നിയമ നടപടികള്‍ക്ക് 14 ദിവസം, തിരുത്തല്‍ ഹര്‍ജിയും ദയാഹര്‍ജിയും നല്‍കാം; നിര്‍ഭയ വധശിക്ഷ ഇനിയും നീളുമോ?

നിയമ നടപടികള്‍ക്ക് 14 ദിവസം, തിരുത്തല്‍ ഹര്‍ജിയും ദയാഹര്‍ജിയും നല്‍കാം; നിര്‍ഭയ വധശിക്ഷ ഇനിയും നീളുമോ?
നിയമ നടപടികള്‍ക്ക് 14 ദിവസം, തിരുത്തല്‍ ഹര്‍ജിയും ദയാഹര്‍ജിയും നല്‍കാം; നിര്‍ഭയ വധശിക്ഷ ഇനിയും നീളുമോ?

ന്യൂഡല്‍ഹി: നിര്‍ഭയ കേസിലെ പ്രതികള്‍ക്ക് വധശിക്ഷ ഒഴിവാക്കുന്നതിനുള്ള നിയമപരമായ മാര്‍ഗങ്ങള്‍ സ്വീകരിക്കാന്‍ 14 ദിവസമുണ്ടെന്ന് പാട്യാലാ ഹൗസ് കോടതി. തിരുത്തല്‍ ഹര്‍ജി, ദയാഹര്‍ജി ഉള്‍പ്പെടെയുള്ള മാര്‍ഗങ്ങള്‍ ഈ കാലയളവില്‍ സ്വീകരിക്കാമെന്നു വ്യക്തമാക്കിക്കൊണ്ടാണ് കോടതി പ്രതികളുടെ മരണവാറണ്ട് പുറപ്പെടുവിച്ചത്. 

വധശിക്ഷയ്‌ക്കെതിരെ തിരുത്തല്‍ ഹര്‍ജി നല്‍കാന്‍ പ്രതികള്‍ ആഗ്രഹിക്കുന്നുണ്ടെന്ന് അമിക്കസ് ക്യൂറി വൃന്ദാ ഗ്രോവര്‍ കോടതിയെ അറിയിച്ചിരുന്നു. ഇതു കണക്കിലെടുത്താണ് അഡീഷനല് സെഷന്‍സ് ജഡ്ജി സതീഷ് അറോറയുടെ നിര്‍ദേശം. എത്രയും വേഗം സുപ്രീം കോടതിയില്‍ തിരുത്തല്‍ ഹര്‍ജി നല്‍കുമെന്ന് പ്രതികളുടെ അഭിഭാഷകന്‍ എപി സിങ് അറിയിച്ചു. 

ഏഴു വര്‍ഷത്തിനു ശേഷമാണ്, രാജ്യത്തെ ഞെട്ടിച്ച നിര്‍ഭയ ബലാത്സംഗ, കൊലപാതക കേസില്‍ കുറ്റക്കാരെന്നു കണ്ടെത്തിയവരുടെ വധിശിക്ഷ നടപ്പാക്കുന്നതിന് കോടതി മരണ വാറണ്ട് പുറപ്പെടുവിച്ചത്. വധശിക്ഷ നീണ്ടുപോവുന്നതില്‍ ആശങ്ക അറിയിച്ച് നിര്‍ഭയയുടെ മാതാപിതാക്കള്‍ നടത്തിയ നിയമ പോരാട്ടത്തിന് ഒടുവിലാണ് കോടതിയുടെ ഇടപെടല്‍. 

കേസില്‍ കുറ്റക്കാരെന്നു കണ്ടെത്തിയ അക്ഷയ് സിങ്, പവന്‍ ഗുപ്ത, വിനയ് ശര്‍മ, മുകേഷ് സിങ് എന്നിവരുടെ വധശിക്ഷ 22ന് രാവിലെ ഏഴു മണിക്ക് നടപ്പാക്കണമെന്ന് അഡീഷനല്‍ സെഷന്‍സ് ജഡ്ജി ഉത്തരവിട്ടു. നിയമപരമായ നടപടികള്‍ക്ക് പ്രതികള്‍ക്ക് 14 ദിവസത്തെ സമയമുണ്ടെന്നും കോടതി വ്യക്തമാക്കി.

മാധ്യമ പ്രവര്‍ത്തകരെ ഒഴിവാക്കിയാണ് അഡീഷനല്‍ സെഷന്‍സ് ജവിധി പ്രസ്താവത്തിനു മുമ്പ് തിഹാര്‍ ജയിലില്‍ കഴിയുന്ന പ്രതികളുമായി കോടതി വിഡിയോ കോണ്‍ഫറന്‍സിങ് വഴി ആശയ വിനിമയം നടത്തി. തങ്ങള്‍ക്കെതിരെ മാധ്യമ വിചാരണയാണ് നടക്കുന്നതെന്ന് പ്രതി മുകേഷ് പരാതിപ്പെട്ടു.

വധശിക്ഷ വിധിച്ച ഉത്തരവിനെതിരെ തിരുത്തല്‍ ഹര്‍ജി നല്‍കാന്‍ മുകേഷും വിനയ് കുമാറും താത്പര്യം അറിയിച്ചിട്ടുണ്ടെന്ന് അമിക്കസ് ക്യൂറി വൃന്ദാ ഗ്രോവര്‍ നേരത്തെ കോടതിയെ അറിയിച്ചിരുന്നു. ഇതിനായി ചില രേഖകള്‍ കൂടി ആവശ്യമുണ്ടെന്നും അതുകൊണ്ടാണ് സമയം വൈകുന്നതെന്നും അവര്‍ അറിയിച്ചു. 

നിലവില്‍ ഒരു കോടതിയിലും പ്രതികളുടെ ഹര്‍ജികള്‍ പരിഗണനയില്‍ ഇല്ലെന്ന് പ്രോസിക്യൂട്ടര്‍ ചൂണ്ടിക്കാട്ടി. തിരുത്തല്‍ ഹര്‍ജി നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട് എന്നതിന്റെ പേരില്‍ മരണ വാറണ്ട് പുറപ്പെടുവിക്കുന്നത് നീട്ടിവയ്ക്കാനാവില്ലെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com