞ്ച് വിശാല ബഞ്ചിന് വിട്ടത്. പിന്നീട് യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട പുഃനപരിശോധന ഹര്‍ജികളും സുപ്രീം കോടതിയുടെ വിശാല ബഞ്ച് പരിഗണിക്കാന്‍ കോടതി തീരുമാനിക്കുകയായിരുന്നു.

കക്ഷികളോട് നാലു സെറ്റ് രേഖകള്‍ കൂടി ഹാജരാക്കാന്‍ സുപ്രീം കോടതി നേരത്തെ ആവശ്യപ്പെട്ടിരുന്നു. എത്രയും വേഗം രേഖകള്‍ കൈമാറാനായിരുന്നു നോട്ടീസിലെ നിര്‍ദേശം. നവംബര്‍ 14ന് ശബരിമല യുവതീപ്രവേശ വിധിക്കെതിരെയുള്ള പുനഃപരിശോധനാ ഹര്‍ജികളും റിട്ട് ഹര്‍ജികളും സുപ്രീം കോടതി തീരുമാനം പറയാതെ മാറ്റിവച്ചിരുന്നു. 2018 സെപ്റ്റംബര്‍ 28ന് ഭരണഘടനാ ബഞ്ച് നല്‍കിയ വിധി സ്‌റ്റേ ചെയ്യാതെയായിരുന്നു സുപ്രീംകോടതി തീരുമാനം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com