ബില്‍ അടയ്ക്കാന്‍ പണമില്ല, നവജാത ശിശുവിനെ 'പണയം' വെക്കാന്‍ ഡോക്ടര്‍; കുടിശ്ശിക നല്‍കി തിരികെ ചോദിച്ചപ്പോള്‍ ആട്ടിയോടിച്ചു

ആശുപത്രി ബില്‍ അടയ്ക്കാത്തതിന്റെ പേരില്‍ നവജാത ശിശുവിനെ 'പണയവസ്തു' എന്നപോലെ പിടിച്ചുവെച്ചതായി ദമ്പതികളുടെ പരാതി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ലക്‌നൗ: ആശുപത്രി ബില്‍ അടയ്ക്കാത്തതിന്റെ പേരില്‍ നവജാത ശിശുവിനെ 'പണയവസ്തു' എന്നപോലെ പിടിച്ചുവെച്ചതായി ദമ്പതികളുടെ പരാതി. പണം മുഴുവന്‍ തിരിച്ചടച്ച് കുട്ടിയെ ആവശ്യപ്പെട്ടപ്പോള്‍,തിരികെ നല്‍കാതെ ആട്ടിയോടിച്ചതായും ദമ്പതികള്‍ ആരോപിച്ചു. ദമ്പതികളുടെ പരാതിയില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

ഉത്തര്‍പ്രദേശില്‍ 2018 സെപ്റ്റംബറിലാണ് സംഭവം. ആണ്‍കുഞ്ഞിന്റെ പ്രസവവുമായി ബന്ധപ്പെട്ട് 40,000 രൂപയുടെ ആശുപത്രി ബില്ലാണ് ദമ്പതികള്‍ക്ക്് ലഭിച്ചത്. ബില്‍ തുക പൂര്‍ണമായി അടയ്ക്കാന്‍ പണമില്ലാതിരുന്ന തങ്ങളെ പ്രശ്‌നപരിഹാരത്തിന് എന്ന് പറഞ്ഞ് ഡോക്ടര്‍ സമീപിച്ചതായി ദമ്പതികള്‍ പറയുന്നു.

ആശുപത്രി ബില്ലിന്റെ കുടിശ്ശിക പൂര്‍ണമായി അടച്ചുതീര്‍ക്കുന്നതുവരെ കുട്ടി പണയവസ്തു എന്നപോലെ ഇവിടെ നില്‍ക്കട്ടെ എന്നാണ് ഡോക്ടര്‍ പറഞ്ഞത്. തുടര്‍ന്ന് ഘട്ടം ഘട്ടമായി കുടിശ്ശിക തുകയായ 30,000 രൂപ അടച്ചു. പിന്നീട് കുട്ടിയെ തിരികെ ചോദിച്ചപ്പോള്‍ ഡോക്ടര്‍ തങ്ങളെ ആട്ടിയോടിച്ചതായി ദമ്പതികള്‍ പറയുന്നു.

ദമ്പതികള്‍ നല്‍കിയ പരാതിയില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. അന്വേഷണത്തിന്റെ ഭാഗമായി ചോദ്യം ചെയ്തപ്പോള്‍, ദമ്പതികള്‍ മുസഫര്‍നഗറില്‍ കുട്ടിയെ   വിറ്റുവെന്നായിരുന്നു ഡോക്ടറുടെ വിശദീകരണമെന്ന് പൊലീസ് പറയുന്നു.എന്നാല്‍ ഈ ആരോപണം ദമ്പതികള്‍ നിഷേധിച്ചു.കുട്ടിയെ വിറ്റിട്ടുണ്ടെങ്കില്‍, കുറ്റക്കാര്‍ക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കുമെന്ന് എസിപി അനില്‍കുമാര്‍ സിങ് അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com